“ഞാന്‍ നിങ്ങളെയൊക്കെ വിളിച്ചുകൂട്ടിയത് ഒരു സുപ്രധാന കാര്യമറിയിക്കാനാണ്. എന്റെ പ്രിയതമയ്‌ക്കെതിരെ മറ്റൊരു ശ്രമംകൂടി ഉണ്ടാകാന്‍ പോവുന്നെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളോരോരുത്തരേയും രക്ഷകരെന്ന ഉത്തരവാദിത്വം ഏല്പിക്കാന്‍ പോവുകയാണ്. കള്ളന്‍തെരുവിലെ എല്ലാവരെയും എന്റെ വിവാഹത്തിന് ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് ജയിലിലടയ്ക്കണം.
ഭാഗം: നാല്‍പ്പത്തിനാല്‍പ്പത്തൊമ്പത്
ഭാഗം: നാല്‍പ്പത്തിയെട്ട്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
ഭീകരന്മാരുടെ ഒരു സംഘം ഉണ്ടാക്കുന്നതിനും തന്റെ സൈന്യം പുനഃസംഘടിപ്പിക്കുന്നതിനും യെല്ലിന്‍ ഒരാഴ്ച സമയമെടുത്തു. വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് അവന്‍ കോട്ടമൈതാനിയില്‍ തന്റെ സന്നാഹങ്ങളുമായെത്തി. രാജകുമാരന്റെ വരവും പ്രസംഗവും കാത്തുനില്പായി. രാജകുമാരനെത്തി. കൂടെ പ്രഭുവുമുണ്ട്. പക്ഷേ, പ്രഭുവിന്റെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. അതിന് കാരണമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഭു വെസ്റ്റ്‌ലിയുടെ ജീവിതത്തിലെ പത്തു വര്‍ഷങ്ങള്‍ തീര്‍ത്തുകഴിഞ്ഞിരുന്നു. ഫ്‌ളോറിനിലെ ഒരാളുടെ ശരാശരി വയസ്സ് അറുപത്തിയഞ്ച് ആണെങ്കില്‍, വെസ്റ്റ്‌ലിക്കു ഇരുപത്തിയഞ്ച് വയസ്സ് പ്രായമുണ്ടെങ്കില്‍ പ്രഭു എടുത്ത പത്തു വര്‍ഷം കുറച്ചാല്‍ ഇനി മുപ്പതു വര്‍ഷം കൂടി ബാക്കിയുണ്ട്. അതിനി എങ്ങനെ ഭാഗിക്കാം! ധാരാളം രീതിയില്‍ ഭാഗിക്കാം. ധാരാളം സാധ്യതകള്‍. അതിലേതാണ് ശാസ്ത്രീയമായി രസകരമായിരിക്കുക. പ്രഭു ദീര്‍ഘനിശ്വാസം ചെയ്തു. ജീവിതം ഒരിക്കലും അത്ര എളുപ്പമല്ല. എന്തൊക്കെ പ്രശ്‌നങ്ങള്‍!
രാജകുമാരന്‍ പ്രസംഗം ആരംഭിച്ചു.
“ഞാന്‍ നിങ്ങളെയൊക്കെ വിളിച്ചുകൂട്ടിയത് ഒരു സുപ്രധാന കാര്യമറിയിക്കാനാണ്. എന്റെ പ്രിയതമയ്‌ക്കെതിരെ മറ്റൊരു ശ്രമംകൂടി ഉണ്ടാകാന്‍ പോവുന്നെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളോരോരുത്തരേയും രക്ഷകരെന്ന ഉത്തരവാദിത്വം ഏല്പിക്കാന്‍ പോവുകയാണ്. കള്ളന്‍തെരുവിലെ എല്ലാവരെയും എന്റെ വിവാഹത്തിന് ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് ജയിലിലടയ്ക്കണം. എന്നാലേ എന്റെ മനസ്സ് സ്വസ്ഥമാവൂ. ഇതെന്റെ ഹൃദയത്തിന്റെ പ്രശ്‌നമാണ്. ഇത് നിങ്ങള്‍ മനസ്സിലാക്കണം.” ഇത്രയും പറഞ്ഞയാള്‍ തിരിഞ്ഞ് പ്രഭുവിനോടൊപ്പം അകത്തേക്ക് നടന്നുപോയി.
