‘അയാളെന്തിനാണ് അയാളുടെ പരിപാടികളൊക്കെ എന്നെ അറിയിക്കുന്നത്.’ ബട്ടര്‍കപ്പ് വിചാരിച്ചു.
‘പെണ്ണേ, നീ വീണ്ടും ഉറങ്ങാന്‍ പോവുകയാണ്’. സിസിലിയന്‍ പെട്ടെന്ന് പറഞ്ഞു. എന്നിട്ടവളുടെ നെറ്റിയിലും കഴുത്തിലും തലോടി. അവള്‍ വീണ്ടും ഉറക്കത്തിലായി.
കുട്ടികള്‍ക്കുള്ള നോവല്‍
പത്താം ഭാഗം
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
ബോധം തെളിഞ്ഞപ്പോള്‍ അലകളുടെ ശബ്ദം അവള്‍ കേട്ടു. തന്നെ ഒരു കമ്പിളികൊണ്ട് പൊതിഞ്ഞിരിക്കുന്നതായി അവളറിഞ്ഞു. ഭീമന്‍ തുര്‍ക്കി അവളെ ഒരു ബോട്ടില്‍ കിടത്തി. എന്തോ പറയാന്‍വേണ്ടി അവള്‍ വാ തുറന്നെങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കുന്നതായിരിക്കും നന്നായിരിക്കുക എന്നവള്‍ക്ക് തോന്നി. അവളുടെ ഹൃദയത്തിന്റെ പടപടാമിടിപ്പില്‍ അവരുടെ സംസാരം മുങ്ങിപ്പോയി.[]
“നീ അവളെ കൊല്ലാന്‍ പോവ്വാണ്, ഇല്ലേ.” തുര്‍ക്കി ചോദിച്ചു.
“നാളെ ഗില്‍ഡര്‍ അതിര്‍ത്തിയില്‍ അവളുടെ ശവം കണ്ടില്ലെങ്കില്‍ നമ്മുടെ ബാക്കി പണം കിട്ടില്ല.” സിസിലിയന്‍ മറുപടി പറഞ്ഞു.
“എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നറിഞ്ഞാലേ എനിക്ക് സ്വസ്ഥത കിട്ടൂ”. തടിയന്‍ തുര്‍ക്കി പിറുപിറുത്തു. “ഞാന്‍ തടിയനായതുകൊണ്ട് എല്ലാവരും എന്നെ മണ്ടനെന്നാണ് കരുതുന്നത്…”
“ആള്‍ക്കാര്‍ കരുതുന്നതില്‍ തെറ്റില്ല. നീയൊരു ആനമണ്ടനാണ്”- സിസിലിയന്‍.
“ഫ്‌ളോറിനിലെ ആള്‍ക്കാരെ അവളുടെ മരണം ക്ഷുഭിതരാക്കും. അവര്‍ക്ക് അവളെ അത്ര പ്രിയമാണ്”- തുര്‍ക്കി.
“യുദ്ധമുണ്ടാവും. അതിനുവേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നത്. അതിനുവേണ്ടിത്തന്നെയാണല്ലോ നമുക്ക് പണം കിട്ടുന്നതും.”
‘ആള്‍ക്കാര്‍ കരുതുന്നതില്‍ തെറ്റില്ല. നീയൊരു ആനമണ്ടനാണ്’
“ഒരു പെണ്ണിനെ കൊല്ലുന്നതെനിക്കിഷ്ടമല്ല”- സ്പാനിയാര്‍ഡ്.
“ദൈവം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതതുതന്നെയാണ്. അയാള്‍ക്കതില്‍ ഒട്ടും ബേജാറില്ലെങ്കില്‍ നമ്മളെന്തിനു ബേജാറാവണം”- സിസിലിയന്‍.
“അവള്‍ എത്ര സുന്ദരിയാണ്. അവളെ കൊല്ലാന്‍ കൊണ്ടുപോവ്വാണെന്നറിഞ്ഞാല്‍ അവള്‍ക്ക് ഭ്രാന്തു പിടിക്കും”- തുര്‍ക്കി.
