| Monday, 13th October 2014, 6:56 pm

ബട്ടര്‍കപ്പ് : കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: അന്‍പത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുടിയന്‍ കയ്യിലൊരു കുപ്പി ബ്രാണ്ടിയുമായി വീപ്പയുടെ മോളില്‍ കയറിക്കൂടിയിരിക്കുകയാണ്. ബഹളക്കാരന്‍ അവനെ വിളിച്ചു:

“ഹേയ്…”
“ആരടാ… ഹേയ്…. എന്ന് വിളിക്കാന്‍. പോടാാ…”


കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: ഭാഗം: അന്‍പത്‌


പല സംഘങ്ങളിലായി ഭീകരന്മാര്‍ വണ്ടികളില്‍ ആളുകളുമായി എത്തിക്കൊണ്ടിരുന്നു.

“ബ്രാണ്ടിക്കുപ്പിയുമായി വാള്‍പ്പയറ്റുകാരന്‍ ബാക്കിയാണ്. ഇന്നലെ അയാളെ പിടിക്കാന്‍ നോക്കി. പറ്റിയില്ല”.
“ഒരു കുടിയന്റെ കാര്യത്തില്‍ വേവലാതിപ്പെടാനൊന്നുമില്ല. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നവനെ പിടിച്ചു വണ്ടിയിലിടൂ.”

ഞങ്ങളിപ്പം അവനെ ശരിയാക്കിത്തരാം എന്നു വീമ്പും പറഞ്ഞ് ബഹളക്കാരന്‍ പുറപ്പെട്ടു. പിന്നാലെ വണ്ടിയുമായി മിണ്ടാപ്പൂതവും. ഇന്നലെ ചില ഭീകരന്മാര്‍ കുടിയനെ പിടിക്കാന്‍ ഇറങ്ങിയതാണ്. പക്ഷേ, കുടിയന്റെ വാളൊരു അത്ഭുതസാധനമാണ്. അല്പമകലെ കുടിയന്റെ പുലമ്പല്‍ അവര്‍ വ്യക്തമായി കേട്ടുതുടങ്ങി.

“വസിനി, എനിക്ക് ബോറടിച്ചുതുടങ്ങി. മൂന്നുമാസം കാത്തിരിക്കാന്‍ പറഞ്ഞാല്‍ ശരിക്കും ബോറടിയാണ്. ഞാനൊരു ശുണ്ഠിക്കാരന്‍ സ്പാനിയാര്‍ഡാണ്. വസിനീ, നീയൊരു മുരടന്‍ സിസിലിയനാണ്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ നീയെത്തിയില്ലെങ്കില്‍ പിന്നെ നീയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല. മനസ്സിലായോ. ഓ… ഞാന്‍ വെറുതെ പറഞ്ഞതാ. നീ നിനക്ക് പറ്റുമ്പോള്‍ വന്നാല്‍ മതി. ഞാനിവിടെ ഉണ്ടാകും… ഈ വീപ്പേടെ മോളില്‍ത്തന്നെ…”
“ദിവസം മുഴുവന്‍ അവനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. നീ വണ്ടി ഇവിടെ നിര്‍ത്തിക്കോ. ഞാനവന്റെ അടുത്തു പോകാം. ഒരു ചെറിയ ട്രിക്കുണ്ട്.”-ബഹളക്കാരന്റെ വാചകമടി.

കുടിയന്‍ കയ്യിലൊരു കുപ്പി ബ്രാണ്ടിയുമായി വീപ്പയുടെ മോളില്‍ കയറിക്കൂടിയിരിക്കുകയാണ്. ബഹളക്കാരന്‍ അവനെ വിളിച്ചു:

“ഹേയ്…”
“ആരടാ… ഹേയ്…. എന്ന് വിളിക്കാന്‍. പോടാാ…”
“എന്നെ ഹംപര്‍ഡിന്‍ക് രാജകുമാരന്‍ അയച്ചതാണ്. നാളെ ഫ്‌ളോറിന്‍ രാജ്യത്തിന്റെ അഞ്ഞൂറാം വാര്‍ഷികമാണ്. നാളെ ഒരു വാള്‍പ്പയറ്റു മത്സരമുണ്ട്. അതിനു ജയിക്കുന്ന ആള്‍ക്ക് മറ്റന്നാള്‍ രാജാവിന്റെയും രാജ്ഞിയു
ടെയും മുമ്പില്‍ വാള്‍പ്പയറ്റു പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടും. ഭയങ്കര ബഹുമതിയായിരിക്കും. ഞാന്‍ നിന്നെത്തേടി വന്നതാണ്. നിനക്ക് വാള്‍പ്പയറ്ററി
യില്ലേ…?”
“പുല്ലുപോലെ…”
“എന്നാല്‍ വേഗം പുറപ്പെട്ടോളൂ. സമയമില്ല.”

