കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്
Discourse
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd October 2012, 10:49 am

അയാളൊരു കറുത്ത മുഖംമൂടി അണിഞ്ഞിരുന്നു. ഒരു പക്ഷേ, അയാള്‍ മറ്റൊരു കുറ്റവാളി ആയിരിക്കണം. പിന്നെന്തിന് അയാളുമായി യുദ്ധം ചെയ്യണം? അയാളെ എന്തിന് കൊല്ലണം

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിമൂന്ന്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഒടുവില്‍ സ്പാനിയാര്‍ഡ് പറഞ്ഞു: “അയാളത് ചെയ്തു.”
“അയാളെന്തു ചെയ്തു?” കൂനന്‍ കൊടുമുടിയുടെ അറ്റത്തേക്ക് ബദ്ധപ്പെട്ട് നടന്നടുത്തുകൊണ്ടു ചോദിച്ചു.

“സമയത്തിനുതന്നെ അയാള്‍ കയര്‍ വിട്ടു. നോക്കൂ”. സ്പാനിയാര്‍ഡ്
താഴേക്കു കൈ ചൂണ്ടിക്കാണിച്ചു.

കറുത്ത വസ്ത്രം ധരിച്ച ആള്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പാറമേല്‍ പറ്റിപ്പിടിച്ചുകൊണ്ട്. എഴുനൂറടി ഉയരത്തില്‍ അയാള്‍ തൂങ്ങിക്കിടക്കുന്നു.[]
സിസിലിയന്‍ അത്ഭുതത്തോടെ അത് നോക്കിനിന്നു. ഒടുവില്‍ പറഞ്ഞു: “ഞാന്‍ മരണത്തെക്കുറിച്ചും മരിക്കുന്നതിനെക്കുറിച്ചും ധാരാളം പഠിച്ചിട്ടുള്ളവനാണ്. ഞാനതില്‍ ഒരു വിദഗ്ധനാണ്. നിങ്ങള്‍ക്കറിയ്യ്വോ അയാള്‍ വെള്ളത്തില്‍ എത്തുന്നതിനുമുമ്പുതന്നെ മരിക്കേണ്ടതായിരുന്നു.”

കറുത്ത ആള്‍ അന്തരീക്ഷത്തില്‍ ആടിക്കൊണ്ടിരുന്നു.
പാറമേല്‍ രണ്ടു കൈകള്‍കൊണ്ടും പൊത്തിപ്പിടിച്ചയാള്‍ തൂങ്ങിക്കിടക്കുകയാണ്.

“നമ്മളെത്ര ക്രൂരന്മാരാണ്”. ചിരിച്ചുകൊണ്ട് സിസിലിയന്‍ പറഞ്ഞു. എന്നിട്ട് ബട്ടര്‍കപ്പിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. “നിനക്കും ഈ രസം കാണാന്‍ കൊതിയില്ലെ?” കയ്യും കാലും കെട്ടിയിട്ട ബട്ടര്‍കപ്പിനെ താങ്ങിയെടുത്തുകൊണ്ടയാള്‍ കൊടുമുടിയുടെ അറ്റത്തേക്കു വന്നു. ബട്ടര്‍കപ്പ് ഒന്നേ നോക്കിയുള്ളൂ. അവള്‍ കണ്ണുകളടച്ചു മുഖം തിരിച്ചുകളഞ്ഞു.

“നമുക്കു പോവേണ്ടെ? സമയത്തെക്കുറിച്ചല്ലെ നമ്മളിതുവരെ പറഞ്ഞത്?” സ്പാനിയാര്‍ഡ് ചോദിച്ചു.
“ശരിയാണ്. ശരിയാണ്. പക്ഷേ, ഇതുപോലൊരു മരണം കാണാതിരിക്കാന്‍ വയ്യ. എന്തുരസം. ടിക്കറ്റുവെച്ചു കാണിക്കേണ്ടതാണ്”- സിസിലിയന്‍ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.

