ബട്ടര്‍കപ്പ്: കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: നാല്‍പ്പത്തിനാല്‌
Discourse
ബട്ടര്‍കപ്പ്: കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: നാല്‍പ്പത്തിനാല്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 3:10 pm

ഹംപര്‍ഡിന്‍ക് ശരിക്കും അക്ഷമനാവുന്നുണ്ടായിരുന്നു. അയാളുടെ ആഹ്ലാദങ്ങളില്‍ വേദനിപ്പിച്ച് പതുക്കെപ്പതുക്കെ നശിപ്പിക്കലിന് അത്ര വലിയ സ്ഥാനമുണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ വെസ്റ്റ്‌ലിയെ തകര്‍ക്കുന്നതിലായിരുന്നു അയാള്‍ക്ക് കൂടുതല്‍ കൗതുകം

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: നാല്‍പ്പത്തിനാല്‌

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


[share]

[] തിരിച്ചെത്തിയപ്പോള്‍ തന്റെ ചേംബറിന്റെ പുറത്ത് വാടിയ മുഖവുമായി കാത്തുനില്ക്കുന്ന ബട്ടര്‍കപ്പിനെയാണ് രാജകുമാരന്‍ കണ്ടത്.

“ഇതാണെന്റെ കത്ത്. എനിക്കിത് ശരിക്കെഴുതാനാവുന്നില്ല.”

“അകത്തുവരൂ. നമുക്കൊരുപക്ഷേ നിന്നെ സഹായിക്കാനായേക്കും.” രാജകുമാരന്‍ മൃദുവായി പറഞ്ഞു. രാജകുമാരി തലേന്നിരുന്ന അതേ കസേരയില്‍ത്തന്നെ ഇരുന്നു.

“നീ വായിച്ചോളൂ. ഞാന്‍ കേള്‍ക്കാം.”

“വെസ്റ്റ്‌ലി, എന്റെ ഓമനേ, എന്റേത് മാത്രം, എനിക്കു മാത്രം, പ്രിയപ്പെട്ടവനേ, വരൂ, തിരിച്ചുവരൂ. അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോവും. – നിന്റെ വിനീതയായ ബട്ടര്‍കപ്പ്”

അവള്‍ തലയുയര്‍ത്തി രാജകുമാരന്റെ നേരെ നോക്കി. “ഞാന്‍ സ്വയം അവന്റെ ജീവിതത്തിലേക്ക് വലിഞ്ഞുകയറുന്നതുപോലെ തോന്നുന്നുണ്ടോ?”

“കുറച്ചധികമായെന്നു തോന്നുന്നു. എന്നാലും അവനത്രവേഗം ഒഴിഞ്ഞുമാറാനാവില്ല” -രാജകുമാരന്‍ സമ്മതിച്ചു.

“ഇതൊന്നു ശരിപ്പെടുത്തിയെടുക്കാന്‍ നിങ്ങളൊന്നു സഹായിക്കുമോ?”

“പ്രിയേ, എനിക്കു കഴിയുന്ന വിധത്തില്‍ ഞാന്‍ സഹായിക്കാം, അവനെക്കുറിച്ചെനിക്കെന്തെങ്കിലും അറിയുമായിരുന്നെങ്കില്‍ കുറച്ചുകൂടി സൗകര്യമായേനെ. നിന്റെ വെസ്റ്റ്‌ലി അത്രയ്ക്ക് ഭ്രമമുണ്ടാക്കുന്നവനാണോ?”

“അവന്റെ മഹത്വവുമായി തട്ടിച്ചാല്‍ അവനുളവാക്കുന്ന ഭ്രമം ഒന്നുമല്ല. ഒട്ടും കാപട്യമില്ലാത്തത്. അത്ഭുതകരമായ മഹത്ത്വം. കളങ്കമറ്റത്. വളരെ ഐഡിയല്‍.”

രാജകുമാരന്റെ മുഖത്തുറ്റുനോക്കിക്കൊണ്ടവള്‍ ചോദിച്ചു: “എന്റെ വിവരണം നിങ്ങളെ സഹായിക്കുന്നില്ലെ?”

“നിന്റെ വികാരങ്ങള്‍ നിന്റെ വിവരണം അല്പം അസ്പഷ്ടമാക്കുന്നു. അവന് ചെയ്യാന്‍ പറ്റാത്തതൊന്നുമില്ലെന്ന് നീ കരുതുന്നുണ്ടോ?”

തെല്ലിട ആലോചിച്ചതിനുശേഷം അവള്‍ പറഞ്ഞു: “അവന് ചെയ്യാന്‍ കഴിയാത്തതൊന്നുമില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ മറ്റാരേക്കാളും അവനതൊക്കെ ചെയ്യാനാവുമെന്നേ പറയുന്നുള്ളു.”

