“എന്നെ ചങ്ങലയ്ക്കിട്ടിരിക്കുകയല്ലെ. എന്റെ കൈകളും കാലുകളും തലപോലും ചങ്ങലയിലാണ്. പിന്നെ ഞാനെങ്ങനെയാണ് ഇളകുക.”
“നിന്റെ ശബ്ദത്തില്‍ തിളങ്ങുന്ന ധൈര്യം നിനക്കുണ്ടോ? സത്യത്തില്‍ നിനക്കല്പം ഭയമില്ലേ? ദയവുചെയ്തു സത്യം പറയണം. ഇത് ശാസ്ത്രത്തിനുവേണ്ടിയാണെന്ന് ഓര്‍ക്കുമല്ലോ?”
ഭാഗം: നാല്‍പ്പത്തിയെട്ട്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
അടുത്തനാള്‍ കൂട്ടിലെത്തിയ ഉടനെ പ്രഭു ചോദിച്ചു: “നിനക്ക് ഉറങ്ങാന്‍ കഴിഞ്ഞോ?”
“സത്യത്തില്‍, ഇല്ല”. സാധാരണമട്ടില്‍ വെസ്റ്റ്‌ലി മറുപടി പറഞ്ഞു.
“നീ സത്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. നമുക്കിടയില്‍ അസത്യത്തിന്റെ പുകമറ ആവശ്യമില്ല.” പ്രഭു കയ്യിലുണ്ടായിരുന്ന നോട്ടുബുക്കുകളും തൂവല്‍പേനകളും മഷിക്കുപ്പികളും നിലത്തുവെച്ചു. എന്നിട്ട് ഒരു ചെറുചിരിയോടെ പറഞ്ഞു:
“നിന്റെ പ്രതികരണങ്ങളൊക്കെ എഴുതിയെടുക്കാനാണ്.”
“ശാസ്ത്രത്തിന്റെ പേരില്‍…!”
യന്ത്രത്തിന്റെ ചില നോബുകള്‍ തിരിച്ചുകൊണ്ടയാള്‍ തുടര്‍ന്നു: “ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ നിനക്കാകാംക്ഷയില്ലേ?”
“ഒരു രാത്രി മുഴുവനും ഞാനിതു നോക്കിയിരുന്നു. എനിക്കൊരു പിടിയും കിട്ടിയില്ല.”
പ്രഭു വീണ്ടും ചിരിച്ചു. എന്നിട്ടയാള്‍ യന്ത്രത്തിലെ നൂറുകണക്കിന് കപ്പുകള്‍ ഓരോന്നായി കയ്യിലെടുത്തു. ഓരോ കപ്പിന്റെയും മൃദുവായ അരികുകളില്‍ അയാള്‍ പശ തേച്ചുപിടിപ്പിച്ചു. എന്നിട്ടത് വെസ്റ്റ്‌ലിയുടെ ശരീരത്തില്‍ ഓരോ അവയവങ്ങളിലും ഒട്ടിക്കാന്‍ തുടങ്ങി. “നിന്റെ നാവിലും ചില കപ്പുകള്‍ ഒട്ടിക്കാനുണ്ട്. അതവസാനമാക്കാം. ചിലപ്പോള്‍ നിനക്ക് ചില സംശയങ്ങള്‍ ചോദിക്കാനുണ്ടാവുമല്ലോ?”
“ഇത് സെറ്റ് ചെയ്യാന്‍ കുറേ സമയമെടുക്കുമല്ലോ?” വെസ്റ്റ്‌ലിയുടെ നിഷ്‌കളങ്കമായ ചോദ്യം.
“അടുത്ത തവണ ഞാനിത് കുറേക്കൂടി ലളിതമാക്കും.”
വെസ്റ്റ്‌ലിയുടെ ശരീരത്തിലെല്ലായിടത്തും ഇപ്പോള്‍ കപ്പുകള്‍ നിരന്നു
കഴിഞ്ഞു. കപ്പില്ലാത്ത ഒരൊറ്റ ഇഞ്ച് സ്ഥലംപോലും ബാക്കിയില്ല.
“അടുത്ത പണി അല്പംകൂടി കുഴപ്പം പിടിച്ചതാണ്. അനങ്ങാതിരിക്കണം.”
“എന്നെ ചങ്ങലയ്ക്കിട്ടിരിക്കുകയല്ലെ. എന്റെ കൈകളും കാലുകളും തലപോലും ചങ്ങലയിലാണ്. പിന്നെ ഞാനെങ്ങനെയാണ് ഇളകുക.”
“നിന്റെ ശബ്ദത്തില്‍ തിളങ്ങുന്ന ധൈര്യം നിനക്കുണ്ടോ? സത്യത്തില്‍ നിനക്കല്പം ഭയമില്ലേ? ദയവുചെയ്തു സത്യം പറയണം. ഇത് ശാസ്ത്രത്തിനുവേണ്ടിയാണെന്ന് ഓര്‍ക്കുമല്ലോ?”
അടുത്തപേജില്‍ തുടരുന്നു
“ജലരോഹക യന്ത്ര”ത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനം, അതാണ്. ഇവിടെ വെള്ളത്തിനു പകരം ജീവനാണ് വലിച്ചെടുക്കുന്നതെന്നു മാത്രം. ഇപ്പോള്‍ നിന്റെ ജീവിതത്തില്‍നിന്ന് ഒരു കൊല്ലം ഞാന്‍ വലിച്ചെടുത്തുകഴിഞ്ഞു.
“അല്പം ഭയം തോന്നുന്നു.”
