നീ അരികിലുണ്ടെങ്കില്‍ ഒരു ജീവിതം മുഴുവന്‍ തീ ചതുപ്പില്‍ ഞാന്‍ കഴിയും. നീ തലയാട്ടാന്‍ ഉണ്ടെങ്കില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഞാന്‍ പാടിക്കൊണ്ടിരിക്കാം, ആടിക്കൊണ്ടിരിക്കാം. നീ എന്റെ കൈകളില്‍ പിടിക്കാനുണ്ടെങ്കില്‍ കല്പാന്തകാലത്തോളം മണല്‍ച്ചുഴികളില്‍ ആണ്ടുകൊണ്ടിരിക്കാം. നീ എന്റെ അരികിലുണ്ടെങ്കില്‍ ഞാനൊരു കഷണം മേഘംപോലെ വര്‍ഷിച്ചവസാനിക്കാം. നീ അരികിലുണ്ടെങ്കില്‍, നരകംപോലും എനിക്കൊരു നേരമ്പോക്കായിരിക്കും…”
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
[share]
മറുപടി പറയാന്‍ ഹംപര്‍ഡിന്‍ക് കുറച്ചുസമയമെടുത്തു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.
ഹംപര്‍ഡിന്‍കായിരുന്നു പ്രധാനി. പ്രഭു ഒരു വെറും പാദദാസന്‍.
പക്ഷേ, ഫ്‌ളോറിനില്‍ റൂഗന്റെയത്ര സമര്‍ത്ഥനായി ആരുമുണ്ടായിരുന്നില്ല. ഒരു കണ്ടുപിടിത്തക്കാരന്‍ എന്ന നിലയില്‍ അയാള്‍ യന്ത്രത്തിന്റെ എല്ലാ കുറവുകളും പരിഹരിച്ചിരുന്നു. ഒരു ശില്പിയെന്ന നിലയില്‍ മരണത്തിന്റെ മൃഗശാലയുടെ എല്ലാ സുരക്ഷാസങ്കേതങ്ങളും അയാള്‍ ഉണ്ടാക്കിയതാണ്. മൃഗശാലയുടെ ഏക വാതില്‍ അഞ്ചാം തട്ടിലാക്കിയത് അയാളാണെന്ന കാര്യം നിഷേധിക്കാനാവില്ല.
രാജകുമാരന്റെ എല്ലാ വേട്ടകളിലും യുദ്ധങ്ങളിലും അയാളുടെ പിന്തുണയുണ്ടായിരുന്നു. അത്തരമൊരാളോട് “പുറത്തുപോ ചെക്കാ, എന്നെ ബുദ്ധിമുട്ടിക്കാതെ” എന്നെങ്ങനെ പറയും?
ഒടുവില്‍ അയാള്‍ പറയുകതന്നെ ചെയ്തു. “നോക്കൂ, യന്ത്രത്തിന്റെ എല്ലാ കുറ്റങ്ങളും പരിഹരിച്ചെന്നു കേട്ടതില്‍ സന്തോഷം. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നെനിക്കറിയാം. അതിന്റെ പ്രവര്‍ത്തനം കാണാന്‍ എനിക്ക് കൗതുകമുണ്ട്.
പക്ഷേ, ഞാനെങ്ങനെയാണ് പറയേണ്ടത്? ഞാന്‍ വല്ലാത്ത കുഴപ്പത്തിലാണ്. സല്‍ക്കാരങ്ങളും ആ പെണ്ണുമായുള്ള നശിച്ച കിന്നാരങ്ങളുംകൊണ്ടുമാത്രമല്ല. എനിക്കെന്തൊക്കെ ആലോചിക്കാനുണ്ട്. അഞ്ഞൂറാം വാര്‍ഷിക പരേഡ് എത്രനേരം വേണം, എവിടെ നിന്നാരംഭിക്കണം, ഏത് മാന്യന്‍ ഏത് മാന്യന്റെ മുന്നിലാണ് വരേണ്ടത്, ആരോടൊക്കെ സംസാരിക്കണം. എന്തൊക്കെ കാര്യങ്ങള്‍.
