“ഇത്രയും കാലം നിനക്കൊരു വേദനയും ഉണ്ടായിട്ടില്ല. നീ നിന്റെ കണ്ണുകള്‍ ഉയര്‍ത്തുന്നു. കണ്‍പോളകള്‍ അടയ്ക്കുന്നു. പിന്നെ നിന്റെ മനസ്സ് മിക്കവാറും അവളുടെ കൂടെയായിരിക്കും. ഇന്ന് നല്ലവണ്ണം ഉറങ്ങിക്കോളൂ.” കൈവീശിക്കൊണ്ടയാള്‍ കോണിപ്പടികള്‍ കയറിപ്പോയി.
കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: നാല്‍പ്പത്തിയേഴ്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
വെസ്റ്റ്‌ലിയും അറിയാതെ തന്നെ തന്റെ സായാഹ്നങ്ങള്‍ ബട്ടര്‍കപ്പിന്റെ കൂടെ ചെലവഴിച്ചുകൊണ്ടിരുന്നു. പീഡനം നടത്തിക്കൊണ്ടിരിക്കെ, ആല്‍ബിനോ മുറിവുകള്‍ വെച്ചുകെട്ടുമ്പോള്‍, കൂടിന്റെ ഏകാന്തതയില്‍ സ്വയം നഷ്ടപ്പെട്ടുകൊണ്ട് വെസ്റ്റ്‌ലിയുടെ മനസ്സ് ബട്ടര്‍കപ്പിനെ തേടിയെത്തി.
വെസ്റ്റ്‌ലിക്ക് ബട്ടര്‍കപ്പിനെ എത്ര നന്നായറിയാം. പതിനെട്ടാം വയസ്സില്‍, കളത്തില്‍വെച്ച് അവള്‍ അവനോടു പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍,
അവനാ പ്രേമം അറിഞ്ഞിരുന്നു. ഹൃദയത്തിന്റെ ആഴങ്ങളെപ്പറ്റി അവള്‍ക്കെന്തറിയാം.
വീണ്ടും, മുഖംമൂടി മാറിക്കഴിഞ്ഞപ്പോള്‍, അവള്‍ ഉയരത്തില്‍ നിന്ന് തന്റെ മേല്‍ പതിക്കുമ്പോള്‍ അവനാ പ്രേമം അറിഞ്ഞിരുന്നു. സൂര്യന് കിഴക്കുതന്നെ ഉദിക്കണം. അതുപോലെ ബട്ടര്‍കപ്പിന് വെസ്റ്റ്‌ലിയെ സ്‌നേഹിക്കാതിരിക്കാന്‍ വയ്യ. ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും അധികാരങ്ങളും വെസ്റ്റ്‌ലിയുടെ ഹൃദയത്തിന്റെ ചൂടിന് തുല്യമാവില്ല. ചൂട് ബട്ടര്‍കപ്പിന്റെ ഹൃദയത്തേയും കുഴക്കും. സൂര്യനെപ്പോലെ അവള്‍ക്കും തിരഞ്ഞെടുക്കാന്‍ മറ്റൊന്നില്ല.
അതുകൊണ്ടുതന്നെ പ്രഭു യന്ത്രവുമായെത്തിയപ്പോള്‍ വെസ്റ്റ്‌ലി ഒട്ടും പരിഭ്രമിച്ചില്ല. യഥാര്‍ത്ഥത്തില്‍, പ്രഭു എന്താണ് കൊണ്ടുവരുന്നതെന്ന് വെസ്റ്റ്‌ലി അറിഞ്ഞതേയില്ല. സത്യം പറഞ്ഞാല്‍ പ്രഭുവല്ലല്ലോ കൊണ്ടുവന്നത്, ആല്‍ബിനോയല്ലെ.
അതൊരു വെറും ഉപകരണമായേ വെസ്റ്റ്‌ലിക്ക് തോന്നിയുള്ളൂ. കൂട്ടിയിണക്കിയ ചെറിയ, പല വലിപ്പത്തിലുള്ള കപ്പുകള്‍, ഒരു വലിയ ചക്രം, ഒരു ലിവര്‍ പോലെയോ വടിപോലെയോ അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ പറ്റുന്ന മറ്റൊരു സാധനം. ഇത്രമാത്രം.
“നിനക്ക് നല്ല ആഹ്ലാദം നിറഞ്ഞ, സായംകാലം ആശംസിക്കുന്നു”. പ്രഭു ആരംഭിച്ചു. വെസ്റ്റ്‌ലി പ്രഭുവിനെ ഇത്ര സന്തുഷ്ടനായി ഒരിക്കലും കണ്ടിട്ടില്ല. വെസ്റ്റ്‌ലി വെറുതെ ഒന്നു തലയാട്ടുക മാത്രം ചെയ്തു.
