ഇത്രയും കാലം മറന്നിട്ടും ഇപ്പോള്‍ ഈ നിമിഷത്തില്‍ അതോര്‍ക്കുമ്പോള്‍ അതിന്റെ കാലവും ആവശ്യവും കഴിഞ്ഞുപോയിരിക്കുന്നു.
അവന്‍ വീണ്ടും അടുക്കളയില്‍ കയറി ചായയുണ്ടാക്കി.
കുറച്ചു ബിസ്‌കറ്റും തേനും ചായയുമായി വീണ്ടും മുകളിലെത്തി, ഇനിഗോയെ തീറ്റി.
ഭാഗം: ഭാഗം: അന്‍പത്തൊന്ന്
ജോലി കഴിഞ്ഞപ്പോള്‍ മതില്‍ ചാടിക്കടന്ന് ഫെസിക് ഇനിഗോയുടെ അടുക്കലെത്തി. അടുക്കളയില്‍ ചെന്നല്‍പം ചായയുണ്ടാക്കി ഇനിഗോയ്ക്ക് കൊടുത്തു. നിര്‍ബന്ധിച്ചയാളെ കുടിപ്പിച്ചു. ഇനിഗോയില്‍ ജീവന്റെ ഒരംശം ഇപ്പോഴും മിന്നിക്കൊണ്ടിരുന്നു.
“നിന്നെക്കണ്ടത് എന്തായാലും നന്നായി…” ഫെസിക്
“അതെ, അതെ. കഴിഞ്ഞ തൊണ്ണൂറ് ദിവസം വെറും കുടി തന്നെയായിരുന്നു. എനിക്കു വയ്യ. ഇപ്പോള്‍ ശരിയായി…?”
“നല്ലത്. വസിനി മരിച്ചുപോയി…” ഫെസിക്.
“മരിച്ചോ… മരിച്ചോ…” ഇനിഗോ വീണ്ടും ബോധക്കേടിലായി.
ഫെസിക് സ്വയം പിറുപിറുക്കാന്‍ തുടങ്ങി.
“കോന്തന്‍ -വിഡ്ഢി… ആദ്യേ പൂത്യേ എന്നതല്ലേ നിയമം.”
ഇത്രയും കാലം മറന്നിട്ടും ഇപ്പോള്‍ ഈ നിമിഷത്തില്‍ അതോര്‍ക്കുമ്പോള്‍ അതിന്റെ കാലവും ആവശ്യവും കഴിഞ്ഞുപോയിരിക്കുന്നു. അവന്‍ വീണ്ടും അടുക്കളയില്‍ കയറി ചായയുണ്ടാക്കി. കുറച്ചു ബിസ്‌കറ്റും തേനും ചായയുമായി വീണ്ടും മുകളിലെത്തി, ഇനിഗോയെ തീറ്റി.
ഇനിഗോ മന്ദഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “ഉറങ്ങിക്കോളൂട്ടോ…”
“ഞാനുറങ്ങാം. ബോധം കെടാതെ…” ഒരു മണിക്കൂര്‍ സുന്ദരമായവന്‍ ഉറങ്ങി.
ഫെസിക് അടുക്കളയില്‍ത്തന്നെ. അവനിന്നേവരെ ജീവിതത്തില്‍ ഭക്ഷണം കഴിക്കുകയല്ലാതെ, ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ അവന് വേവിക്കാനും തണുപ്പിക്കാനും അറിയാം. മണമറിയാന്‍ നല്ലൊരു മൂക്ക് അവനുണ്ട്. അതുകൊണ്ട് ഒടുക്കം പൊരിച്ചതുപോലെ തോന്നുന്ന മൂരിയിറച്ചിയും പുഴുങ്ങിയതുപോലെ തോന്നുന്ന ഉരുളക്കിഴങ്ങും തയ്യാറാക്കാന്‍ അവനു കഴിഞ്ഞു.
ഫെസിക് ഇനിഗോയ്ക്ക് ഭക്ഷണം വാരിക്കൊടുത്തു. “ഞാനിത്രമാത്രം തകര്‍ന്നിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.” ഭക്ഷണം ചവച്ചിറക്കവെ ഇനിഗോ പിറുപിറുത്തു.
