വെസ്റ്റ്‌ലി ഒരിക്കലും ആ മുടിയുടെ അഴക് കണ്ടിട്ടില്ല. കാരണം, അതൊരിക്കലും വൃത്തിയായിരുന്നില്ല. അവളുടെ നിറം കടഞ്ഞ വെണ്ണയുടേതായിരുന്നു. ആ നിറവും ഒരിക്കലും വെസ്റ്റ്‌ലി കണ്ടിട്ടില്ല. കാരണം ശരീരം ഒരിക്കലും വൃത്തിയായിരുന്നില്ല.
നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
വെസ്റ്റ്‌ലി പോയതിന്റെ പിറ്റേന്ന് ബട്ടര്‍കപ്പ് വളരെ ദുഃഖിതയായിരുന്നു, എല്ലാ കാമുകികളേയുംപോലെ. പിന്നീടവള്‍ ആലോചിക്കാന്‍ തുടങ്ങി. കപ്പല്‍ കയറാന്‍ ലണ്ടനിലേക്ക് പോകുന്നതു വഴി ഏതെങ്കിലും നഗരകന്യക അവനെ കുടുക്കിയാലോ! അമേരിക്കയിലെത്തി പണമുണ്ടാക്കി വീടുണ്ടാക്കി അവളെ വിളിച്ചു കഴിഞ്ഞിട്ടവന്‍ പറയുകയാണെങ്കിലോ. “ഇത്രയും വര്‍ഷം കൊണ്ട് നിന്റെ ഭംഗിയൊക്കെ പോയി. നീ തിരിച്ചു പൊയ്‌ക്കോ. ഞാന്‍ സുന്ദരിയായൊരു റെഡ് ഇന്‍ഡ്യന്‍ പെണ്ണിനെ കെട്ടാന്‍ പോവുകയാണ്.”[]
“ഇല്ല വെസ്റ്റ്‌ലി. നിനക്കു ദുഃഖിക്കേണ്ടി വരില്ല. ഞാന്‍ സുന്ദരിയായിരിക്കും.” എന്നിട്ടവള്‍ താഴെക്കിറങ്ങി വന്നു. ഊണ്‍മേശയ്ക്കരികില്‍ കാപ്പിക്ക് മുമ്പിലിരുന്നു. പതിവുപോലെ അച്ഛനുമമ്മയും കലഹിച്ചുകൊണ്ടിരുന്നു. അവള്‍ പറഞ്ഞു:
“നിര്‍ത്തൂ. എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമാണ്. സുന്ദരിയായിരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്…”
“ദിവസവും കുളിക്കണം”. അച്ഛന്‍ പറഞ്ഞു.
“തലമുടി വൃത്തിയായി സൂക്ഷിക്കണം”- അമ്മ.
“ചെവിക്ക് പിന്നിലെ, ചെളി കഴുകി നീക്കണം”. – അച്ഛന്‍.
“കാലൊക്കെ വൃത്തിയായി സൂക്ഷിക്കണം”. – അമ്മ.
“നിര്‍ത്തൂ. തല്ക്കാലത്തേക്ക് തുടങ്ങാനിതൊക്കെ മതി. സുന്ദരിയായിരിക്കല്‍ ഒരു കുഴപ്പം പിടിച്ച പണിയാണല്ലേ?”
പണിയെല്ലാം കഴിഞ്ഞ് അവള്‍ തണുത്തവെള്ളത്തില്‍ കുളിക്കുന്നു. മുടി ഉണങ്ങുന്ന സമയംകൊണ്ടവള്‍ രൂപം ശരിയാക്കിയെടുക്കാനുള്ള ചില ചില്ലറ കസര്‍ത്തുകള്‍ നടത്തും. അതിനുശേഷം മുടിചീകല്‍ ആരംഭിക്കുകയായി. ധാരാളം മുടിയുണ്ടായിരുന്നതുകൊണ്ട് ആയിരം തവണയെങ്കിലും ചീപ്പ് കൊണ്ട് വാരേണ്ടി വരും.
അവളുടെ മുടിക്ക് സ്വര്‍ണ്ണത്തിന്റെ നിറമായിരുന്നു.