“അയാളുടെ കൈകള്‍ക്ക് നല്ല ശക്തിയുണ്ട്. ആര്‍ക്കും ഇത്രനേരം തൂങ്ങിനില്‍ക്കാനാവില്ല”- ഫെസിക്ക്.
“അയാള്‍ക്കിനി പിടിച്ചുനില്ക്കാനാവില്ല. അയാള്‍ വീഴുകതന്നെ ചെയ്യും”- സിസിലിയന്‍.

ആ സമയത്താണ് കറുത്ത വേഷധാരി വീണ്ടും കയറ്റം ആരംഭിച്ചത്. വേഗത്തിലല്ല. വളരെ പ്രയാസപ്പെട്ടിട്ടുതന്നെ-
എങ്കിലും അയാള്‍ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകതന്നെയാണ്.
“അസാധ്യം”. സിസിലിയന്‍ അലറി.

സ്പാനിയാര്‍ഡ് കൂനന്റെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: “ആ വാക്കിനി ഉച്ചരിക്കരുത്. നമ്മളെ പിന്തുടരുക അസാധ്യമായിരുന്നില്ലെ? എന്നിട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ നമ്മളെ പിന്തുടരുന്നു. നമ്മളെപ്പോലെ വേഗതയില്‍ സഞ്ചരിക്കുക അസാധ്യമായിരുന്നില്ലെ? എന്നിട്ടും അയാളതു നേടി. ഇപ്പോളീ കാണുന്നതും അസാധ്യമാണല്ലെ? നോക്കൂ, അയാള്‍ എത്ര സമര്‍ഥമായി കയറുന്നു.”

ആ കറുത്ത വേഷധാരി കയറുകതന്നെയായിരുന്നു. അത്ഭുതകരമായ വേഗത്തില്‍ പാറയുടെ വിള്ളലുകളില്‍ നഖംകൊണ്ട് പറ്റിപ്പിടിച്ചുകൊണ്ടയാള്‍ കയറിക്കൊണ്ടിരുന്നു.

സ്പാനിയാര്‍ഡിന്റെ വാക്കുകള്‍ സിസിലിയനെ ചൊടിപ്പിച്ചു. അയാള്‍ സ്പാനിയാര്‍ഡിന്റെ നേരെ നടന്നടുത്തു. എന്നിട്ട് കോപാന്ധനായി പുലമ്പി: “ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ കുറ്റവാളിയാണ് ഞാന്‍. ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. അയാള്‍ സത്യമായിട്ടും നമ്മെ പിന്തുടരുകയല്ല. അതൊരു സാധാരണ നാവികനാണ്. മലകയറ്റത്തില്‍ താല്പര്യമുള്ള ആള്‍. ഒരു രസത്തിനുവേണ്ടി അയാള്‍ കൊടുമുടി കയറുന്നുവെന്നു മാത്രം. പക്ഷേ, നമ്മളെ രാജകുമാരിയോടൊപ്പം അയാള്‍ കാണുന്നതെനിക്കിഷ്ടമല്ല. അതുകൊണ്ടയാളെ കൊല്ലണം.”

ശരിയാണ്. ശരിയാണ്. പക്ഷേ, ഇതുപോലൊരു മരണം കാണാതിരിക്കാന്‍ വയ്യ. എന്തുരസം. ടിക്കറ്റുവെച്ചു കാണിക്കേണ്ടതാണ്

“ഞാനയാളെ കൊല്ലട്ടെ” -ഫെസിക് (തുര്‍ക്കി).
“വേണ്ട. നിന്റെ ശക്തി എനിക്കുവേണം. നീ ആ പെണ്ണിനെ ചുമലിലേറ്റൂ. നമുക്കുടന്‍ ഗില്‍ഡര്‍ അതിര്‍ത്തിയില്‍ എത്തണം”. അയാള്‍ സ്പാനിയാര്‍ഡിന്റെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു:
“അയാള്‍ മുകളില്‍ എത്തിയാല്‍ അയാളുടെ കഥ കഴിക്കുക. എന്നിട്ട് വേഗം ഞങ്ങളോടൊപ്പം എത്തുക.”
സ്പാനിയാര്‍ഡ് തലകുലുക്കി.