പ്രഭു കടലാസ്സില്‍ അക്കാര്യം കുറിച്ചുവെച്ചു. സമയവും എഴുതി. അതിനുശേഷം അയാള്‍ പണി തുടര്‍ന്നു. ഇപ്പോള്‍ വെസ്റ്റ്‌ലിയുടെ മൂക്കിന്റെ ദ്വാരങ്ങ
ളിലും ചെവികളിലും കണ്‍പോളകള്‍ക്കിടയിലും അയാളുടെ നാവിന്റെ അടിയിലും മോളിലുമൊക്കെ ചെറിയ ചെറിയ കപ്പുകള്‍ നിരന്നുകഴിഞ്ഞിരുന്നു. പ്രഭു എഴുന്നേറ്റു നിന്നു. എന്നിട്ടുച്ചത്തില്‍ വിവരിക്കാന്‍ തുടങ്ങി. ഉച്ചത്തില്‍ പറഞ്ഞില്ലെങ്കില്‍ വെസ്റ്റ്‌ലി കേള്‍ക്കില്ലല്ലോ? ചെവിക്കുള്ളില്‍ നിറയെ കപ്പുകളാണല്ലോ.
“ഞാനീ ചക്രം അതിവേഗത്തില്‍ കറക്കും. ഡയലില്‍ ഒന്നു മുതല്‍ ഇരുപത് വരെ അക്കങ്ങളുണ്ട്. ഞാനിത്തവണ അത് ഒന്നില്‍ നിര്‍ത്താം. ഇനി ലിവര്‍ ഞാന്‍ പിടിച്ചുവലിക്കും. അപ്പോള്‍ യന്ത്രം അതിന്റെ പണി തുടങ്ങും.”
എന്നാല്‍ ലിവര്‍ നീങ്ങുമ്പോള്‍ വെസ്റ്റ്‌ലി ബട്ടര്‍കപ്പിന്റെ സ്വര്‍ണത്തലമുടിച്ചുരുളുകളില്‍ വിരലോടിക്കുകയായിരുന്നു. കടഞ്ഞ വെണ്ണപോലുള്ള അവളുടെ മൃദുവായ ശരീരം തലോടുകയായിരുന്നു. എന്നാല്‍… എന്നാല്‍ വെസ്റ്റ്‌ലിയുടെ ലോകം പെട്ടെന്ന് തകര്‍ന്നടിഞ്ഞു. ശരീരത്തിലെല്ലായിടത്തും കപ്പുകളായി
രുന്നു. പുറത്തും അകത്തും.
യന്ത്രം എല്ലായിടത്തുമെത്തി. ഇതിനുമുന്‍പവര്‍ക്ക് അയാളുടെ ശരീരത്തെ മാത്രമേ പീഡിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അയാളുടെ കണ്ണുകള്‍ അയാളുടെ നിയന്ത്രണത്തിലായിരുന്നില്ല. അയാളുടെ ചെവികള്‍ യന്ത്രത്തിന്റെ അലര്‍ച്ചയല്ലാതെ അവളുടെ മധുരംനിറഞ്ഞ മന്ത്രിക്കലുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സ് പെട്ടെന്നു ദുരന്തത്തിലേക്ക് ഇടിഞ്ഞു വഴുതിവീണു.
പ്രേമത്തിന്റെ മാധുര്യത്തില്‍നിന്നയാള്‍ നാശത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു. വേദനയുടെ ആഴങ്ങളിലേക്കയാള്‍ തലകുത്തി വീണുകൊണ്ടിരുന്നു. അകത്തും പുറത്തും വെസ്റ്റ്‌ലിയുടെ ലോകം തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരുന്നു. അതിനൊപ്പം തകരുകയല്ലാതെ അവന് മറ്റൊരു മാര്‍ഗവും അവശേഷിച്ചില്ല.
പ്രഭു യന്ത്രം നിര്‍ത്തി. നോട്ടുബുക്കുകള്‍ കയ്യിലെടുത്തു പോവാനൊരുങ്ങുമ്പോള്‍ അയാള്‍ ഇത്രയും പറഞ്ഞു: “നിനക്കറിയുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. “ജലരോഹക യന്ത്ര”ത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനം, അതാണ്. ഇവിടെ വെള്ളത്തിനു പകരം ജീവനാണ് വലിച്ചെടുക്കുന്നതെന്നു മാത്രം. ഇപ്പോള്‍ നിന്റെ ജീവിതത്തില്‍നിന്ന് ഒരു കൊല്ലം ഞാന്‍ വലിച്ചെടുത്തുകഴിഞ്ഞു.
അടുത്ത തവണ ഞാനിനി ഡയല്‍ കൂടുതല്‍ മേലേക്കാക്കും. രണ്ടിലോ മൂന്നിലോ, ചിലപ്പോള്‍ അഞ്ചില്‍ത്തന്നെ. താത്ത്വികമായി അഞ്ചിലെ പീഡനം ഒന്നിലേതിന്റെ അഞ്ചിരട്ടിയായിരിക്കും. അതുകൊണ്ട് എന്റെ ചോദ്യത്തിന് ശരിക്കുള്ള ഉത്തരം നല്കണം. സത്യസന്ധമായി. ഇത് ശാസ്ത്രത്തിനുവേണ്ടിയാണ്. നിനക്കെന്തു തോന്നി!”
വെറുപ്പും വേദനയും അപമാനവും ഭീതിയും നിരാശയും ദുഃഖവുമൊക്കെ വെസ്റ്റ്‌ലിയെ തകര്‍ത്തുകളഞ്ഞു. അവന്‍ ഒരു കുട്ടിയെപ്പോലെ വാവിട്ടു കരയാന്‍ തുടങ്ങി.
“രസമായിരിക്കുന്നു.” എന്നിട്ട് പ്രഭു അക്കാര്യം നോട്ടുബുക്കില്‍ കുറിക്കാന്‍ തുടങ്ങി.
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.