വെസ്റ്റ്‌ലി ഒരിക്കലും ആ മുടിയുടെ അഴക് കണ്ടിട്ടില്ല. കാരണം, അതൊരിക്കലും വൃത്തിയായിരുന്നില്ല. ചിലപ്പോള്‍ അവള്‍ വിചാരിക്കും അമേരിക്കയില്‍ കപ്പലിറങ്ങുമ്പോള്‍ തന്നെക്കണ്ട് വെസ്റ്റ്‌ലി അത്ഭുതപ്പെടില്ലേ? അവളുടെ നിറം കടഞ്ഞ വെണ്ണയുടേതായിരുന്നു. ആ നിറവും ഒരിക്കലും വെസ്റ്റ്‌ലി കണ്ടിട്ടില്ല. കാരണം ശരീരം ഒരിക്കലും വൃത്തിയായിരുന്നില്ല.
നോക്കൂ, സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവളുടെ ഇരുപതാമത്തെ സ്ഥാനം രണ്ടാഴ്ച കൊണ്ട് പതിനഞ്ചായി. അത് ഇതിനുമുമ്പ് ഒരിക്കലും എവിടേയും സംഭവിക്കാത്തതാണ്. അതു കഴിഞ്ഞ് മൂന്നാഴ്ച കൂടിക്കഴിഞ്ഞപ്പോള്‍ അവളുടെ സ്ഥാനം ഒന്‍പതായി. മാത്രമല്ല, അതു മുന്‍പോട്ടു കുതിച്ചുകയറിക്കൊണ്ടിരിക്കുകയുമാണ്. അവള്‍ ഒന്‍പതാം സ്ഥാനത്തെത്തിയ അന്ന് ലണ്ടനില്‍നിന്ന് വെസ്റ്റ്‌ലിയുടെ മൂന്നു പേജുള്ള കത്തു കിട്ടി.
വെസ്റ്റ്‌ലിയോടുള്ള അവളുടെ പ്രണയം പാരാവാരം പോലെ പരക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടായിരിക്കണം വെസ്റ്റ്‌ലിയുടെ മരണം അവളെ തകര്‍ത്തുകളഞ്ഞത്. ലണ്ടനില്‍നിന്ന് അമേരിക്കയിലേക്ക് യാത്രയാവുന്നതിനു മുന്‍പ് അവന്‍ അവള്‍ക്ക് എഴുതിയിരുന്ന കത്ത് ഇങ്ങനെയായിരുന്നു.
“ഞാന്‍ യാത്ര ചെയ്യുന്നത് “ക്യൂന്‍ പ്രൈസ്” എന്ന കപ്പലിലാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ ജലദോഷം മാറി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. കുതിരയോട് എന്നെപ്പറ്റി പറയണം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇപ്പോള്‍ നല്ലവണ്ണം പാല് കിട്ടുന്നില്ലേ? ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”- കത്തിങ്ങനെ നീണ്ടുപോവുന്നു.
അതുകഴിഞ്ഞു കത്തുകളൊന്നും വന്നില്ല. അതിലെന്തത്ഭുതം! അവന്‍ കടലിലല്ലേ?
ഒരു ദിവസം പാലു കൊടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനുമമ്മയും സംസാരിക്കുന്നതു കേട്ടു.
“കരോലിനാ തീരത്തു വെച്ചാണത്”. അവളുടെ അച്ഛന്‍ മന്ത്രിച്ചു.
“യാതൊരു മുന്നറിയിപ്പുമില്ലാതെ. രാത്രി”. അമ്മ.
“എന്ത്?” ബട്ടര്‍കപ്പ്.
“കടല്‍ക്കൊള്ളക്കാര്‍”. അച്ഛന്‍
ബട്ടര്‍കപ്പ് വിചാരിച്ചു. ഇരുന്നു കേള്‍ക്കുന്നതല്ലെ നല്ലത്. ഒടുക്കം അവള്‍ ചോദിച്ചു.
“അവന്‍ തടവിലാണോ?”
അമ്മ അല്ലെന്ന് തലയാട്ടി.
“റോബര്‍ട്ടായിരുന്നു അത്. കടല്‍ രാജാവ് റോബര്‍ട്ട്”- അച്ഛന്‍.
