| Friday, 12th December 2014, 8:06 pm

ബട്ടര്‍കപ്പ് : കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: അന്‍പത്തിമൂന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: ഭാഗം: അന്‍പത്തിമൂന്ന്

സന്ധ്യ പരക്കാന്‍ തുടങ്ങിയതോടെ ആ രണ്ടംഗ അന്വേഷണ സംഘം ഫ്‌ളോറിന്‍ അരിച്ചുപെറുക്കാന്‍ തുടങ്ങി. കല്യാണത്തിന്റെ തലേന്നത്തെ സന്ധ്യ. റൂഗന്‍ പ്രഭു അയാളുടെ രാത്രിയിലെ ഗവേഷണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുറിപ്പുകള്‍ നിറഞ്ഞ നോട്ടുബുക്കുകളും പെന്‍സിലുകളും അയാള്‍ കയ്യിലെടുത്തു. കോട്ടയ്ക്കുള്ളില്‍ അഞ്ചാമത്തെ നിലവറയില്‍ കൂടിനുള്ളില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട വെസ്റ്റ്‌ലി യന്ത്രത്തിനരികില്‍ നിശ്ശബ്ദനായി കാത്തിരുന്നു. അയാള്‍ ആകെ തകര്‍ന്നിരുന്നെങ്കിലും ഇപ്പോഴും വെസ്റ്റ്‌ലി തന്നെ. അയാളുടെ ജീവിതത്തിന്റെ ഇരുപതു വര്‍ഷം ഊറ്റിയെടുത്തു കഴിഞ്ഞിരുന്നു. ഒരു പക്ഷേ, ഇനി ഒരു ഇരുപത് കൊല്ലം അവശേഷിക്കുന്നുണ്ടാവണം. കാത്തിരിപ്പ് വേദനയാണ്. പ്രഭു ഇപ്പോഴെത്തും. എത്രയടക്കിയിട്ടും കരയാതിരിക്കാന്‍ വെസ്റ്റ്‌ലിക്ക് കഴിയുന്നില്ല.
ബട്ടര്‍കപ്പ് രാജകുമാരനെ കാണാനെത്തുമ്പോള്‍ സന്ധ്യയായിരുന്നു. അവള്‍ വാതിലിന്മേല്‍ മുട്ടി. കാത്തു. വീണ്ടും തട്ടി. ഉള്ളില്‍ നിന്നയാള്‍ അലറുന്നതവള്‍ക്കു കേള്‍ക്കാം. അത്ര പ്രധാനപ്പെട്ട കാര്യമല്ലായിരുങ്കെില്‍ അവള്‍ മൂന്നാമതൊരിക്കല്‍കൂടി തട്ടുമായിരുന്നു. വാതില്‍ തുറന്നു. രാജകുമാരന്റെ കണ്ണുകളിലെ കോപാഗ്നി അവളെ കണ്ടപ്പോള്‍ അണഞ്ഞു. മധുരമായ മന്ദഹാസത്തോടെ അവന്‍ തിരക്കി. “പ്രിയേ, കടന്നു വരൂ. ഒരൊറ്റ മിനിറ്റിനകം ഞാനൊഴിവാകും…”
എന്നിട്ടയാള്‍ തിരിഞ്ഞ് യെല്ലിനോട് പറഞ്ഞു:
“നോക്കൂ യെല്ലിന്‍. എന്റെ ഭാവിവധുവിനെ. എന്നെക്കാള്‍ ഭാഗ്യവാനായി ആരെങ്കിലും ഉണ്ടായിട്ടുണ്ടോ?”
യെല്ലിന്‍ തലയാട്ടി.