കള്ളന്മാരുടെ തെരുവിലെ ഒഴിപ്പിക്കല്‍ പെട്ടെന്നുതന്നെ ആരംഭിച്ചു. യെല്ലിന് പിടിപ്പത് പണിയുണ്ടായിരുന്നു. ഓന്നോര്‍ത്തുനോക്കൂ, കള്ളന്മാരുടെ കേന്ദ്രത്തിന്റെ വിസ്തീര്‍ണ്ണം ഒരു ചതുരശ്രനാഴിക. അന്തേവാസികളോ തിരിമുറിഞ്ഞ കള്ളന്മാരും. ഇതിന് മുന്‍പും പലവട്ടം അവരെ ഇങ്ങനെ തടുത്തുകൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് മിക്കവരും വലിയ എതിര്‍പ്പൊന്നും കാണിച്ചില്ല. മാത്രമല്ല, ജയിലില്‍ അവരെയൊക്കെ പാര്‍പ്പിക്കാനുള്ള ഇടവും ഇല്ലെന്നവര്‍ക്കറിയാമായിരുന്നു. കുറച്ചു ദിവസത്തേക്കൊരു വിശ്രമം. അത്രതന്നെ. ഇതൊരു കൂട്ടരുടെ കാര്യമാണ്.
മറ്റൊരു കൂട്ടരെ സംബന്ധിച്ചിടത്തോളം തടവെന്നാല്‍ മരണമെന്നാണര്‍ത്ഥം. അവര്‍ എതിര്‍ത്തു നില്ക്കുകതന്നെ ചെയ്തു. എന്നാല്‍ ഭീകരസേനയുടെ സഹായത്തോടെ അവരെയും പിടികൂടാന്‍ യെല്ലിന് കഴിഞ്ഞു.
വിവാഹത്തിന് മുപ്പത്താറ് മണിക്കൂര്‍ മുമ്പ് അര ഡസനോളം കള്ളന്മാരുടെ കേന്ദ്രങ്ങള്‍ പിന്നെയും ബാക്കിയാണെന്ന് യെല്ലിന്‍ മനസ്സിലാക്കി. അറസ്റ്റു
ചെയ്തവരില്‍ ആരും ഗില്‍ഡറില്‍നിന്ന് നുഴഞ്ഞുകയറി വന്നവരല്ല. യെല്ലിന്‍ ആകെ പരിഭ്രാന്തനായി.
അന്ന് രാവിലെതന്നെ യെല്ലിന്‍ നേരെ പോയത് ഫോള്‍ക്ക് ഡ്രിഡ്ജിന്റെ കള്ളുഷാപ്പിലേക്കാണ്. ഭീകരന്മാരെയെല്ലാം അയാള്‍ പല കാര്യങ്ങള്‍ക്കായി നിയോഗിച്ചു. തന്നോടൊപ്പം രണ്ടുപേരെ മാത്രം നിര്‍ത്തി -ആ ബഹളക്കാരനെയും മിണ്ടാപ്പൂതത്തിനെയും. ഫോള്‍ക്ക് ഡ്രിഡ്ജാണ് കള്ളന്മാരുടെ കേന്ദ്രത്തിലെ ശക്തന്‍. അയാളറിയാതെ ഒരൊറ്റ കുറ്റകൃത്യവും ആ രാജ്യത്ത് നടക്കാറില്ല. പക്ഷേ, ഒരിക്കലും അയാള്‍ ജയിലിന്റെ ഉള്‍വശം കണ്ടിട്ടില്ല. അയാള്‍ ആരെയെങ്കിലും കൈക്കൂലി കൊടുത്തു സന്തുഷ്ടനാക്കുന്നുണ്ടെന്ന് യെല്ലിനൊഴികെ എല്ലാവരും കരുതി. കൈക്കൂലിയുടെ കാര്യം യെല്ലിനും അറിയാം. കാരണം എല്ലാ മാസവും മഴയായാലും വെയിലായാലും ഒരു കിഴി നിറയെ പണവുമായി ഫോള്‍ക്ക് ഡ്രിഡ്ജ് യെല്ലിന്റെ വീട്ടിലെത്താറുണ്ട്. യെല്ലിന്‍ വാതിലിന് മുട്ടി.