“അവള്‍ക്കറിയാം. നമ്മള്‍ പറയുന്നതൊക്കെ അവള്‍ കേള്‍ക്കുന്നുണ്ട്”- സിസിലിയന്‍.
ബട്ടര്‍കപ്പ് ഒട്ടും ഇളകാതെ ഇതൊക്കെ കേട്ടുകിടക്കുകയാണ്. അയാള്‍ക്കൊരുപക്ഷേ, മനസ്സ് വായിക്കാനറിയാമായിരിക്കും. ബട്ടര്‍കപ്പ് വിചാരിച്ചു.
“നമ്മളെന്തിനാണിത്ര വേഗത്തില്‍ പോവുന്നത്”- സിസിലിയന്‍.
“വേഗത്തില്‍ പോവുന്നതല്ലേ രക്ഷ”- സ്പാനിയാര്‍ഡ്.
“ധാരാളം സമയമുണ്ട്. ഒട്ടും പേടിക്കണ്ട”- സിസിലിയന്‍.
എന്നിട്ടയാള്‍ തുടര്‍ന്നു: “അവളുടെ കുതിര ഇരുപത്തേഴു മിനുട്ടുകൊണ്ട് കൊട്ടാരത്തിലെത്തും. രാജകുമാരിക്ക് എന്ത് സംഭവിച്ചെന്ന് അപ്പോഴേ അന്വേഷിക്കാന്‍ തുടങ്ങൂ. ഏതായാലും ഒരു മണിക്കൂര്‍കൊണ്ടേ അവര്‍ നമ്മെ പിന്തുടരാന്‍ തുടങ്ങൂ. നമ്മള്‍ പതിനഞ്ചുമിനുട്ടുകൊണ്ട് കൊടുമുടിക്കടുത്തെത്തും. നേരം വെളുക്കുമ്പോഴേക്കും ഗില്‍ഡര്‍ അതിര്‍ത്തിയിലും. രാവിലെ രാജകുമാരന്‍ അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും നമുക്കവളെ കൊല്ലാം. എന്നാല്‍ രാജകുമാരന് അവളുടെ ചൂടുള്ള ശരീരം കാണാം. നമുക്കതൊന്ന് ഒളിച്ചുനിന്ന് കാണുകയും ചെയ്യാം. അയാളുടെ ദുഃഖം കാണാന്‍ ഒരു രസമല്ലെ?”
‘അവളുടെ കുതിര ഇരുപത്തേഴു മിനുട്ടുകൊണ്ട് കൊട്ടാരത്തിലെത്തും. രാജകുമാരിക്ക് എന്ത് സംഭവിച്ചെന്ന് അപ്പോഴേ അന്വേഷിക്കാന്‍ തുടങ്ങൂ. ഏതായാലും ഒരു മണിക്കൂര്‍കൊണ്ടേ അവര്‍ നമ്മെ പിന്തുടരാന്‍ തുടങ്ങൂ. നമ്മള്‍ പതിനഞ്ചുമിനുട്ടുകൊണ്ട് കൊടുമുടിക്കടുത്തെത്തും. നേരം വെളുക്കുമ്പോഴേക്കും ഗില്‍ഡര്‍ അതിര്‍ത്തിയിലും.
“അയാളെന്തിനാണ് അയാളുടെ പരിപാടികളൊക്കെ എന്നെ അറിയിക്കുന്നത്.” ബട്ടര്‍കപ്പ് വിചാരിച്ചു.
“പെണ്ണേ, നീ വീണ്ടും ഉറങ്ങാന്‍ പോവുകയാണ്”. സിസിലിയന്‍ പെട്ടെന്ന് പറഞ്ഞു. എന്നിട്ടവളുടെ നെറ്റിയിലും കഴുത്തിലും തലോടി. അവള്‍ വീണ്ടും ഉറക്കത്തിലായി.
എത്രനേരം ഉറങ്ങിയെന്ന് ബട്ടര്‍കപ്പിനറിഞ്ഞുകൂടാ! വീണ്ടും ഉണര്‍ന്നപ്പോള്‍ അപ്പോഴും ബോട്ടിനുള്ളില്‍ കിടക്കുകയാണവള്‍. അവളൊന്നും ആലോചിക്കാന്‍ നിന്നില്ല. കാരണം എന്തെങ്കിലും ആലോചിച്ചാല്‍ സിസിലിയന്‍ അറിയും. അയാള്‍ക്ക് മനസ്സ് വായിക്കാനറിയാം.