“സാരോല്ല… വേഗം സുഖാവും…” ഇറച്ചി കഷണം കഷണമായി നുറുക്കി
ഇനിഗോയെ തീറ്റിക്കൊണ്ട് ഫെസിക് പറഞ്ഞു.
“നിന്റെ പെട്ടെന്നുള്ള വരവും വസിനിയെപ്പറ്റി നീ പറഞ്ഞതുമൊക്കെ… എനിക്ക് താങ്ങാനായില്ല.”
“ആര്‍ക്കും ഇത്രയൊന്നും താങ്ങാനാവില്ല. കിടന്നോളൂ.”
“അശരണനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ഞാനെന്ന് എനിക്കു തോന്നുന്നു.”
“നേരം അസ്തമിച്ചു വെളുക്കുമ്പോഴേക്കും നീ പഴയതുപോലെ ഒരു ചുണക്കുട്ടനാവും -പിന്നെ ആറുവിരലന്‍ മനുഷ്യന്റെ പേര്‍ റൂഗന്‍ പ്രഭു എന്നാണ്. അയാളിപ്പോള്‍ ഇവിടെ ഫ്‌ളോറിന്‍ നഗരത്തിലുണ്ട്.”
“അതിശയംതന്നെ…” ബോധം കെടുന്നതിന് മുന്‍പ് ഇത്രയെങ്കിലും പറയാന്‍ ഇനിഗോയ്ക്ക് കഴിഞ്ഞു.
ഫെസിക് ഇനിഗോയെ പിടിച്ചുകുലുക്കി. ഒരനക്കവുമില്ല. ഫെസിക് ഓടി താഴെയിറങ്ങി ഒരു വലിയ കുട്ടകം നിറയെ ആവി പറക്കുന്ന വെള്ളവുമായെത്തി. എന്നിട്ട് ഇനിഗോയെ വെള്ളത്തിന് മുകളില്‍ ഒരു കൈകൊണ്ട് താങ്ങി ഉയര്‍ത്തി നിര്‍ത്തി ആവികൊള്ളിക്കാന്‍ തുടങ്ങി. ഇനിഗോയുടെ രോമകൂപങ്ങളില്‍ നിന്ന് ബ്രാണ്ടി വിയര്‍പ്പായി പുറത്തേക്കൊഴുകിത്തുടങ്ങി. പിന്നീടവന്‍ കുട്ടകത്തിലെ ചൂടുവെളളം നീക്കി തണുത്തവെള്ളം നിറച്ചു. എന്നിട്ടതില്‍ ഇനിഗോയെ മുക്കി. പിന്നീട് തണുത്തവെള്ളം നീക്കി. ചൂടുവെള്ളം നിറച്ചു.
ഇനിഗോയുടെ രോമകൂപങ്ങളില്‍നിന്ന് ബ്രാണ്ടി പുറത്തേക്ക് ചീറ്റി ഒഴുകിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം ഈ പ്രയോഗം തുടര്‍ന്നുകൊണ്ടിരുന്നു. അതിനുശേഷം ഒരു ചായ, ഒരു കഷണം റൊട്ടി. വീണ്ടും ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും പ്രയോഗം. അതു കഴിഞ്ഞൊരു കുട്ടിയുറക്കം. വീണ്ടും ചായയും റൊട്ടിയും. എന്നിട്ടേറ്റവും നീണ്ട ആവിപ്രയോഗം. ഇത്തവണ പുറത്തേക്കൊഴുകാന്‍ ബ്രാണ്ടി ഏറെ ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ വീണ്ടുമൊരു തണുതണുത്ത കുളി. പിന്നെ രണ്ടു മണിക്കൂര്‍ നേരം ഉറക്കം. ഉച്ചകഴിഞ്ഞപ്പോഴേക്കും ഇനിഗോയ്ക്ക് അടുക്കളയില്‍ വന്നിരിക്കാമെന്നായി. ഇനിഗോയുടെ കണ്ണുകള്‍ക്ക് തൊണ്ണൂറ് ദിവസത്തിനുശേഷം ആദ്യമായി ആ പഴയ തിളക്കം തിരിച്ചുകിട്ടി.