മാത്രമല്ല, എനിക്കൊരു ഭാര്യയെ കൊല്ലേണ്ടതുകൂടിയുണ്ട്. അതിനുശേഷം യുദ്ധം തുടങ്ങണം. ഞാനാകെ കുഴങ്ങി. അതുകൊണ്ട് നീ സ്വയം വെസ്റ്റ്‌ലിയുടെ മേല്‍ യന്ത്രം പ്രയോഗിക്കണം. എന്നിട്ടെങ്ങനെയുണ്ടെന്ന് എന്നോട് പറഞ്ഞാല്‍ മതി. സമയമുള്ളപ്പോള്‍ ഞാനും വരാം. അത് രസമായിരിക്കുമെന്നെനിക്കറിയാം. പക്ഷേ, എനിക്കിപ്പോള്‍ അല്‍പം സൈ്വര്യമാണ് വേണ്ടത്. എന്നോടൊന്നും തോന്നരുത്!”
“പുറത്തുപോ ചെക്കാ, എന്നെ ബുദ്ധിമുട്ടിക്കാതെ” എന്നെങ്ങനെ പറയും?
“ഒന്നും തോന്നുന്നില്ല.” റൂഗന്‍ പുഞ്ചിരിച്ചു. സത്യത്തില്‍ തോന്നിയതുമില്ല. വേദന ഒറ്റയ്ക്കാസ്വദിക്കുന്നതായിരുന്നു അയാള്‍ക്കേറെ ഇഷ്ടം. യാതനയുമായി ഒറ്റയ്ക്ക് സംവദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റുന്നു.
വാതിലില്‍ ഒരു മുട്ട്. ബട്ടര്‍കപ്പ് തലയകത്തേക്കു നീട്ടി. “എന്തെങ്കിലും അറിഞ്ഞോ?”
രാജകുമാരന്‍ മന്ദഹസിച്ചു. എന്നിട്ട് ദുഃഖത്തോടെ ഇല്ലെന്ന് തലയാട്ടി “തേനേ, എന്തെങ്കിലും കേട്ടാല്‍ ആ നിമിഷം അത് നിന്നെയറിയിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെ?”
“ഇനി പന്ത്രണ്ടു ദിവസമല്ലേയുള്ളൂ?”
“ധാരാളം, മനോഹരീ. നീ വിഷമിക്കേണ്ട.”
“ഞാന്‍ പോട്ടെ.”
“ഞാന്‍ ഭവതിയെ മുറിയിലെത്തിക്കാം.”
ബട്ടര്‍കപ്പ് തലയാട്ടി. ഇടനാഴികളിലൂടെ അവള്‍ അവളുടെ മുറിയിലേക്കു നടന്നു.
അടുത്തപേജില്‍ തുടരുന്നു
“ഗുഡ്‌നൈററ്”. അവള്‍ പെട്ടെന്നു പറഞ്ഞു. അച്ഛന്റെ കളത്തില്‍ അയാളന്നു വന്നതു മുതല്‍ പ്രഭു അടുത്തുവരുമ്പോഴൊക്കെ അവള്‍ ഭയപ്പെട്ടു.
“അവനെന്തായാലും വരും”. പ്രഭു പറഞ്ഞു. രാജകുമാരന്റെ എല്ലാ പരിപാടികളും ആദ്യമറിയുന്ന ആളാണ് റൂഗന്‍ എന്ന് ബട്ടര്‍കപ്പിനറിയാം.
“എനിക്ക് നിന്റെ വെസ്റ്റ്‌ലിയെ ശരിക്കറിയില്ല. പക്ഷേ, അവനെന്നെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു. തീ ചതുപ്പിലൂടെ കടന്നുപോന്നവന്‍, അവനേത് നരകത്തിലായാലും കല്യാണത്തിനു മുമ്പ് ഈ ഫ്‌ളോറിന്‍ കോട്ടയിലെത്തും.”
ബട്ടര്‍കപ്പ് തലയാട്ടുകമാത്രം ചെയ്തു.
റൂഗന്റെ ശബ്ദം ഒരു ഉരുക്കുകോട്ടപോലെ സാന്ദ്രമധുരമായി അവളുടെ മനസ്സില്‍ നിറഞ്ഞുകൊണ്ടിരുന്നു.
“അവന്‍ ബുദ്ധിമാനാണ്, ധീരനാണ്. അവന് കരയാനാവുമോ എന്ന് ഞാനതിശയിക്കുന്നു.”
“അവനൊരിക്കലും കരയില്ല.” മുറിയുടെ വാതില്‍ തുറന്നുകൊണ്ട് ബട്ടര്‍കപ്പ് പറഞ്ഞു.