“ആരാ…”
അടുത്തപേജില്‍ തുടരുന്നു
“ജലരോഹക യന്ത്ര”ത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനം, അതാണ്. ഇവിടെ വെള്ളത്തിനു പകരം ജീവനാണ് വലിച്ചെടുക്കുന്നതെന്നു മാത്രം. ഇപ്പോള്‍ നിന്റെ ജീവിതത്തില്‍നിന്ന് ഒരു കൊല്ലം ഞാന്‍ വലിച്ചെടുത്തുകഴിഞ്ഞു.
“വേഗം റെഡിയാവൂ, പോണം.”
“ഇത് ഞാനാണ്, യെല്ലിന്‍.”
“എനിക്കറിയാം. പക്ഷേ, ഇത്തവണ നിങ്ങളെന്നെ സഹായിക്കണം.”
“എന്നെ പിടിച്ചെന്നു കരുതിക്കോളൂ. ഞാനിവിടെ ഒളിച്ചു താമസിക്കാം. ആരും അറിയില്ല. കുറേകാലത്തേക്ക് ആവശ്യമായ ഭക്ഷണം ഇവിടെയുണ്ട്.”
“ഇത്തവണ പറ്റില്ല. രാജകുമാരന്‍ ഒരു ദയയും കാണിക്കില്ല. എന്റെ കാര്യം അപകടത്തിലാവും.
“
“ഇരുപതു കൊല്ലമായി ഞാന്‍ നിങ്ങള്‍ക്ക് പണം തരുന്നു. ജയിലില്‍ പോവാതിരിക്കാന്‍. എന്റെ പണംകൊണ്ട് നീ സമ്പന്നനായി. ഇപ്പോള്‍ എന്നെ സഹായിക്കാന്‍ വയ്യെന്നോ? അതിലെന്ത് ന്യായം?”
“അതൊക്കെ നമുക്കു ശരിയാക്കാം. ഞാന്‍ ഫ്‌ളോറിനിലെ ഏറ്റവും നല്ല തടവറ നിനക്ക് തരാം. ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. എന്നെ വിശ്വാസമില്ലെ?”
“എങ്ങനെ വിശ്വസിക്കും? ഇരുപത് കൊല്ലം എന്റെ പണം പറ്റിയിട്ട് ഒരു ചെറിയ സമ്മര്‍ദ്ദം വന്നപ്പോള്‍ എന്നോടു ജയിലില്‍ പോവാന്‍ പറയുന്നവനെ ഞാനെങ്ങനെ വിശ്വസിക്കും. ഞാന്‍ വരുന്നില്ല.”
യെല്ലിന്‍ ബഹളക്കാരന്‍ ഭീകരന്റെ നേരെ കൈ ഞൊടിച്ചു.
“ഇവനെ പിടിച്ച് വണ്ടിയിലിടൂ.”
ഫോള്‍ക്ക് ഡ്രിഡ്ജ് എന്തോ സംസാരിക്കാനായി വായ തുറക്കുന്നതിനു മുന്‍പുതന്നെ കഴുത്തിലൊരൂക്കന്‍ അടി വീണുകഴിഞ്ഞിരുന്നു. “അത്ര ശക്തിയില്‍ വേണ്ട, അവന് ജീവനുണ്ടോ?”
“നോക്കൂ. എനിക്കറിയില്ല. അവനെ വണ്ടിയിലിടാനല്ലെ പറഞ്ഞിട്ടുള്ളൂ.”
“ശരി, എല്ലാവരുമെത്തിയോ?” -യെല്ലിന്‍ ആകെ പരിഭ്രാന്തനായിരുന്നു.
“പൊന്മുട്ടയിടുന്ന താറാവി”നെന്തു പറ്റിയോ ആവോ?
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.