| Friday, 27th February 2015, 11:12 am

ബട്ടര്‍കപ്പ് : കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: അന്‍പത്തിനാല്

ഡൂള്‍ന്യൂസ് ഡെസ്‌ക്


     കുട്ടികള്‍ക്കുള്ള നോവല്‍

 ഭാഗം:54


കാട്ടുപട്ടിയുടെ കരച്ചിലിനേക്കാള്‍ ദാരുണമായിരുന്നു അത്. പട്ടിയുടെ കാര്യത്തില്‍ ഡയല്‍ ആറില്‍ ആയിരുന്നു. ഇവിടെ ഇപ്പോള്‍ ഇരുപതില്‍. മറ്റേതിന്റെ മൂന്നിരട്ടിയിലേറെ നീളമുണ്ട്. മൂന്നിരട്ടിയിലേറെ ഒച്ചയുമുണ്ട്. പക്ഷേ, ഇതൊന്നുമല്ല കാര്യം.
ഇതൊരു മനുഷ്യന്റെ തൊണ്ടയില്‍നിന്നാണുയരുന്നത്. അതാണ് വ്യത്യാസം.
മുറിക്കുള്ളിലിരുന്നു ബട്ടര്‍കപ്പതു കേട്ടു. അതവളെ വല്ലാതെ ഭയപ്പെടുത്തി. എന്താണതെന്നൊരു പിടിയും അവള്‍ക്ക് കിട്ടിയില്ല.
കോട്ടയുടെ പ്രധാന കവാടത്തില്‍നിന്ന് യെല്ലിനും അതുകേട്ടു. അത
യാളെയും പേടിപ്പിച്ചു. അതെന്താണെന്ന് സങ്കല്പിക്കാന്‍ അയാള്‍ക്കും കഴിഞ്ഞില്ല.
പ്രധാന കവാടത്തിലെ നൂറു ഭീകരന്മാരും ഇതു കേട്ടു. ഏറെനേരം അവരിതേക്കുറിച്ചു സംസാരിച്ചു. എന്നാലാര്‍ക്കും ഇതെന്താണെന്ന് മനസ്സിലായില്ല.
ചത്വരത്തില്‍ നിറയെ സാധാരണക്കാര്‍ ഉണ്ടായിരുന്നു. അവരെല്ലാം വിവാഹാഘോഷങ്ങള്‍ക്കായ് നേരത്തേ സ്ഥലം പിടിച്ചവരാണ്. അവരും ഈ ശബ്ദം കേട്ടു. ഇതെന്താണെന്ന് അവരിലാര്‍ക്കും മനസ്സിലായില്ല. രാത്രി കനക്കാന്‍ തുടങ്ങിയതോടെ രോദനം ഉച്ചത്തിലുച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി.
ചത്വരത്തിലേക്കുള്ള എല്ലാ നിരത്തും നിറഞ്ഞുകവിഞ്ഞിരുന്നു. രാജ്യത്തിലെ പ്രജകള്‍ മുഴുവന്‍ ചത്വരത്തില്‍ തിങ്ങിക്കൂടാന്‍ തിരക്കിടുകയാണ്. അവരും ഈ ശബ്ദം കേട്ടു. ഇതെന്താണെന്ന് ആലോചിക്കാന്‍ അവര്‍ മിനക്കെട്ടില്ല.

പക്ഷേ, ഇനിഗോയ്ക്ക് പെട്ടെന്ന് മനസ്സിലായി. അവന്‍ ഫെസിക്കിനോടൊപ്പം നിരത്തിലൂടെ, തിരക്കിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്നു.

