കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ഒന്നാം ഭാഗം
Discourse
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ഒന്നാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2012, 10:39 am

ബട്ടര്‍കപ്പിന് പത്തു വയസ്സ് തികഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ബംഗാളിലാണ് ജീവിച്ചിരുന്നത്. പേര് ആലത്ര. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ പുന്നാരമോള്‍. അത്ര സുന്ദരിയായൊരു പെണ്‍കൊടി അതിനുമുമ്പ് ഇന്ത്യയില്‍ ജനിച്ചിട്ടില്ല. പക്ഷേ, എന്തുചെയ്യാം, ആലത്രയ്ക്ക് പത്തൊന്‍പത് വയസ്സായപ്പോള്‍ ബംഗാളില്‍ വസൂരി പടര്‍ന്നുപിടിച്ചു. അവള്‍ വസൂരി പിടിച്ചു കിടപ്പിലായി.

കുട്ടികള്‍ക്കുള്ള നോവല്‍
ഒന്നാം ഭാഗം


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഫ്‌ളോറിനിലെ ഒരു ഗ്രാമത്തിലാണ് സുന്ദരിയായ ബട്ടര്‍കപ്പ് ജനിച്ചത്. അവള്‍ ജനിച്ച കൊല്ലം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി പാരീസിലെ ഒരു പ്രഭുകുടുംബത്തിലെ വേലക്കാരിയായിരുന്നു. അവളുടെ പേര് ആന്‍. വേലക്കാരിയുടെ സൗന്ദര്യം പ്രഭുകുമാരിക്ക് വല്ലാത്ത തലവേദന ഉണ്ടാക്കി. അസൂയ തന്നെ. വേലക്കാരിക്ക് ചോക്കലേറ്റ് ഇഷ്ടമാണെന്ന് ഒരു ദിവസം പ്രഭുകുമാരി അറിഞ്ഞു. സുന്ദരിയെ നശിപ്പിക്കാനുള്ള ആയുധം ഇതുതന്നെയെന്ന് പ്രഭുകുമാരി മനസ്സിലാക്കി. അവള്‍ വീടിന്റെ എല്ലാ മൂലയിലും ചോക്കലേറ്റുകള്‍ നിറച്ചു. അടുക്കളയിലും തീന്‍മുറിയിലും പൂമുഖത്തും കണ്ണെത്തുന്നിടങ്ങളിലൊക്കെ ചോക്കലേറ്റ്. സുന്ദരി ചോക്കലേറ്റുകള്‍ വാരിവലിച്ചു തിന്നാന്‍ തുടങ്ങി. ഇരിക്കുമ്പോഴും നില്ക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെ അവള്‍ ചോക്കലേറ്റ് നുണഞ്ഞുകൊണ്ടിരുന്നു. അവള്‍ വീപ്പപോലെ തടിക്കാന്‍ തുടങ്ങി. ഒരുകൊല്ലം കൊണ്ടവള്‍ ഒരു കല്ലുരലുപോലെ തടിച്ചു. അവള്‍ കാണാനൊട്ടും ഭംഗിയില്ലാത്ത പെണ്ണായിത്തീര്‍ന്നു. പ്രഭുകുമാരിക്ക് സന്തോഷമായി. പക്ഷേ, പ്രഭുകുമാരി എങ്ങനെയാണ് മരിച്ചതെന്നറിയ്യോ? വയറ്റില്‍ നിറയെ പുണ്ണായിട്ട്.


[]

ബട്ടര്‍കപ്പിന് പതിനഞ്ച് വയസ്സായപ്പോള്‍ തെംസ് നദീതടത്തിലെ ‘ആദെല്ലാ ടെരെല്‍’ എന്നൊരു പെണ്‍കുട്ടി ആയിരുന്നു ‘സുന്ദരീമണിതിലകം’. ആദെല്ലയുടെ പ്രായം ഇരുപത്. കൊല്ലങ്ങളോളം അവള്‍തന്നെയായിരിക്കും വിശ്വസുന്ദരി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. അവള്‍ക്ക് നൂറ്റിനാല് കാമുകന്മാരുണ്ടായിരുന്നു.


