| Monday, 23rd July 2012, 5:06 am

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അവള്‍ക്ക് പതിനേഴ് വയസ്സായപ്പോള്‍ ഒരു ദിവസം ഒരു സവാരിവണ്ടിയില്‍ ഒരാള്‍ അവളുടെ ഗ്രാമത്തിലെത്തി. പീടികയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന ബട്ടര്‍കപ്പിനെ കണ്ടയാള്‍ തരിച്ചുനിന്നു. അവള്‍ തിരിച്ചുവരുമ്പോഴും അയാള്‍ അവിടെത്തന്നെ തറഞ്ഞു നില്ക്കുകയായിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍
രണ്ടാം ഭാഗം


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഏതായാലും ബട്ടര്‍കപ്പ് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സംഗതികള്‍ അതിന്റെ വഴിക്ക് നീങ്ങിക്കൊണ്ടിരുന്നു. ബട്ടര്‍കപ്പിന് പതിനാറ് വയസ്സായപ്പോള്‍ ഒരു ദിവസം അവളോര്‍ത്തു; ഗ്രാമത്തിലെ ഒരൊറ്റ പെണ്‍കുട്ടിയും തന്നോട് മിണ്ടാറില്ലെന്ന്. അല്ലെങ്കിലും മറ്റ് പെണ്‍കുട്ടികളുമായി അവള്‍ക്ക് വലിയ ലോഹ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാലും, ബട്ടര്‍കപ്പ് കുതിരപ്പുറത്ത് കടന്നുപോവുമ്പോള്‍ അവരൊക്കെ അവളെ നോക്കാറും തലകുലുക്കാറുമൊക്കെ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അവളെ കണ്ടാല്‍ അവരൊക്കെ മുഖം തിരിച്ചുകളയും.

[]

ഒരു ദിവസം ബട്ടര്‍കപ്പ് കൊല്ലന്റെ ആലയില്‍ വെച്ച് ഇക്കാര്യം കൊര്‍ണീലിയയോട് തുറന്നടിച്ചു ചോദിച്ചു.
“നീ ഇത്രയൊക്കെ ചെയ്തിട്ട് അതു ചോദിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു”- കൊര്‍ണീലിയ.
“എന്ത്? ഞാനെന്താ ചെയ്തത്?…”
“എന്തു ചെയ്‌തെന്നോ… നീ അവരെയൊക്കെ തട്ടിപ്പറിച്ചെടുത്ത് സ്വന്തമാക്കിയില്ലേ.” ഇതും പറഞ്ഞു കോര്‍ണീലിയ ഓടിപ്പോയ്ക്കളഞ്ഞു.

അവരാരാണെന്ന് ബട്ടര്‍കപ്പിന് മനസ്സിലായി. ഗ്രാമത്തിലെ ആണ്‍കുട്ടികള്‍. ബട്ടര്‍കപ്പിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഫൂ, ആര്‍ക്കുവേണം അവരെ. പോത്തുകള്‍. അവരെന്തിന് പറ്റും?. കഴുതകള്‍, വിലകെട്ട ഫലിതം പറഞ്ഞ് തന്നെ വെറുപ്പിക്കാനല്ലാതെ അവര്‍ക്കെന്തു കഴിയും?

അവരാരാണെന്ന് ബട്ടര്‍കപ്പിന് മനസ്സിലായി. ഗ്രാമത്തിലെ ആണ്‍കുട്ടികള്‍. ബട്ടര്‍കപ്പിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഫൂ, ആര്‍ക്കുവേണം അവരെ.

ഇടയ്ക്ക് അവര്‍ ചോദിക്കും:
“ബട്ടര്‍കപ്പ്, ഞാന്‍ നിന്റെ കുതിരയെ തുടയ്ക്കട്ടെ.”
“നന്ദി, അതെല്ലാം കാലിച്ചെക്കന്‍ ചെയ്യും.”
“ഞാനുംകൂടി നിന്റെയൊപ്പം വരട്ടെ, ബട്ടര്‍കപ്പ്.”
“നന്ദി. എനിക്കൊറ്റയ്ക്ക് പോവുന്നതാണിഷ്ടം.”
“നിനക്ക് വലിയ അഹംഭാവമാണല്ലേ, ബട്ടര്‍കപ്പ്”?
“അല്ലാ, എനിക്കൊറ്റയ്ക്ക് പോവുന്നതാണ് ഇഷ്ടം, അത്രമാത്രം.”