അയാളുടെ കൈകള്‍ക്ക് വിറയലുണ്ടായിരുന്നു. എന്നാലും അത്ര വ്യക്തമല്ല. ബ്രാണ്ടിയില്‍ കുളിക്കുന്നതിനു മുന്‍പുള്ള ആ പഴയ ഇനിഗോയ്ക്ക് ഈ പുതിയ ഇനിഗോയെ വാള്‍പ്പയറ്റില്‍ അറുപത് മിനിട്ടുകൊണ്ടു തോല്പിക്കാം. എന്നാല്‍ ലോകത്തിലെ മറ്റു വമ്പരില്‍ മിക്കവരും അഞ്ചുമിനുട്ട് പിടിച്ചു നില്ക്കില്ല.
“ഇനിയെല്ലാം എന്നോടു പറയൂ. ഞാനിവിടെ കള്ളുഷാപ്പില്‍ കഴിഞ്ഞ കാലത്ത് നീ ഇവിടെ ഉണ്ടായിരുന്നോ…”
കുറച്ചുകാലം ഞാനൊരു മുക്കുവഗ്രാമത്തില്‍ കഴിഞ്ഞുകൂടി. പിന്നെ അലഞ്ഞുനടന്നു. ഒടുക്കം എങ്ങനെയോ ഗില്‍ഡറില്‍തന്നെ എത്തി. അവിടെ ഫ്‌ളോറിനിലെ കല്യാണത്തെപ്പറ്റിയാണെല്ലാവരും സംസാരിച്ചിരുന്നത്. ചിലപ്പോള്‍ ഒരു യുദ്ധമുണ്ടായേക്കുമെന്നും. പെട്ടെന്ന് എനിക്ക് ബട്ടര്‍കപ്പിന്റെ ഓര്‍മ്മ വന്നു. അവളെത്ര സുന്ദരിയാണ്. അവളുടെ ശരീരത്തിന്റെ മൃദുലതയും സുഗന്ധവും എനിക്കോര്‍മ്മ വന്നു. അവളുടെ കല്യാണം കാണാനെനിക്ക് പൂതി തോന്നി. ഞാനിവിടെയെത്തി. കയ്യിലുള്ള പണം ആരോ അതിനിടെ തട്ടി. അപ്പോഴാണ് ഒരു ഭീകരസംഘത്തെ ഉണ്ടാക്കുന്ന കാര്യം ഞാനറിഞ്ഞത്.
ഞാനും പോയി. എന്റെ ശക്തി പരീക്ഷിക്കാന്‍ അവരെന്നെ ഗദകള്‍ കൊണ്ടടിച്ചു. ഗദകളൊക്കെ ഒടിഞ്ഞപ്പോള്‍ ഞാന്‍ യോഗ്യനാണെന്നവര്‍ക്ക് മനസ്സിലായി. സുഖം തന്നെ. നല്ല ശമ്പളവും.
“ആ കറുത്ത മുഖംമൂടി നിന്നെ തോല്പിച്ചോ…”
“ശരിക്കും…”
“അയാളാണോ വസിനിയെ കൊന്നത്?”
“അതാണെന്റെ വിശ്വാസം….”
“അയാള്‍ വാളാണോ ഉപയോഗിച്ചത്…”
ഫെസിക് ആലോചിക്കാന്‍ ശ്രമിച്ചു.
“വാളിന്റെ മുറിവൊന്നും കണ്ടില്ല. വിഷമായിരിക്കണം.”
“എന്തിനാ വസിനി വിഷം കഴിച്ചത്…”
ഫെസിക്കിന് ഒരു പിടിയുമില്ല.
“എന്തായാലും വസിനി ചത്തതുതന്നെ. അതെനിക്കുറപ്പാണ്.”
ഇനിഗോ അടുക്കളയിലൂടെ പതുക്കെ നടക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അവന്റെ നടത്തത്തിന് പഴയ വേഗതയും കുതിപ്പും ഊര്‍ജസ്വലതയും കിട്ടാന്‍ തുടങ്ങി.
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.