സ്പാനിയാര്‍ഡ് എഴുന്നേറ്റു നില്ക്കാന്‍ ശ്രമിച്ചു. വാള്‍ അരയില്‍നിന്ന് വലിച്ചൂരി അയാള്‍ വീശാന്‍ തുടങ്ങി.

“സമയമില്ല… വേഗം.” ബഹളക്കാരന്‍ അക്ഷമനായി.
“ഞാനില്ല… ഞാന്‍ വസിനിയെ കാത്തിരിക്കാ…”

ബഹളക്കാരന്റെ പിന്നില്‍ നില്ക്കുന്ന തടിയന്‍ മിണ്ടാപ്പൂതത്തിനെ അയാള്‍ ഒരിക്കല്‍ നോക്കി. എന്നിട്ടു പതുക്കെ പറഞ്ഞു:
“ഫെസിക്…”

ഇനിഗോ ഉച്ചത്തിലലറിക്കൊണ്ട് മുന്നോട്ട് വേച്ചുവേച്ചു നീങ്ങി:
“ഫെസിക്… നീ…”

“അതെ..” മിണ്ടാപ്പൂതം മുന്നോട്ടു ചാടിവീണ് ഇനിഗോയെ താങ്ങി.

“അവനെ അങ്ങനെ പിടിച്ചുനിര്‍ത്തൂ.” -ബഹളക്കാരന്‍ പറഞ്ഞു.

ഫെസിക്ക് ഇടതുകൈ ഉയര്‍ത്തി ഫോള്‍ക്ക് ഡ്രിഡ്ജിനെ ചെയ്തതുപോലെ ആഞ്ഞൊരൊറ്റ ഇടി.
“സ്പ്ലാറജ്…”

ഫെസിക് ബോധംകെട്ട ബഹളക്കാരനെ വണ്ടിയില്‍ ഫോള്‍ക്ഡ്രിഡ്ജിനടുത്തുതന്നെ കിടത്തി. എന്നിട്ടൊരു കാന്‍വാസ് ഷീറ്റുകൊണ്ട് രണ്ടെണ്ണത്തിനെയും പുതപ്പിച്ചു. എന്നിട്ടു ഇനിഗോയുടെ നേരെ നടന്നു. ഫെസിക് ഇനിഗോയെ ഒരു ചുമരിന് ചാരി നിര്‍ത്തിയിരിക്കുകയാണ്.

“നിന്നെ കണ്ടെത്തിയത് എത്ര ഭാഗ്യം.” ഫെസിക് പറഞ്ഞു.
“ശരിയാ… ശരിയാ… പക്ഷേ, എനിക്കൊന്നും ആവില്ല…”

ഇനിഗോ ബോധംകെട്ടു നിലത്തുവീണു. നിരന്തരമായ കുടിയും ഭക്ഷണമില്ലായ്മയും മാനസികവ്യഥയും ഒക്കെക്കൂടെ അയാളെ തകര്‍ത്തിരുന്നു.

ഫെസിക് ഒരു കൈകൊണ്ടയാളെ താങ്ങിയെടുത്തു. മറുകൈകൊണ്ട് വണ്ടിയുന്തി ഫോള്‍ക്ക് ഡ്രിഡ്ജിന്റെ വീട്ടിലെത്തി. ഇനിഗോയെ വീടിന്റെ മുകള്‍ത്തട്ടിലെ ഫോള്‍ക്ക് ഡ്രിഡ്ജിന്റെ കിടപ്പുമുറിയിലെ തൂവല്‍ക്കിടക്കയില്‍ കിടത്തി. എന്നിട്ട് ധൃതിവെച്ചു വണ്ടിയുന്തി കള്ളന്മാരുടെ കേന്ദ്രത്തിന്റെ പുറത്തുകടന്നു. പുറത്തുവെച്ച് ആകെ പിടികൂടിയവരുടെ ബൂട്ടുകള്‍ എണ്ണിനോക്കി. എണ്ണം കിറുകൃത്യം. രാവിലെ പതിനൊന്നു മണിയായപ്പോഴേക്കും കള്ളന്മാരുടെ കേന്ദ്രം ഔദ്യോഗികമായി ഒഴിപ്പിക്കപ്പെട്ടതായി പ്രഖ്യാപനമുണ്ടായി. ചുറ്റുമതിലിന്റെ വാതില്‍ അടച്ചു താഴിടുകയും ചെയ്തു.
തുടരും

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


We use cookies to give you the best possible experience. Learn more