“അവളെ രക്ഷിക്കാന്‍വേണ്ടി ഞാന്‍ ചെയ്യുന്ന ശ്രമങ്ങള്‍ അധികമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
യെല്ലിന്‍ വീണ്ടും തലയാട്ടി. രാജകുമാരന്‍ ഗില്‍ഡറുകാരുടെ നുഴഞ്ഞു
കയറ്റത്തിന്റെ കഥകള്‍ പറഞ്ഞ് അവനെ ഭ്രാന്തുപിടിപ്പിക്കുകയാണ്. രാവും പകലും ഫ്‌ളോറിനിലെ മുഴുവന്‍ ചാരന്മാരെയും നിയോഗിച്ചിട്ടും യെല്ലിന് ഒരൊറ്റ ഗില്‍ഡറുകാരെയും കണ്ടെത്താനായില്ല. എന്നിട്ടും രാജകുമാരന്‍ വിടുന്നില്ല. യെല്ലിന്‍ നിശ്വസിച്ചു. അവനൊരു രാജകുമാരനല്ലല്ലോ. ഒരു കിംവദന്തി മാത്രമേ അവന്‍ കേട്ട”ിട്ടുള്ളൂ. കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിന്റെ കപ്പല്‍ ഫ്‌ളോറിന്‍ തീരത്തിനടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നുവെന്ന്. അതൊരു വെറും തറവെടിയാണെന്നവന് ദീര്‍ഘകാലത്തെ പരിചയം കൊണ്ടറിയാം.
“ഞാന്‍ പറയാം. ഗില്‍ഡറുകാര്‍ എല്ലായിടത്തുമുണ്ട്. നിനക്കവരെ തടുക്കാനായില്ല. അതുകൊണ്ട് ചില പരിപാടികള്‍ ഞാന്‍ പറയാം. നമ്മുടെ കോട്ടയുടെ മുന്‍വശത്തെ കവാടമൊഴിച്ചെല്ലാം അടച്ച് ഭദ്രമാക്കിയില്ലേ…”
“അതെ. ഇരുപത് കാവല്‍ക്കാരുമുണ്ട്.”

എണ്‍പത് ആള്‍ക്കാരെക്കൂടി അവിടെ നിര്‍ത്തണം. നൂറാള്‍ തികച്ചും വേണം. മനസ്സിലായോ?”
“മനസ്സിലായി.”
“കോട്ടയ്ക്കുള്ളില്‍ ഞാന്‍ സുരക്ഷിതനാണ്. എനിക്ക് വേണ്ടതൊക്കെ ഇവിടെയുണ്ട്. അവരെന്റെ അടുക്കല്‍ എത്താത്തിടത്തോളം കാലം ഞാന്‍ രക്ഷപ്പെട്ടു. ഇനി ഞാന്‍ പറയുത് കുറിച്ചെടുത്തോളൂ. കല്യാണം കഴിയുതുവരെ അഞ്ഞൂറാം വാര്‍ഷികത്തിന്റെ പരിപാടികളൊക്കെ നിര്‍ത്തിവെക്കണം. കല്യാണം നാളെ സന്ധ്യയ്ക്കാണ്. ഞാനും എന്റെ വധുവും അതു കഴിഞ്ഞാല്‍ ഫ്‌ളോറിന്‍ ചാനലിലേക്ക് പോവും. അവിടെ ഒരു കപ്പലില്‍ ഞങ്ങളേറെ കാത്തിരുന്ന മധുവിധു ആരംഭിക്കും. ഫ്‌ളോറിനിലെ മുഴുവന്‍ കപ്പല്‍പ്പടയും ആ കപ്പലിനെ വളഞ്ഞുനില്ക്കണം.”
“മുഴുവനില്ലല്ലോ. നാലെണ്ണം കുറവല്ലെ…” ബട്ടര്‍കപ്പ് തിരുത്തി.
രാജകുമാരന്‍ നിശ്ശബ്ദനായി ബട്ടര്‍കപ്പിനെ നോക്കിച്ചിരിച്ചു. അന്തരീക്ഷത്തിലേക്കയാളൊരു ചുംബനം എറിയുകയും ചെയ്തു.