പിന്നെപ്പിന്നെ ഇത്തരം കൊച്ചുവര്‍ത്തമാനങ്ങള്‍ അവളെ പിന്തുടരുന്നതിലും അവള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആഹ്ലാദിക്കുന്നതിലും ചെന്നെത്തി. പിന്നെ വെറും കാലാവസ്ഥയെക്കുറിച്ചുള്ള ചില കൊച്ചു വര്‍ത്തമാനങ്ങളുമായി. എന്തെങ്കിലും അവളോട് ചോദിക്കാന്‍ എല്ലാ ആണ്‍കുട്ടികളും കൊതിച്ചു.
“ഇന്നു മഴ പെയ്യും അല്ലെ ബട്ടര്‍കപ്പ്?”
“പെയ്യില്ല. നല്ല തെളിഞ്ഞ ആകാശം.”
“എന്നാലും, ഇന്നു മഴപെയ്യും.”
“എനിക്കറിയില്ല”.
“നിനക്ക് വല്ലാത്ത അഹംഭാവമാണല്ലേ. ബട്ടര്‍കപ്പ്.”
“അല്ല. എനിക്കു തോന്നി മഴപെയ്യില്ലെന്ന്. അത്രമാത്രം.”
രാത്രി ഇരുട്ടില്‍, അവളുടെ ജനലിന് കീഴെ വന്നുനിന്ന് ആണ്‍കുട്ടികള്‍ തമാശ പറഞ്ഞു ചിരിക്കും. അവള്‍ അവരെ ശ്രദ്ധിച്ചില്ല. പലപ്പോഴും തമാശകള്‍ പരിഹാസത്തിലേക്ക് തിരിയും. എന്നാലും അവള്‍ ശ്രദ്ധിക്കാറില്ല. ഇതൊക്കെ അതിരു കടക്കുമ്പോള്‍ കാലിച്ചെക്കന്‍ ഇരുട്ടില്‍നിന്ന് പെട്ടെന്ന് അവരുടെ മുമ്പില്‍ ചാടിവീഴും. എന്നിട്ടവരെ തല്ലി ഓടിക്കും.

ബട്ടര്‍ കപ്പ് അവനോട് ഇക്കാര്യത്തിന് നന്ദി പറയാന്‍ ഒരിക്കലും മറക്കാറില്ല. “നിന്റെ ഇഷ്ടം പോലെ.” എന്നു മാത്രം അവന്‍ മറുപടി പറയും.
അവള്‍ക്ക് പതിനേഴ് വയസ്സായപ്പോള്‍ ഒരു ദിവസം ഒരു സവാരിവണ്ടിയില്‍ ഒരാള്‍ അവളുടെ ഗ്രാമത്തിലെത്തി. പീടികയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന ബട്ടര്‍കപ്പിനെ കണ്ടയാള്‍ തരിച്ചുനിന്നു. അവള്‍ തിരിച്ചുവരുമ്പോഴും അയാള്‍ അവിടെത്തന്നെ തറഞ്ഞു നില്ക്കുകയായിരുന്നു. ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ അവളെ കണ്ടുകൊണ്ടിരിക്കാന്‍ എത്ര നാഴിക വേണമെങ്കിലും അവളുടെ പിന്നാലെ അലഞ്ഞുനടക്കാറുണ്ടായിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് ഒരു മാന്യന്‍ അവളെ ഇങ്ങനെ തറഞ്ഞുനോക്കുന്നത്. ഈ മനുഷ്യനാണ് പിന്നീടവളെക്കുറിച്ച് പ്രഭുവിനോട് പറയുന്നത്. ആ മനുഷ്യന്റെ പേരെന്താണെന്ന് നമുക്കാര്‍ക്കുമറിയില്ല. അറിയേണ്ട കാര്യവുമില്ല.

‘നീ ഇത്രയൊക്കെ ചെയ്തിട്ട് അതു ചോദിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു’- കൊര്‍ണീലിയ.

കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോന്നിരുന്നത് അയാളുടെ മകന്‍ ഹംപര്‍ഡിന്‍ക് രാജകുമാരനായിരുന്നു. അയാളുടെ രാജ്യഭരണം വെറും വേട്ടയാടല്‍ മാത്രമായിരുന്നു.