ഇപ്പോള്‍ വെസ്റ്റ്‌ലി ബട്ടര്‍കപ്പിനുവേണ്ടി മാത്രമാണ് ജീവിക്കുന്നത്. പക്ഷേ, മറ്റൊരു കാര്യം നിഷേധിക്കാനാവില്ല. അയാള്‍ക്കാവശ്യമായ സമയം…

മന്ദഹസിച്ചുകൊണ്ടു രാജകുമാരന്‍ പറഞ്ഞു: “മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഉദാഹരണത്തിന് വേട്ടയാടലില്‍ അവന്‍ എന്നെപ്പോലുള്ള ആളെ കടത്തിവെട്ടും, അല്ലേ?”

“ഓ, വേണമെങ്കിലവനത് എളുപ്പം നടത്തും. പക്ഷേ, അവനത് ഇഷ്ടമല്ല. എന്റെ അറിവില്‍ അവനത് ചെയ്യാറില്ല. ഒരുപക്ഷേ, അവനത് ചെയ്യുന്നുണ്ടാവാം.

എനിക്കതറിയില്ല. അവന് മലകയറ്റം ഇഷ്ടമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ഭ്രാന്തന്‍ കൊടുമുടി എത്ര പ്രതികൂലാവസ്ഥയിലാണവന്‍ തരണം ചെയ്തത്. എല്ലാവര്‍ക്കുമറിയാം ലോകത്തില്‍ അത്ര എളുപ്പമുള്ള കാര്യമല്ല അതെന്ന്.”

“ശരി, എങ്കില്‍ എന്തുകൊണ്ടു നമ്മുടെ കത്ത് “ദിവ്യനായ വെസ്റ്റ്‌ലി” എന്നാരംഭിച്ചുകൂടാ.”

ബട്ടര്‍കപ്പ് എഴുതാന്‍ തുടങ്ങി. എന്നാല്‍ അവള്‍ക്കൊരു സംശയം “ദി” എന്നാണോ അതല്ല “ദ്യി” എന്നാണോ എന്ന്.

“ദി” എന്നുതന്നെയാണ്. നീ ഒരസാധാരണജീവിതന്നെ.” ഒരു ചെറുചിരിയോടെ ഹംപര്‍ഡിന്‍ക് രാജകുമാരി കത്തെഴുതുന്നത് നോക്കിയിരുന്നു.

നാലു മണിക്കൂര്‍ കൊണ്ട് അവരാ കത്ത് എഴുതിത്തീര്‍ത്തു. “നിങ്ങളുടെ സഹായമില്ലെങ്കില്‍ എനിക്കിതെഴുതാന്‍ പറ്റില്ലായിരുന്നു.” അവളിടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

 

buter-cup-44

രാജകുമാരന്‍ വളരെ ഭവ്യതയോടെ ഇടയ്ക്കിടെ ചില ചില്ലറ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പുലരുന്നതിന് ഏറെ മുമ്പാണ് വെസ്റ്റ്‌ലിക്ക് ചെറുപ്പത്തില്‍ ചിലന്തികളെ പേടിയായിരുന്നുവെന്ന് രാജകുമാരന്‍ അറിഞ്ഞത്. ഒരു ചെറുചിരിയോടെയാണ് അവളത് പറഞ്ഞത്.

അന്ന് രാത്രി, അഞ്ചാംതട്ടിലെ കൂട്ടില്‍വെച്ച്, രാജകുമാരന്‍ വീണ്ടും തന്റെ പഴയ ചോദ്യം ആവര്‍ത്തിച്ചു. വെസ്റ്റ്‌ലി പഴയതുപോലെ മറുപടി പറഞ്ഞു: “ആരുമില്ല, ആരുമില്ല. ഞാനൊറ്റയ്ക്കാണ്.”

പിന്നെ പ്രഭു അന്ന് പകല്‍ മുഴുവനും അലഞ്ഞുനടന്നു.

സംഘടിപ്പിച്ച ചിലന്തികളെ ശ്രദ്ധാപൂര്‍വ്വം വെസ്റ്റ്‌ലിയുടെ ദേഹത്ത് വിതറി. വെസ്റ്റ്‌ലി കണ്ണുകള്‍ മുറുക്കെ അടച്ച് ദയയ്ക്കു വേണ്ടി കെഞ്ചിക്കൊണ്ടിരുന്നു.

ഒരു മണിക്കൂറിനുശേഷം രാജകുമാരനും പ്രഭുവും കൂട്ടില്‍നിന്ന് പിന്മാറി. ആല്‍ബിനോ ചിലന്തികളെ മെഴുകുതിരികൊണ്ട് പതുക്കെ കരിക്കാനും ശ്രദ്ധാപൂര്‍വ്വം വെസ്റ്റ്‌ലിയുടെ ശരീരത്തില്‍ നിന്നവയെ എടുത്തുമാറ്റാനുമായി അവിടെത്തന്നെ തങ്ങി. അല്ലെങ്കില്‍ അവ വല്ലാതെ വെസ്റ്റ്‌ലിയുടെ ശരീരം നിറയെ വിഷം കുത്തിനിറച്ചേനെ.