മുന്നോട്ടു നീങ്ങാന്‍ ഒരു പഴുതുമില്ല.
“ആ ശബ്ദം എനിക്ക് തീരെ ഇഷ്ടമാവുന്നില്ല.” ഫെസിക് പറഞ്ഞു. ഇനിഗോ ഫെസിക്കിന്റെ കരം കവര്‍ന്നു. വാക്കുകള്‍ പ്രവഹിക്കുവാന്‍ തുടങ്ങി.
“ഫെസിക്… ഫെസിക്, ഏററവും പരമമായ വേദനയുടെ ശബ്ദമാണത്. ആ ശബ്ദം എനിക്കറിയാം. റൂഗന്‍ പ്രഭു എന്റെ അച്ഛനെ കശാപ്പുചെയ്തപ്പോള്‍, എന്റെ അച്ഛന്‍ നിലത്തുവീണു പിടഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ആ ശബ്ദമുണ്ടായിരുന്നു. കറുത്ത മുഖംമൂടിയുടെ തൊണ്ടയിലാണ് ഇപ്പോള്‍ ആ ശബ്ദം.”
“അയാളാണതെന്ന് നീ കരുതുന്നുണ്ടോ?”
“ഈ ഉത്സവത്തിന്റെ രാത്രിയില്‍ മറ്റാര്‍ക്കാണതിന് കഴിയുക…” ആ ശബ്ദത്തിന്റെ പിറകെ അവര്‍ കുതിച്ചു.
പക്ഷേ, എങ്ങനെ? ഈ തിരക്കില്‍നിന്നെങ്ങനെ രക്ഷപ്പെടും. “ഫെസിക്. ഫെസിക് നമുക്കാ ശബ്ദത്തിന്റെ അടുക്കലെത്തണം. എനിക്ക് നീങ്ങാനാവുന്നില്ല. ഫെസിക് എന്നെയുംകൊണ്ടു പറക്കൂ. ഞാന്‍ നിന്നോടു യാചിക്കുന്നു. ദയവുചെയ്ത്…”
ഫെസിക്കിനോടങ്ങനെ യാചിക്കേണ്ട കാര്യം വല്ലതുമുണ്ടോ? പ്രത്യേകിച്ചും ഇനിഗോ. ഫെസിക് ആള്‍ക്കാരെ തട്ടിമാറ്റി തട്ടിത്തെറിപ്പിച്ചു പറക്കാന്‍ തുടങ്ങി. പിന്നാലെ ഇനിഗോയും. അവരുടെ വഴിയില്‍നിന്നും ആള്‍ക്കാര്‍ ഓടിമാറി. വിരണ്ടോടുന്ന ആനയെ കണ്ടാലെന്നപോലെ. ഇപ്പോള്‍ ശബ്ദം പതുക്കയേ കേള്‍ക്കാനുള്ളൂ. ശ്രദ്ധിച്ചാല്‍ മാത്രം.
ശബ്ദം ഇപ്പോഴും കേള്‍ക്കാം. വളരെ പതുക്കെ. ആ വലിയ ചത്വരത്തിനുള്ളില്‍, കോട്ടമതിലിനുള്ളില്‍… നേരിയ ഞരക്കംപോലെ…
യന്ത്രത്തിനരികെ വെസ്റ്റ്‌ലി മരിച്ചുകിടന്നു. ആവശ്യത്തിലും ഏറെനേരം രാജകുമാരന്‍ ഡയല്‍ ഇരുപതില്‍ത്തന്നെ നിറുത്തി. ഒടുവില്‍ പ്രഭു പറഞ്ഞു: “തീര്‍ന്നു.”
വെസ്റ്റ്‌ലിയെ തിരിഞ്ഞൊന്നു നോക്കുകകൂടി ചെയ്യാതെ രാജകുമാരന്‍ മുറിവിട്ടു പുറത്തിറങ്ങി. “അവളെന്നെ ഭീരുവെന്ന് വിളിച്ചു…” അയാള്‍ മുറുമുറുത്തു.
റൂഗന്‍പ്രഭു തിരക്കിട്ടെഴുതാന്‍ തുടങ്ങി. അവസാനം അയാള്‍ പേന വലിച്ചെറിഞ്ഞു. അയാള്‍ വെസ്റ്റ്‌ലിയെ പരിശോധിച്ചു. എന്നിട്ടയാള്‍ തലകുലുക്കി. മരണം അയാള്‍ക്കത്ര താല്പര്യമുള്ള വിഷയമല്ല. മരിച്ചു കഴിഞ്ഞവര്‍ക്ക് വേദനയോട് പ്രതികരിക്കാനാവില്ലല്ലോ?
“ശവം കൊണ്ടുപോയി കളയൂ.”