ബട്ടര്‍കപ്പ് പതുക്കെ കമ്പിളിതട്ടിമാറ്റി. എന്നിട്ട് ശരീരം ഒന്നിച്ച് വെള്ളത്തിലേക്ക് മറിച്ചു. അവള്‍ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. കുറേനേരം അവള്‍ വെള്ളത്തിനടിയില്‍ത്തന്നെ കിടന്നു. പിന്നെ, പതുക്കെ പൊന്തിവന്നു. അവശേഷിച്ച മുഴുവന്‍ ശക്തിയുമെടുത്തവള്‍ നീന്താന്‍ തുടങ്ങി. അത് കൂരിരുട്ട് നിറഞ്ഞ ഒരു രാത്രിയായിരുന്നു. പിറകില്‍ നിന്നവര്‍ ശബ്ദങ്ങള്‍ കേട്ടു. “വേഗം ചാടൂ, വേഗം ചാടൂ”- സിസിലിയന്‍.
“എനിക്ക് നീന്താനറിഞ്ഞുകൂടാ”- തുര്‍ക്കി.
“എന്നേക്കാള്‍ നന്നായി നീ നീന്തും”- സ്പാനിയാര്‍ഡ്.
നീന്തിനീന്തി ബട്ടര്‍കപ്പിന്റെ കൈകള്‍ കഴച്ചു. ഹൃദയം തുടികൊട്ടാന്‍ തുടങ്ങി. “അവള്‍ നമ്മുടെ ഇടത് ഭാഗത്തുണ്ട്. എനിക്കവള്‍ തുഴയുന്ന ഒച്ച കേള്‍ക്കാം”- സിസിലിയന്‍. അവള്‍ ഒച്ചയില്ലാതെ നീന്താന്‍ തുടങ്ങി. ശബ്ദമൊന്നുമുണ്ടാക്കാതെ.
“അവളിപ്പോള്‍ എവിടെയാണ്”- സിസിലിയന്‍.
“പേടിക്കേണ്ട, ഒരു സ്രാവ് അവളെ തിന്നോളും”- സ്പാനിയാര്‍ഡ്.
‘തിരിച്ചുവരൂ. തിരിച്ചുവരൂ. ഇതവസാനത്തെ താക്കീതാണ്?’
നീയത് പറയാതിരുന്നെങ്കില്‍ എന്നാണ് ബട്ടര്‍കപ്പ് ആലോചിച്ചത്.
“രാജകുമാരി…” സിസിലിയന്‍ ഉച്ചത്തില്‍ വിളിച്ചു.
“രക്തത്തിന്റെ മണം കേട്ടാല്‍ സ്രാവുകള്‍ എന്താണ് ചെയ്യുകയെന്ന് നിനക്കറിയുമോ? അവ നിന്നെ കടിച്ചുകീറും. ഞാനൊരു ബോട്ടിലാണ്. എനിക്കൊന്നും പറ്റില്ല. എന്റെ കയ്യില്‍ ഒരു കത്തിയുണ്ടെന്ന് അറിയുമോ? നീ തിരിച്ചുവന്നില്ലെങ്കില്‍ ഞാനെന്റെ കയ്യും കാലും മുറിക്കും. ആ രക്തം ഞാനൊരു പാത്രത്തില്‍ ശേഖരിക്കും. എന്നിട്ടത് നിന്റെ നേരെ വലിച്ചെറിയും. സ്രാവുകള്‍ക്ക് നാഴികകള്‍ അകലെനിന്ന് ചോരയുടെ മണം പിടിക്കാന്‍ കഴിയും. നീ പിന്നെ സുന്ദരിയായിരിക്കില്ല.”
ബട്ടര്‍കപ്പ് ആദ്യമൊന്നു സംശയിച്ചു. വമ്പന്‍ ചിറകുകളുടെ ഒച്ച തന്റെ ചുറ്റും കേള്‍ക്കുന്നതുപോലെ അവള്‍ക്കു തോന്നി. അത് പക്ഷേ, അവളുടെ ഭാവനയായിരുന്നു.