“അവന് ചെയ്യാന്‍ കഴിയാത്തതൊന്നുമില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ മറ്റാരേക്കാളും അവനതൊക്കെ ചെയ്യാനാവുമെന്നേ പറയുന്നുള്ളു.”

മുകളിലേക്ക് കോണി കയറിക്കൊണ്ടിരിക്കെ സംസാരിക്കാന്‍വേണ്ടി മാത്രം രാജകുമാരന്‍ വെറുതെ ഒരു ചോദ്യം: “കുറേക്കൂടി രസമാവുന്നുണ്ട്, ഇല്ലേ?”

പ്രഭു ഒന്നും പറയാതെ, വെറുതെ തലയാട്ടുക മാത്രം ചെയ്തു.

ഹംപര്‍ഡിന്‍ക് ശരിക്കും അക്ഷമനാവുന്നുണ്ടായിരുന്നു. അയാളുടെ ആഹ്ലാദങ്ങളില്‍ വേദനിപ്പിച്ച് പതുക്കെപ്പതുക്കെ നശിപ്പിക്കലിന് അത്ര വലിയ സ്ഥാനമുണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ വെസ്റ്റ്‌ലിയെ തകര്‍ക്കുന്നതിലായിരുന്നു അയാള്‍ക്ക് കൂടുതല്‍ കൗതുകം.

ഹംപര്‍ഡിന്‍കാണ് കുറേക്കൂടി നല്ല മനുഷ്യന്‍ എന്ന് ബട്ടര്‍കപ്പ് ഒന്നു സമ്മതിച്ചുതന്നിരുന്നെങ്കില്‍!

എന്നാലവളതു ചെയ്തില്ല! എന്തോ, അവളത് ചെയ്തില്ല! അവളെല്ലായ്‌പ്പോഴും വെസ്റ്റ്‌ലിയെക്കുറിച്ചുമാത്രം സംസാരിച്ചു. വെസ്റ്റ്‌ലിയുടെ വാര്‍ത്തകള്‍ മാത്രം ആരാഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. സല്‍കാരങ്ങള്‍ ഒന്നൊന്നായി കഴിഞ്ഞുകൊണ്ടിരുന്നു. ഫ്‌ളോറിനിലെ ജനം മുഴുവന്‍ അവരുടെ മഹാനായ വേട്ടക്കാരന്‍ രാജകുമാരന്‍ ശുദ്ധവും അത്ഭുതകരവുമായ ഒരു പ്രണയത്തിലകപ്പെടുന്ന കാഴ്ച കോള്‍മയിരോടെ കണ്ടുകൊണ്ടുനിന്നു.

എന്നാല്‍ അവരെപ്പോഴെങ്കിലും ഒറ്റയ്ക്കാവുമ്പോള്‍ പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു: “വെസ്റ്റ്‌ലി എവിടെയാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എന്താണിവനിത്ര താമസിക്കുന്നത്? അവന്‍ തിരിച്ചെത്തുന്നതുവരെ ഞാനെങ്ങനെ ജീവിക്കും?”

ഓരോ രാത്രിയും ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. വെസ്റ്റ്‌ലി അവരുടെ ഭ്രാന്തിനു മുന്‍പില്‍ ഞെളിയുകയും പിരിയുകയും ചെയ്തുകൊണ്ടിരുന്നു.

ഒടുക്കം രാജകുമാരനും പ്രഭുവും തിരിച്ചുപോരും. പ്രഭു നിശ്ശബ്ദനായിരുന്നു. താഴെ വെസ്റ്റ്‌ലിയുടെ മുറിവുകള്‍ തഴുകിക്കൊണ്ട് ആല്‍ബിനോ പറയും:  “അവരോട് എല്ലാം പറയൂ. ദയവുചെയ്ത്. നിന്നെ അവര്‍ വല്ലാതെ കഷ്ടപ്പെടുത്തും.”

വെസ്റ്റ്‌ലി പുഞ്ചിരി മറച്ചുവെക്കാന്‍ പാടുപെട്ടു. അയാള്‍ക്ക് ഒട്ടും വേദന തോന്നിയില്ല, ഒരിക്കല്‍ പോലും. അയാള്‍ കണ്ണുകള്‍ മുറുക്കെ ചിമ്മും. തലച്ചോറിനെ കയ്യിലെടുക്കും. അതായിരുന്നു രഹസ്യം!

അയാളുടെ പ്രതികാരത്തിന്റെ സമയം വരും.

ഇപ്പോള്‍ വെസ്റ്റ്‌ലി ബട്ടര്‍കപ്പിനുവേണ്ടി മാത്രമാണ് ജീവിക്കുന്നത്. പക്ഷേ, മറ്റൊരു കാര്യം നിഷേധിക്കാനാവില്ല. അയാള്‍ക്കാവശ്യമായ സമയം… അയാളുടെ സമയം.
തുടരും

ബാബു ഭരദ്വാജ്‌babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)william-goldman

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.