ആല്‍ബിനോയെ അയാള്‍ക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും അവനവിടെ ഉണ്ടാവുമെന്നയാള്‍ക്കറിയാം. പടി കയറുമ്പോള്‍ റൂഗന്‍ ദുഃഖിതനായിരുന്നു. വെസ്റ്റ്‌ലിയെപ്പോലുള്ള ഒരാളെ എപ്പോഴും കിട്ടില്ലല്ലോ!
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആല്‍ബിനോ പുറത്തുവന്നു. ശവത്തില്‍നിന്ന് കപ്പുകളൊക്കെ വേര്‍പെടുത്തി. കോട്ടയ്ക്ക് പിന്നില്‍ ചപ്പുചവറുകള്‍ കത്തിച്ചുകളയുന്നിടത്ത് ശവം കൊണ്ടുപോയി തള്ളാമെന്നു നിനച്ചു. അതിനൊരു ഉന്തുവണ്ടി വേണം. അയാള്‍ പണിയായുധങ്ങള്‍ സൂക്ഷിച്ചിടത്തേക്ക് പോയി. അയാള്‍ക്ക് ദേഷ്യം വരുന്നുണ്ട്. തിരക്കുള്ളപ്പോഴാണീ കുന്ത്രാണ്ടമൊക്കെ, എപ്പോഴും തിരക്കുതന്നെ. വണ്ടിയുമെടുത്തു തിരിച്ചുവരുമ്പോഴാണ് ഒരു ശബ്ദം അവനെ പിടിച്ചുനിര്‍ത്തിയത്.
“അവന്റെ ശബ്ദത്തിന്റെ ഉറവിടം എവിടെയാണ്?”
കയ്യിലൊരു വാളുമായി വാളിനേക്കാള്‍ മെലിഞ്ഞ ഒരു അപരിചിതന്‍. അയാളുടെ രണ്ടു കവിളുകളിലും ആര്‍ക്കും മറക്കാന്‍ കഴിയാത്ത മുറിപ്പാടുകള്‍. ആല്‍ബിനോയുടെ കഴുത്തില്‍ വാളിന്റെ മുന തൊടീച്ചുകൊണ്ടയാള്‍ വീണ്ടും ചോദിച്ചു: “കറുത്ത മുഖംമൂടി എവിടെ…”
“കറുത്ത മുഖംമൂടിയെ എനിക്കറിയില്ല…”
“ആ കരച്ചില്‍ എവിടെ നിന്നാണ് വന്നത്…”
അവന്‍ തലയാട്ടി.
“അതു വന്ന കഴുത്തേതാണ്. അയാളെ എനിക്കു വേണം. വേഗം വേണം.”
ആല്‍ബിനോ മന്ത്രിച്ചു:
“വെസ്റ്റ്‌ലി.”
“ഒരു നാവികന്‍. റൂഗന്‍ കൊണ്ടുവന്നവന്‍.”
വീണ്ടും തലയാട്ടല്‍.
“അവനെവിടെ?”
ആല്‍ബിനോ ഒരു നിമിഷം സംശയിച്ചുനിന്നു. പിന്നെ താഴേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടവന്‍ പറഞ്ഞു:
“അയാളേറ്റവും താഴത്താണ്. അഞ്ചാംനിലയില്‍…”
“ഇനി എനിക്ക് നിന്റെ ആവശ്യമില്ല. ഫെസിക്ക് അവനെ കുറച്ചുനേരത്തേ നിശ്ശബ്ദനാക്കൂ…”
പിന്നില്‍നിന്ന് ഭീമാകാരമായ ഒരു നിഴല്‍ നീണ്ടുവരുന്നത് ആല്‍ബിനോ കണ്ടു. അത്ഭുതംതന്നെ, ബോധംകെടുന്നതിന് മുന്‍പവനോര്‍ത്തു. അതൊരു മരമാണെന്നാ കരുതിയത്…
ഇനിഗോയ്ക്ക് തീപിടിച്ചു കഴിഞ്ഞിരുന്നു. ഇനി നില്‍ക്കാന്‍ പറ്റില്ല. ഫെസിക്കിന് എന്നാലും ഒരു സംശയം.
“അവന്‍ സത്യമായിരിക്കുമോ പറഞ്ഞിട്ടുണ്ടാവുക.”
“അവനൊരു വെറും സൂക്ഷിപ്പുകാരനാണ്. മരിക്കാന്‍ പോവുന്നവന്‍ എന്തിന് കള്ളം പറയണം.”
“എനിക്ക് മനസ്സിലായില്ല.”
“സാരമില്ല.” ഇനിഗോ കര്‍ശനമായി പറഞ്ഞു. ഇനിഗോയ്ക്ക് ഉള്ളിന്റെയുള്ളില്‍ അറിയാം കറുത്ത മുഖംമൂടി താഴെയുണ്ടെന്ന്. ഫെസിക്കിനവനെ കണ്ടെത്തേണ്ട കാര്യമില്ല. ഫെസിക്കിന് റൂഗനെയുമറിയണ്ട. കാത്തിരിപ്പിന്റെ നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം എല്ലാം ഒത്തുവന്നിരിക്കുന്നു. ദൈവമുണ്ടെങ്കില്‍ കറുത്ത മുഖംമൂടിയെ കാണും. ഇനിഗോയ്ക്കതറിയാം. അത് ശരിയുമായിരുന്നു. പക്ഷേ, ധാരാളം കാര്യങ്ങള്‍ അവനറിയില്ലായിരുന്നു. അവന്‍ അന്വേഷിക്കുന്ന കറുത്ത മുഖംമൂടി മരിച്ചുകഴിഞ്ഞിരുന്നു. അവര്‍ പോവുന്ന വഴി തെറ്റായിരുന്നു. തെറ്റെന്ന് മാത്രമല്ല. അതൊരിക്കലുമില്ലാത്ത വഴിയായിരുന്നു. ആള്‍ക്കാരെ വഴിതെറ്റിക്കാന്‍വേണ്ടിയുള്ള ഇല്ലാത്ത വഴി. മാത്രമല്ല, അതിനു ചുവട്ടില്‍ വിഷം ചീറ്റുന്ന മൂര്‍ഖന്‍ പാമ്പുകളുണ്ട്. അതൊന്നും അവനറിയില്ലായിരുന്നു.
പക്ഷേ, അവന്റെ പ്രതികാരം. കറുത്ത മുഖംമൂടിക്കേ അതിന്റെ വഴി അറിയൂ. ഇനിഗോയ്ക്കത് മാത്രം മതി.
തിരക്കിട്ടവര്‍ മുന്നോട്ടുപോയി. അത് നിരാശയാവും എന്നവരറിഞ്ഞില്ല.
ഇനിഗോയും ഫെസിക്കും മരണത്തിന്റെ കാഴ്ചബംഗ്ലാവിനെ സമീപിച്ചു…

തുടരും

                                                                                                                                 ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

                                                                                                                               വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


We use cookies to give you the best possible experience. Learn more