“എന്തോ, ഒരുപക്ഷേ, തന്റെ പ്രിയപ്പെട്ടവളുടെ മരണത്തില്‍ അവന്‍ കരഞ്ഞേക്കാം.” അവള്‍ വാതിലടച്ചു.
എന്നിട്ടു ഏകാന്തതയില്‍ കിടക്കയ്ക്കരികില്‍ മുട്ടുകുത്തി നിന്നുകൊണ്ടവള്‍ കരഞ്ഞു. “പ്രിയാ, തിരിച്ചുവരൂ. എന്റെ ചിന്തകളില്‍ ഞാനെത്ര തവണ നിന്നോടു മാപ്പിരന്നു. എന്നിട്ടും നീ ഒരു വാക്കുപോലും ആരോടും ചൊല്ലി അയയ്ക്കുന്നില്ലല്ലോ.
വെസ്റ്റ്‌ലി, വെസ്റ്റ്‌ലി, വെസ്റ്റ്‌ലി… വെസ്റ്റ്‌ലി അവളെ നേടാന്‍ വേണ്ടി ഏഴു സമുദ്രങ്ങള്‍ക്ക് കുറുകെ പറന്നു പറന്നു പറന്നു വരുന്നു…
കളത്തിലായിരുന്നപ്പോള്‍ ഞാന്‍ കരുതി എനിക്കു നിന്നോട് പ്രേമമാണെന്ന്. പക്ഷേ, അതു പ്രേമമായിരുന്നില്ല. ഭ്രാന്തന്‍ കൊടുമുടിക്കു പിന്നില്‍ നിന്റെ മുഖം കണ്ടപ്പോള്‍ ഞാന്‍ കരുതി എനിക്ക് നിന്നോട് പ്രേമമാണെന്ന്, പക്ഷേ, അതും പ്രേമമായിരുന്നില്ല. അതൊരു തീവ്രമായ ഉന്മാദം മാത്രമായിരുന്നു. ഇപ്പോഴെനിക്കറിയാം. ഞാന്‍ നിന്നെ അത്യന്തം സ്‌നേഹിക്കുന്നുവെന്ന്. എന്റെ സ്‌നേഹം ജീവിതം മുഴുക്കെ തെളിയിക്കാന്‍ ഒരവസരം നീ എനിക്കു തരില്ലേ!
നീ അരികിലുണ്ടെങ്കില്‍ ഒരു ജീവിതം മുഴുവന്‍ തീ ചതുപ്പില്‍ ഞാന്‍ കഴിയും. നീ തലയാട്ടാന്‍ ഉണ്ടെങ്കില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഞാന്‍ പാടിക്കൊണ്ടിരിക്കാം, ആടിക്കൊണ്ടിരിക്കാം. നീ എന്റെ കൈകളില്‍ പിടിക്കാനുണ്ടെങ്കില്‍ കല്പാന്തകാലത്തോളം മണല്‍ച്ചുഴികളില്‍ ആണ്ടുകൊണ്ടിരിക്കാം. നീ എന്റെ അരികിലുണ്ടെങ്കില്‍ ഞാനൊരു കഷണം മേഘംപോലെ വര്‍ഷിച്ചവസാനിക്കാം. നീ അരികിലുണ്ടെങ്കില്‍, നരകംപോലും എനിക്കൊരു നേരമ്പോക്കായിരിക്കും…”
നിശ്ശബ്ദമായ വിനാഴികകള്‍ പറന്നുപോയ്‌ക്കൊണ്ടിരുന്നു. അവളീവിധം, ഇതേവിധം വെസ്റ്റ്‌ലിയെക്കുറിച്ചുതന്നെ ആലോചിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ മുപ്പത്തെട്ടു സായാഹ്നങ്ങളില്‍ അവളിതല്ലാതെ മറ്റെന്താണ് ചെയ്തത്. ഓരോ തവണയും അവളുടെ വ്യാകുലത വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവളുടെ ചിന്ത പവിത്രമായിക്കൊണ്ടിരുന്നു.
വെസ്റ്റ്‌ലി, വെസ്റ്റ്‌ലി, വെസ്റ്റ്‌ലി… വെസ്റ്റ്‌ലി അവളെ നേടാന്‍ വേണ്ടി ഏഴു സമുദ്രങ്ങള്‍ക്ക് കുറുകെ പറന്നു പറന്നു പറന്നു വരുന്നു…
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.