കൂനന്‍ കൂനിക്കൂനി വേഗത്തില്‍ നടക്കാന്‍ തുടങ്ങി. തുര്‍ക്കി രാജകുമാരിയെ തോളിലേറ്റി അയാളുടെ പിന്നാലെ നടന്നു. എന്നിട്ട് തിരിഞ്ഞ് സ്പാനിയാര്‍ഡിനോടായി പറഞ്ഞു:
“വേഗമെത്തണേ ഇനിഗോ”.
“വേഗം തന്നെ എത്താം”- ഇനിഗോ. ഇപ്പോള്‍ സ്പാനിയാര്‍ഡിന്റെ പേര് മനസ്സിലായില്ലെ? ഇനിഗോ. ഇനി നമുക്കയാളെ അങ്ങനെ വിളിക്കാം.

ഇനിഗോ കൊടുമുടിയുടെ വിളമ്പിലേക്ക് നീങ്ങിനിന്നു. താഴേക്ക് നോക്കി. ഇരുനൂറ്റമ്പതടി താഴെ ആ കറുത്തവന്‍ അയാളുടെ വേദന നിറഞ്ഞ കയറ്റം തുടരുകയാണ്. ശ്രദ്ധാപൂര്‍വ്വം അയാളെങ്ങിനെയാണ് കയറിക്കൊണ്ടിരിക്കുന്നതെന്ന് ഇനിഗോ പഠിക്കാന്‍ ശ്രമിച്ചു. ചുരുട്ടിയ മുഷ്ടി പാറയുടെ വിള്ളലുകളിലും പൊത്തിലും തള്ളിക്കയറ്റി അതിന്റെ ബലത്തില്‍ ആയാസകരമായി കയറിക്കൊണ്ടിരിക്കുകയാണ്.
ഇനിഗോയ്ക്ക് അയാളോട് ബഹുമാനം തോന്നി.

അയാളിപ്പോള്‍ വളരെ അടുത്തെത്തിക്കഴിഞ്ഞു. ഇനിഗോയ്ക്ക് അയാളെ വ്യക്തമായിക്കാണാം. അയാളൊരു കറുത്ത മുഖംമൂടി അണിഞ്ഞിരുന്നു. ഒരു പക്ഷേ, അയാള്‍ മറ്റൊരു കുറ്റവാളി ആയിരിക്കണം. പിന്നെന്തിന് അയാളുമായി യുദ്ധം ചെയ്യണം? അയാളെ എന്തിന് കൊല്ലണം. പക്ഷേ, ഇനിഗോയ്ക്ക് സിസിലിയന്റെ കല്പന നിര്‍വഹിക്കാതെ പറ്റില്ല. അതുകൊണ്ടയാളെ കൊല്ലുകതന്നെ വേണം. മറ്റൊരിക്കല്‍ ഇനിഗോയെ ഇതേപോലെ മറ്റാരെങ്കിലും കൊല്ലും. ലോകം അയാള്‍ക്കുവേണ്ടി ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കില്ല.

സ്പാനിയാര്‍ഡ് നിലത്ത് കമിഴ്ന്നുകിടന്ന് താഴേക്കു നോക്കുകയായിരുന്നു. അയാള്‍ ചാടിയെണീറ്റു. പക്ഷേ, ഇപ്പോഴും കറുത്തയാള്‍ വളരെ ആഴത്തിലാണ്. അയാള്‍ക്കുവേണ്ടി കാത്തുനില്ക്കാതെ മറ്റ് യാതൊരു മാര്‍ഗവുമില്ല. കാത്തുനില്പ് ഇനിഗോയെ സംബന്ധിച്ചിടത്തോളം വെറുപ്പാണ്. പക്ഷേ, പറ്റില്ലല്ലോ!

ഇനിഗോ ഉറയില്‍നിന്ന് തന്റെ ഏക പ്രേമഭാജനത്തെ കയ്യിലെടുത്തു. തന്റെ ആറു വിരലന്‍ വാള്‍. ചന്ദ്രികയില്‍ വാള്‍ വെട്ടിത്തിളങ്ങി. വാളിനെ അയാള്‍ ചുണ്ടോടടുപ്പിച്ച് ചുംബിച്ചു.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

 കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം