ന്യൂയോര്‍ക്ക്: പുലിറ്റ്സര്‍ പ്രൈസ് നേടിയ അമേരിക്കന്‍ ഡിജിറ്റല്‍ മീഡിയ കമ്പനിയായ ബസ്ഫീഡി(BuzzFeed)ന്റെ വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ടെക്ക് മേഖലയിലെ മാന്ദ്യവും ഓഹരി വിപണിയിലെ പ്രതിസന്ധിയും കണക്കിലെടുത്താണ് വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് സഹസ്ഥാപകനും സി.ഇ.ഒയുമായ ജോനാ പെരെറ്റി വ്യഴാഴ്ച സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അയച്ച മെമ്മോറാണ്ടത്തിലൂടെ അറിയിച്ചു.
ഇതിന്റെ ഭാഗമായി പ്രാഥമികമായി കമ്പനിയിലെ 15 ശതമാനത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മിന്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിള്‍ മുതല്‍ ഫേസ്ബുക്ക് വരെയുള്ളവയില്‍ നിന്നുള്ള ഡിജിറ്റല്‍ പരസ്യങ്ങള്‍ കുത്തനെ ഇടിഞ്ഞതാണ് കമ്പനിയുടെ അടച്ചുപൂട്ടലിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്താ വിഭാഗത്തിന് പുറമേ, കമ്പനിയുടെ ബിസിനസ്, ടെക്, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകളിലും പിരിച്ചുവിടലുകള്‍ നടക്കുമെന്ന് ജോനാ പെരെറ്റി ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പറഞ്ഞു.
‘ന്യൂസ് ഡിവിഷനില്‍ അമിത നിക്ഷേപം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം അവിടെ നിന്ന് ലഭിക്കാത്തതോടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. അടച്ചുപൂട്ടലില്‍ ഞാന്‍ ഭാഗികമായി തെറ്റുകാരനാണെന്ന് സമ്മതിക്കുന്നു,’ ജോനാ പെരെറ്റി പ്രസ്താവനയില്‍ പറഞ്ഞു.
2006ലാണ് ബസ്ഫീഡ് സ്ഥാപിതമാകുന്നത്. 2011 ലാണ് വാര്‍ത്താവിഭാഗമായ ബസ്ഫീഡ് ന്യൂസ് സ്ഥാപിക്കുന്നത്. വൈകാതെ തന്നെ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമരംഗത്ത് ശ്രദ്ധേയമായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ബസ്ഫീഡിന് സാധിച്ചു. സിന്‍ജിയാങ്ങിലെ മുസ്‌ലിങ്ങളെ ചൈനീസ് സര്‍ക്കാര്‍ തടങ്കലില്‍ വെച്ചതിനെ കുറിച്ചുള്ള കവറേജിനാണ് 2021ല്‍ പുലിറ്റ്സര്‍ പ്രൈസ് ലഭിക്കുന്നത്.
Content Highlight: BuzzFeed’s news section will be shut down