ഇനി സുന്ദരിയുടെ രാജ്യത്തെക്കുറിച്ച് കേള്‍ക്കണ്ടേ? രാജ്യം ഭരിച്ചിരുന്നത് ലോതാറന്‍ രാജാവും അയാളുടെ രണ്ടാമത്തെ ഭാര്യ ബെല്ലയുമായിരുന്നു. രാജാവ് പേരിനു മാത്രമായിരുന്നു. അയാളത്രയ്ക്ക് വയസ്സനായിരുന്നു. രാത്രിയും പകലും പോലും അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. കിടക്കയില്‍ പിറുപിറുത്തുകൊണ്ട് കിടക്കല്‍ മാത്രമായിരുന്നു അയാളുടെ ഭരണം. അയാളുടെ ചില സുപ്രധാന തീരുമാനങ്ങള്‍ കേട്ടാല്‍ ചിരിച്ചു മണ്ണുകപ്പിപ്പോവും.

കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോന്നിരുന്നത് അയാളുടെ മകന്‍ ഹംപര്‍ഡിന്‍ക് രാജകുമാരനായിരുന്നു. അയാളുടെ രാജ്യഭരണം വെറും വേട്ടയാടല്‍ മാത്രമായിരുന്നു. മുഴുവന്‍ പ്രജകള്‍ക്കും അയാളെ പേടിയായിരുന്നു.
റൂഗെന്‍ പ്രഭുവായിരുന്നു അയാളുടെ വിശ്വസ്തമിത്രം. ഈ പ്രഭുവിന് സുന്ദരിയും വളരെ ചെറുപ്പക്കാരിയുമായ ഒരു ഭാര്യയുണ്ടായിരുന്നു. അവളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഇനി നമുക്ക് ബട്ടര്‍കപ്പിന്റെ അടുത്തേക്കു തന്നെ തിരിച്ചുപോകാം.

“നോക്ക്… വേഗം, വേഗം വാ…” ബട്ടര്‍കപ്പിന്റെ അച്ഛന്‍ വിളിച്ചുപറഞ്ഞു. അയാള്‍ ജനവാതില്ക്കല്‍ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു.
“എന്തിനാ…?”- അമ്മ.
അനുസരിക്കുക എന്നത് അവര്‍ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലായിരുന്നു.
“നോക്കൂ… ” വീണ്ടും അച്ഛന്‍.
“നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ നോക്കിക്കോ…” – അമ്മ. ബട്ടര്‍കപ്പിന്റെ അച്ഛനും അമ്മയും സന്തുഷ്ടകരമായ ഒരു ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. വേര്‍പിരിയലായിരുന്നു അവരെന്നും സ്വപ്‌നം കണ്ടുകൊണ്ടിരുന്നത്.
“ഹാ!…”അച്ഛന്‍. അല്പനേരം കഴിഞ്ഞ് വീണ്ടും. “ഹാ…”. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അമ്മ തലയുയര്‍ത്തി നോക്കി. ഒരു നിമിഷം ആലോചിച്ചുനിന്നതിനുശേഷം കയില്‍ താഴെ വെച്ചു.
“എന്തു രസം.. എന്തു രസം…” ബട്ടര്‍കപ്പിന്റെ അച്ഛന്‍ ഉച്ചത്തില്‍ പറഞ്ഞു.
“എന്താണ്… എന്താണ് നിങ്ങളിങ്ങനെ നൊടിഞ്ഞുകൊണ്ടിരിക്കുന്നത്”?. അമ്മ.”നിനക്കു വേണമെങ്കില്‍ നീ കണ്ടോ…” – അച്ഛന്‍. അത് അന്നവരുടെ മുപ്പത്തിമൂന്നാമത്തെ ശണ്ഠയായിരുന്നു. വഴക്കിന്റെ കാര്യത്തില്‍ അച്ഛന്‍ പിന്നിലായിരുന്നു. അന്നത്തെ സ്‌കോര്‍ നില ഇങ്ങനെ. അച്ഛന്‍- 13, അമ്മ- 20. ചുരുക്കത്തില്‍ അമ്മ ഏഴെണ്ണത്തിന് മുമ്പിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉച്ചഭക്ഷണത്തിനുശേഷം അച്ഛന്‍ ഒരല്പം അകന്നാണ് നിന്നിരുന്നത്.
“കഴുത”. അമ്മ വിളിച്ചുപറഞ്ഞു. എന്നിട്ട് ജനല്‍വാതിലിന്നടുക്കലേക്ക് വന്നു. ഒരു നിമിഷം കഴിഞ്ഞു. അമ്മയും അറിയാതെ പറഞ്ഞുപോയി. “ഹാ…”
… “ഹാ…”.
രണ്ടുപേരും ജനാലയ്ക്കല്‍ തരിച്ചുനിന്നു.
തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം


We use cookies to give you the best possible experience. Learn more