“തിരിച്ചുവരൂ. തിരിച്ചുവരൂ. ഇതവസാനത്തെ താക്കീതാണ്?”
ഞാന്‍ തിരിച്ചുചെന്നാല്‍ അവരെന്നെ കൊല്ലും. പിന്നെ എന്താണ് വ്യത്യാസം.
“പിന്നെ എന്താണ് വ്യത്യാസമെന്നോ?” സിസിലിയന്‍ പറയാന്‍ തുടങ്ങി. നശിച്ച അയാളുടെ ഒരു മനസ്സു വായന. ബട്ടര്‍കപ്പ് ഓര്‍ത്തു.
“നീ തിരിച്ചുവന്നാല്‍ നിന്നെ വേദനകൂടാതെ ഞാന്‍ കൊല്ലും. അതാണെന്റെ വാഗ്ദാനം. സ്രാവുകള്‍ക്ക് അത്തരമൊരു വാഗ്ദാനം നിനക്ക് തരാനാവില്ല.”
സ്രാവുകള്‍ അടുത്തടുത്ത് വരുന്നതുപോലെ അവള്‍ക്ക് തോന്നി. അവള്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. അവള്‍ക്ക് അവളെപ്പറ്റിത്തന്നെ ലജ്ജ തോന്നിത്തുടങ്ങി. സ്രാവുകള്‍ ഉണ്ടോ എന്ന് ഒരു നിമിഷം കാണാന്‍ കഴിഞ്ഞെങ്കില്‍, അയാള്‍ കത്തികൊണ്ട് കൈമുറിക്കുമോ എന്നറിയാന്‍ കഴിഞ്ഞെങ്കില്‍. അവളോര്‍ത്തു.
“പെണ്ണേ, അയാള്‍ കൈ മുറിച്ചുകഴിഞ്ഞു.” തുര്‍ക്കി വിളിച്ചുപറഞ്ഞു.
“അയാള്‍ ചോര ഒരു കപ്പില്‍ ശേഖരിക്കുകയാണ്. ഏകദേശം ഒരു അര ഇഞ്ച് കനത്തില്‍ രക്തമായി.”
“പെണ്ണേ, അയാള്‍ അയാളുടെ കാലും മുറിച്ചു.” തുര്‍ക്കി വീണ്ടും അലറി. “ഇതാ, ഇപ്പോള്‍ കപ്പ് നിറഞ്ഞുകൊണ്ടിരിക്കുന്നു.”
ഞാനവരെ വിശ്വസിക്കില്ല. ബട്ടര്‍കപ്പ് വിചാരിച്ചു. ഇവിടെ സ്രാവുകളില്ല. അയാളുടെ കപ്പില്‍ ചോരയുമില്ല.
“ഇതാ ഞാനെറിയാന്‍ പോവുകയാണ്. അവസാനത്തെ താക്കീതാണിത്?” എനിക്കൊരു ചുക്കുമില്ല. ബട്ടര്‍കപ്പ് വിചാരിച്ചു.
“വിട”- സിസിലിയന്‍ വിളിച്ചുപറഞ്ഞു.
വെള്ളത്തില്‍ എന്തോ വന്നു വീഴുന്ന ഒച്ച അവള്‍ കേട്ടു. പിന്നെ നിശ്ശബ്ദം.
പിന്നെ സ്രാവുകള്‍ക്ക് ഭ്രാന്തു പിടിച്ചു. അവളുടെ ചുറ്റും വമ്പന്‍ വാലുകള്‍ വെള്ളത്തില്‍ ആഞ്ഞടിച്ചുകൊണ്ടവ നിറഞ്ഞു. അവളെ ഇനി ഒന്നിനും
രക്ഷിക്കാനാവില്ല. എന്നെ അവരിപ്പോള്‍ കടിച്ചുകീറി വിഴുങ്ങും. ബട്ടര്‍കപ്പ് ആലോചിച്ചു. സ്രാവുകള്‍ ബട്ടര്‍കപ്പിന്റെ നേരെ ചീറിയടുത്തുകൊണ്ടിരുന്നു.
തുടരും..
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…