“കാലാവസ്ഥ അല്പം മോശം, അല്ലേ?”
വെസ്റ്റ്‌ലി വെറുതെ തലയാട്ടി.
ആല്‍ബിനോ തിരക്കിട്ട് കയറിയും ഇറങ്ങിയുംകൊണ്ടിരുന്നു. അയാള്‍ കൂടുതല്‍ക്കൂടുതല്‍ സാധനങ്ങള്‍ കൂട്ടിലെത്തിച്ചുകൊണ്ടിരുന്നു. വയറുകള്‍ തുടങ്ങി പലതും.
ഒടുവില്‍ പ്രഭു പറഞ്ഞു: “മതി.”
ഒന്നു തലയാട്ടിക്കൊണ്ടു ആല്‍ബിനോ അപ്രത്യക്ഷനായി.
അവര്‍ മാത്രമുള്ളപ്പോള്‍ പ്രഭു പറഞ്ഞു.
“ഇതാണ് യന്ത്രം. എന്റെ ജീവിതത്തിന്റെ പതിനൊന്നു കൊല്ലം ഞാനിതിനു വേണ്ടി പാഴാക്കി. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്.” വെസ്റ്റ്‌ലി വെറുതെ സമ്മതഭാവത്തില്‍ തലയാട്ടി.
വെസ്റ്റ്‌ലി അയാളുടെ ആറുവിരലന്‍ കൈ പതുക്കെ ചടുലമായി നീങ്ങുന്നത് കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
“ഇന്നു വൈകുന്നേരം നീ ഒരു ആര്‍ത്തനാദം കേട്ടില്ലേ.” വെസ്റ്റ്‌ലി വെറുതെ തലയാട്ടി.
“അതൊരു കാട്ടുനായയായിരുന്നു. ഈ യന്ത്രമാണ് ആ കരച്ചിലിന്റെ നിമിത്തം. എനിക്ക് വേദന വളരെ ഇഷ്ടമാണ്. ഇത്രയും കാലംകൊണ്ട് നീയുമതറിഞ്ഞിരിക്കുമല്ലോ? വേദനയെ ഞാന്‍ തികച്ചും ശാസ്ത്രീയമായി സമീപിക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
അതൊരു വെറും ഉപകരണമായേ വെസ്റ്റ്‌ലിക്ക് തോന്നിയുള്ളൂ. കൂട്ടിയിണക്കിയ ചെറിയ, പല വലിപ്പത്തിലുള്ള കപ്പുകള്‍, ഒരു വലിയ ചക്രം, ഒരു ലിവര്‍ പോലെയോ വടിപോലെയോ അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ പറ്റുന്ന മറ്റൊരു സാധനം. ഇത്രമാത്രം.
ധാരാളം ശാസ്ത്രമാസികകളില്‍ ഞാന്‍ ഇതേപ്പറ്റി എഴുതാറുണ്ട്. ഇത്തവണ ഞാനൊരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. വേദനയെക്കുറിച്ചുളള ഏറ്റവും ഗംഭീരകൃതിയായിരിക്കുമത്.”
വെസ്റ്റ്‌ലി വീണ്ടും വെറുതെ തലയാട്ടി.
“ഞാന്‍ കരുതുന്നു വേദനയാണ് നമ്മളേറ്റവും വിലകുറച്ചു കണ്ട വികാരം. വേദന നമ്മോടുകൂടെ എന്നുമുണ്ട്. ആള്‍ക്കാര്‍ ജീവിതവും മരണവുമെന്നപോലെ പ്രധാനം എന്നു പറയുമ്പോള്‍ എനിക്കു വെറുപ്പ് തോന്നും. ശരിക്കും പറയേണ്ടത് വേദനയും മരണവുമെന്നപോലെ പ്രധാനം എന്നല്ലെ!
എന്റെ ഒരു തിയറി പ്രതീക്ഷയില്‍ വേദന ഉണ്ടെന്നതാണ്. ഞാനിത് തെളിയിക്കാം. ഇന്ന് രാത്രി ഞാനീ യന്ത്രം ഉപയോഗിക്കുന്നില്ല. ശരിക്കും യന്ത്രം പരീക്ഷിച്ചതും തെളിയിക്കപ്പെട്ടതുമാണ്. ഞാനിത് ഇവിടെ തയ്യാറായ നിലയില്‍ ഉപേക്ഷിച്ചുപോവുന്നു. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ ഇത് നിന്റെ കണ്‍മുമ്പില്‍ ഉണ്ടാവും. ഇതെന്തിനാണെന്നും ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആലോചിച്ചു നീ ഇരിക്കും. ആ ആലോചനതന്നെ ഒരു വേദനയായിരിക്കും.”
