പറ്റ്‌ന: തൂക്കുകയര്‍ നിര്‍മ്മിക്കാന്‍ ബീഹാറിലെ ബക്‌സര്‍ ജില്ലാ ജയിലിന് ജയില്‍ വകുപ്പിന്റെ നിര്‍ദേശം. 2001 ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനുള്ള തൂക്കുകയര്‍ ഇവിടെയാണ് നിര്‍മിച്ചത്.
2013 ഫെബ്രുവരി 9 നായിരുന്നു അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. മനില റോപ്‌സ് എന്ന് അറിയപ്പെട്ടിരുന്ന തൂക്കു കയറുകള്‍ തയ്യാറാക്കുന്നതിന് പേരുകേട്ട ജയിലാണ് ബക്‌സര്‍ ജയില്‍.
10 തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഏതെല്ലാം ജയിലുകൡലേക്കാണ് ഇത്രയും കയറുകള്‍ ഒന്നിച്ചു കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ലെന്നുമാണ് ബക്‌സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് തൂക്കുകയര്‍ നിര്‍മിക്കാനുള്ള നിര്‍ദേശം ബക്‌സര്‍ ജയില്‍ സൂപ്രണ്ടിന് ലഭിക്കുന്നത്.
നിര്‍ഭയാ കേസിലെ നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയുടെ ദയാഹരജി തള്ളണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൂക്കുകയര്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും വരുന്നത്. കേസിലെ നാല് പ്രതികള്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചതാണ്. ഏഴോളം തടവുകാര്‍ നാല് ദിവസം എടുത്താണ് കയറുകള്‍ തയ്യാറാക്കുകയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേരത്തെ തൂക്കുകയറിനായി ഉപയോഗിക്കുന്ന കയറുകള്‍ പഞ്ചാബില്‍ നിന്നായിരുന്നു എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബക്‌സര്‍ ജയില്‍ മാത്രമാണ് കയറുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
വധശിക്ഷ നടപ്പാക്കേണ്ട സമയങ്ങള്‍ എപ്പോഴാണ് തീരുമാനിക്കപ്പെടുകയെന്ന് വ്യക്തമല്ലെന്നും അതുകൊണ്ട് നടപടിക്രമങ്ങള്‍ വൈകാതിരിക്കാന്‍ വേണ്ടിയാണ് നേരത്തെ തന്നെ കയറുകള്‍ തയ്യാറാക്കി വെക്കുന്നതെന്നുമാണ് ജയില്‍ ഐ.ജി മിതിലേഷ് മിശ്ര പറഞ്ഞത്.
ഏഴ് വര്‍ഷം പഴക്കമുള്ള നിര്‍ഭയ കേസ് ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ, ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും പ്രതിയുടെ ദയാ ഹരജി നിരസിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.