“ഹോ. ആള്‍ക്കാരെ ജീവനോടെ വിടാത്ത റോബര്‍ട്ടോ?” ബട്ടര്‍കപ്പ്.
“അതേ”. അച്ഛന്‍.
പിന്നെ ബട്ടര്‍കപ്പ് ഒരു ചോദ്യവര്‍ഷം തന്നെയാണ് നടത്തിയത്.
‘ഞാന്‍ യാത്ര ചെയ്യുന്നത് ‘ക്യൂന്‍ പ്രൈസ്’ എന്ന കപ്പലിലാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ ജലദോഷം മാറി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. കുതിരയോട് എന്നെപ്പറ്റി പറയണം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇപ്പോള്‍ നല്ലവണ്ണം പാല് കിട്ടുന്നില്ലേ? ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’
“അവനെ കഴുത്തറുത്താണോ കൊന്നത്. അല്ലെങ്കില്‍ വെള്ളത്തിലെറിഞ്ഞോ? ഉറക്കത്തിലാണോ? അവനുണര്‍ന്നതിനു ശേഷമാണോ… ക്ഷമിക്കണം… ഞാനെന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ചോദിക്കുന്നത്.” അവള്‍ തന്റെ മുറിയിലേക്ക് പോയി. കുറേ ദിവസത്തേക്കവള്‍ പുറത്തേക്ക് വന്നില്ല. ആദ്യമൊക്കെ അച്ഛനുമമ്മയും അവളെ പുറത്തുവരാന്‍ നിര്‍ബന്ധിച്ചു. പിന്നെ അവള്‍ക്കുവേണ്ടി വാതിലിന് പുറത്തായി അവര്‍ ഭക്ഷണം വിളമ്പിവെക്കാന്‍ തുടങ്ങി. അകത്ത് യാതൊരു ഒച്ചയും ഉണ്ടായിരുന്നില്ല. ഒരു തേങ്ങല്‍ പോലും.
അവസാനം ഒരു ദിവസം അവള്‍ പുറത്തു വന്നു. അവളെ സഹായിക്കാനായി ഓടിയെത്തിയ അച്ഛനോടും അമ്മയോടും അവള്‍ പറഞ്ഞു: “എന്നെ സഹായിക്കേണ്ട.”
മുറിയിലേക്ക് കയറിപ്പോയത് ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇറങ്ങിവന്നത് മെലിഞ്ഞൊരു സ്ത്രീയായിരുന്നു. അവളൊരു ദുഃഖസാഗരംപോലെ തോന്നിച്ചു. അവള്‍ക്ക് ബുദ്ധിയുടെ തിളക്കമുണ്ടായിരുന്നു. അവള്‍ക്ക് വേദനയെന്തെന്നറിയാമായിരുന്നു. അവളുടെ രൂപത്തിന്റെ മഹിമയ്ക്ക് പിന്നില്‍ ഒരു വ്യക്തിത്വമുണ്ടായിരുന്നു. തീര്‍ച്ചയായും യഥാര്‍ഥ ദുരന്തത്തെപ്പറ്റിയുള്ള അറിവും അവള്‍ക്കുണ്ടായിരുന്നു.
അവള്‍ക്കപ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. നൂറു കൊല്ലത്തേക്ക് അവളെ പരാജയപ്പെടുത്താന്‍ മറ്റൊരു സുന്ദരി ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടായിരുന്നില്ല. താനാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി എന്നതില്‍ അവള്‍ക്കൊരു പ്രത്യേകതയും തോന്നിയതുമില്ല.
“നിനക്കു സുഖമില്ലെ?”. അമ്മ.
“വളരെ സുഖം”. ബട്ടര്‍കപ്പ്.
“ഉറപ്പാണോ”- അച്ഛന്‍.
“അതെ”. കുറേനേരം അവള്‍ മൗനമായിരുന്നു.
എന്നിട്ടവള്‍ ഉച്ചത്തില്‍ പറഞ്ഞു:
“എന്നാല്‍ ഞാനിനി ഒരിക്കലും സ്‌നേഹിക്കില്ല”. അവള്‍ പിന്നീടൊരിക്കലും ആരേയും സ്‌നേഹിച്ചിട്ടില്ല.
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…