ആ യന്ത്രം ഒരു തമാശപോലെ വെസ്റ്റ്‌ലിക്ക് തോന്നി. അവന് ചിരിവന്നു. പകരം അവന്‍ ഞരങ്ങാന്‍ തുടങ്ങി.
“ഇനി ഞാന്‍ ഇത് നിന്റെ വേദനയ്ക്ക് വിടുന്നു. നാളെ രാത്രി എത്തുന്നതിനു മുന്‍പ് എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. ഞാന്‍ കരുതി ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ നീയാണ്. ഏറ്റവും ധീരനും ബുദ്ധിമാനും എല്ലാംകൊണ്ടും വിശേഷപ്പെട്ട വ്യക്തി. എന്റെ പുസ്തകത്തിനുവേണ്ടി എനിക്ക് നിന്നെ തകര്‍ക്കേണ്ടിയിരിക്കുന്നു. ഇതിലെനിക്ക് ദുഃഖമുണ്ട്.”
“നന്ദി… വളരെ നന്ദി…” വെസ്റ്റ്‌ലി പതുക്കെ പറഞ്ഞു. പ്രഭു കൂട്ടിന്റെ വാതിലിനുനേരെ നടന്നു. എന്നിട്ട് പുറം തിരിഞ്ഞുകൊണ്ടു പറഞ്ഞു: “പക്ഷേ, നീ നിന്റെ അഭിനയം നിര്‍ത്തണം. കഴിഞ്ഞ ഒരു മാസമായി നീ എന്നെ വിഡ്ഢിയാക്കുകയായിരുന്നുവെന്ന് കരുതുന്നുണ്ടോ? നീ തീ ചതുപ്പില്‍ എത്തിയ അന്നത്തെ അത്രതന്നെ ശക്തനാണിപ്പോഴും. നിന്റെ രഹസ്യം എനിക്കറിയാം.”
“രഹസ്യമോ…?”
“ഇത്രയും കാലം നിനക്കൊരു വേദനയും ഉണ്ടായിട്ടില്ല. നീ നിന്റെ കണ്ണുകള്‍ ഉയര്‍ത്തുന്നു. കണ്‍പോളകള്‍ അടയ്ക്കുന്നു. പിന്നെ നിന്റെ മനസ്സ് മിക്കവാറും അവളുടെ കൂടെയായിരിക്കും. ഇന്ന് നല്ലവണ്ണം ഉറങ്ങിക്കോളൂ.” കൈവീശിക്കൊണ്ടയാള്‍ കോണിപ്പടികള്‍ കയറിപ്പോയി.
വെസ്റ്റ്‌ലിക്ക് തന്റെ ഹൃദയം മിടിക്കുന്നതിന്റെ ഒച്ച ഇപ്പോള്‍ കേള്‍ക്കാം.
ആല്‍ബിനോ കടന്നുവന്ന് വെസ്റ്റ്‌ലിക്കരികിലായി മുട്ടുകുത്തിയിരുന്നു. അവന്‍ മന്ത്രിച്ചു.
“ഈ ദിവസമത്രയും ഞാന്‍ നിന്നെ ശ്രദ്ധിക്കുകയായിരുന്നു. എനിക്കൊരപകടവും പറ്റില്ല. അവരെന്നെ ഉപദ്രവിക്കില്ല. നിനക്ക് വേണമെങ്കില്‍ ഞാന്‍ നിന്നെ കൊല്ലാം. അങ്ങനെ അവരെ പറ്റിക്കാം. എന്റെ കയ്യില്‍ വിഷമുണ്ട്. ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഞാന്‍ യന്ത്രം കണ്ടിരിക്കുന്നു. കാട്ടുനായ കരഞ്ഞപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. നിന്നെ കൊല്ലാന്‍ എന്നെ അനുവദിക്കൂ.”
“ഞാന്‍ ജീവിക്കും…” പിന്നെ അവന്‍ മന്ത്രിച്ചു.
“എന്നാല്‍…” അല്പനേരത്തിനുശേഷം അവന്‍ വീണ്ടും മന്ത്രിച്ചു.
“അവര്‍ക്കെന്നെ ഒന്നും ചെയ്യാനാവില്ല. എനിക്കൊരു കുഴപ്പവുമില്ല. ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നു. അതേപോലെ ഞാനിനിയും ജീവിക്കും.”
അവനുച്ചത്തിലാണ് പറഞ്ഞത്. അവന്റെ ശബ്ദത്തില്‍ ജീവിതത്തോടുള്ള സ്‌നേഹം നിറഞ്ഞുനിന്നിരുന്നു. പക്ഷേ, വളരെക്കാലത്തിനുശേഷം ആദ്യമായി അതിലൊരു ഭീതിയുടെ തരി തങ്ങിക്കിടന്നിരുന്നു…
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.