“അതെയതെ. എനിക്കെന്തൊരു മറവി. നാലെണ്ണമൊഴിച്ചു ബാക്കിയെല്ലാം…”
പക്ഷേ, അയാളുടെ ചിരിയിലും ആ നിശ്ശബ്ദതയിലും ബട്ടര്‍കപ്പ് എല്ലാം മനസ്സിലാക്കി.
“ആ കപ്പലുകളെല്ലാം ഞാന്‍ പറയുന്നതുവരെ അവിടെത്തന്നെ വേണം. ഇനി വേറെയെന്തുവേണമെന്ന് ആലോചിക്കട്ടെ…”
രാജകുമാരന് ഇത്തരം ആജ്ഞകള്‍ കൊടുക്കുന്നത് എപ്പോഴും ഇഷ്ടമാണ്. പ്രത്യേകിച്ചും നടപ്പാക്കേണ്ടിവരുന്ന ആജ്ഞകള്‍.
വണങ്ങിക്കൊണ്ട് യെല്ലിന്‍ മുറിക്കു പുറത്തേക്ക് പോയി. അവരൊറ്റയ്ക്കായപ്പോള്‍ ബട്ടര്‍കപ്പ് പറഞ്ഞു:
“ആ നാലു കപ്പല്‍ അയച്ചിരുന്നില്ല, അല്ലെ. ഇനി എന്നോട് കള്ളം പറയാന്‍ മിനക്കെടരുത്…”
“തേന്‍കുഴമ്പേ, ഞാന്‍ ചെയ്തതൊക്കെ നിന്റെ ഗുണത്തിനാണ്.”
“എന്തോ ഞാനങ്ങനെ കരുതുന്നില്ല.”
“നിനക്കെന്തോ ഭീതി. എനിക്കും അങ്ങനെത്തന്നെ. എന്തായാലും നാളെ
നമ്മള്‍ വിവാഹിതരാവുന്നു.”
“നിങ്ങള്‍ക്കു തെറ്റി. ഞാന്‍ വളരെ ശാന്തയാണ്.” സത്യത്തില്‍ അതങ്ങനെത്തന്നെ തോന്നിയിരുന്നു. അവള്‍ തുടര്‍ന്നു: “നിങ്ങള്‍ കപ്പലുകള്‍ അയച്ചാലും അയച്ചില്ലെങ്കിലും എനിക്കൊന്നുമില്ല. വെസ്റ്റ്‌ലി എത്തും. ഒരു ദൈവം ഉണ്ട്. അതെനിക്കറിയാം. പ്രേമമുണ്ട്. അതും എനിക്കറിയാം. വെസ്റ്റ്‌ലി എന്നെ
രക്ഷിക്കും…”
“നീയൊരു മണ്ടിപ്പെണ്ണാണ്. മുറിയിലേക്ക് പോയ്‌ക്കോളൂ.”
“ശരിയാണ്. ഞാനൊരു മണ്ടിപ്പെണ്ണാണ്. ഞാന്‍ മുറിയിലേക്ക് പോകാം. പക്ഷേ, നിങ്ങളൊരു ഭീരുവാണ്. മനസ്സ് നിറയെ പേടിയല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കില്ല.”
രാജകുമാരന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ ഷിക്കാരിയാണ്. എന്നിട്ടും ഞാന്‍ ഭീരുവാണെന്ന് പറയുന്നു.”
“ഞാന്‍ പറയും. ഇനിയും പറയും. പ്രായം ചെല്ലുന്തോറും എനിക്ക് വിവേകം ഉണ്ടായിവരുന്നുണ്ട്. ഞാന്‍ പറയുന്നു നിങ്ങളൊരു ഭീരുവാണെന്നും നിങ്ങള്‍ നായാടുന്നത് ആ ഭീരുത്വം മറച്ചുവെക്കാനുമാണെന്ന്. ഈ ഭൂമുഖത്തുകൂടെ നടക്കുന്ന ഏറ്റവും വലിയ ഭീരു. വെസ്റ്റ്‌ലി എനിക്കുവേണ്ടി എത്തും. ഞങ്ങള്‍ ഒന്നിച്ചു പോവും. പിന്നെ നിങ്ങള്‍ക്ക് വെറും നായാട്ടു തന്നെയാവും ശരണം. വെസ്റ്റ്‌ലിയും ഞാനും പ്രേമത്താല്‍ ബന്ധിതരാണ്. നിങ്ങള്‍ക്ക് ഞങ്ങളെ കണ്ടുപിടിക്കാനാവില്ല. ആയിരം നായാട്ടു നായ്ക്കളെക്കൊണ്ടും ആയിരം വാളുകളെക്കൊണ്ടും നിങ്ങള്‍ക്കത് തകര്‍ക്കാനാവില്ല.”
ഹംപര്‍ഡിന്‍ക് അലറിക്കൊണ്ട് അവളുടെ നേരെ പാഞ്ഞു ചെന്നു. ആ സ്വര്‍ണത്തലമുടി ചുറ്റിപ്പിടിച്ചുകൊണ്ടയാള്‍ പിരിയന്‍ ഇടനാഴിയിലൂടെ അവളെ വലിച്ചിഴച്ചു. അവളുടെ മുറിക്ക് നേരെ കുതിച്ചു. അയാള്‍ വാതില്‍ വലിച്ചുതുറന്നു. അവളെ അതിലേക്ക് വലിച്ചെറിഞ്ഞതിനുശേഷം കതക് പുറത്തുനിന്നും അടച്ചു. എന്നിട്ടയാള്‍ മരണത്തിന്റെ മൃഗശാലയുടെ കവാടത്തിലേക്കോടി… താഴത്തേക്കയാള്‍ ചാടിയിറങ്ങി. അഞ്ചാം നിലയിലയാള്‍ കുതിച്ചെത്തി വാതില്‍ വലിച്ചു തുറന്നു. റൂഗനടക്കം പരിഭ്രമിച്ചുപോയി. രാജകുമാരന്‍ വെസ്റ്റ്‌ലിയുടെ അടുക്കലെത്തി “അവള്‍ നിന്നെ പ്രേമിക്കുന്നു”. അയാള്‍ അലറി. “അവളിപ്പോഴും നിന്നെ പ്രേമിക്കുന്നു. നീയും. ഈ ലോകത്തില്‍ നിന്നെക്കാള്‍ സന്തുഷ്ടനായി ആരുമുണ്ടാവില്ല.” ഒരു നൂറ്റാണ്ടില്‍ നിങ്ങളെപ്പോലെ സന്തുഷ്ടരായി ആരുമുണ്ടാവില്ല. കഥാപുസ്തകങ്ങള്‍ എന്തെങ്കിലും പറയട്ടെ. നിങ്ങളത് നേടിക്കഴിഞ്ഞു. പരമമായ ആനന്ദം. അതുകൊണ്ടുതന്നെ നിങ്ങളേക്കാള്‍ ആര്‍ക്കും നഷ്ടത്തെച്ചൊല്ലി വേദനിക്കാനും കഴിയില്ല.”
രാജകുമാരന്‍ യന്ത്രത്തിന്റെ പിടി മുന്നോട്ടേക്ക് തട്ട”ി നീക്കി. “ഇരുപതിലെത്തിക്കല്ലേ?” എന്ന റൂഗന്റെ നിലവിളി ഗൗനിക്കാതെ രാജകുമാരന്‍ പിടി വലിച്ചുനീക്കിക്കൊണ്ടിരുന്നു. നേരം വൈകിക്കഴിഞ്ഞിരുന്നു. മരണത്തിന്റെ അശാന്തമായ രോദനം ആരംഭിച്ചുകഴിഞ്ഞിരുന്നു.

തുടരും

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


We use cookies to give you the best possible experience. Learn more