ബട്ടര്‍കപ്പിന് പത്തു വയസ്സ് തികഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ബംഗാളിലാണ് ജീവിച്ചിരുന്നത്. പേര് ആലത്ര. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ പുന്നാരമോള്‍. അത്ര സുന്ദരിയായൊരു പെണ്‍കൊടി അതിനുമുമ്പ് ഇന്ത്യയില്‍ ജനിച്ചിട്ടില്ല. പക്ഷേ, എന്തുചെയ്യാം, ആലത്രയ്ക്ക് പത്തൊന്‍പത് വയസ്സായപ്പോള്‍ ബംഗാളില്‍ വസൂരി പടര്‍ന്നുപിടിച്ചു. അവള്‍ വസൂരി പിടിച്ചു കിടപ്പിലായി. ആലത്ര, മരിക്കാതെ രക്ഷപ്പെട്ടെങ്കിലും കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ കാണാനൊട്ടും ഭംഗിയില്ലായിരുന്നു.

ബട്ടര്‍കപ്പിന് പതിനഞ്ച് വയസ്സായപ്പോള്‍ തെംസ് നദീതടത്തിലെ “ആദെല്ലാ ടെരെല്‍” എന്നൊരു പെണ്‍കുട്ടി ആയിരുന്നു “സുന്ദരീമണിതിലകം”. ആദെല്ലയുടെ പ്രായം ഇരുപത്. കൊല്ലങ്ങളോളം അവള്‍തന്നെയായിരിക്കും വിശ്വസുന്ദരി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. അവള്‍ക്ക് നൂറ്റിനാല് കാമുകന്മാരുണ്ടായിരുന്നു. അവളെ പ്രേമിക്കുന്ന പിന്നെയും കാമുകപ്പട കണ്ടേക്കാം. അവള്‍ അംഗീകരിച്ചവരുടെ എണ്ണമാണ് പറഞ്ഞത്. ഒരു ദിവസം അവളുടെ ഒരു കാമുകന്‍ പറഞ്ഞു: “പ്രപഞ്ചത്തില്‍ നിന്നെക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ല. ഈരേഴ് പതിനാല് ലോകത്തിലും നിന്റെ സൗന്ദര്യത്തെ വെല്ലാന്‍ മറ്റൊന്നുമില്ല.” ഇതു കേട്ടപ്പോള്‍ ആദെല്ലയ്ക്ക് രോമാഞ്ചം. അവളുടെ മനസ്സാകെ അഹംഭാവം നിറഞ്ഞു. അന്നുരാത്രി അവള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിയില്ല. ശരീരത്തിലെ ഓരോ രോമകൂപവും അവള്‍ പരിശോധിച്ചു. നേരം പരപരാ വെളുത്തപ്പോഴെക്കും അവള്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു, അവളാണ് ഏറ്റവും സുന്ദരിയെന്ന്.

പ്രഭാതം മുഴുവന്‍ അവള്‍ കണ്ണാടിയുടെ മുമ്പില്‍ ചെലവഴിച്ചു. എന്നിട്ടും പിന്നേയും സംശയം ബാക്കിയായിരുന്നു. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഈ ആധിയില്‍ അവളുടെ നെറ്റിയില്‍ വരകള്‍ വീഴാന്‍ തുടങ്ങി. ഒരു മാസംകൊണ്ട് അവളുടെ മുഖമാകെ ചുളിഞ്ഞു

സൂര്യന്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്നപ്പോള്‍ തന്റെ പനിനീര്‍ത്തോട്ടത്തില്‍ ഉലാത്തിക്കൊണ്ടിരുന്ന ആദെല്ലയ്ക്ക് ആഹ്ലാദം സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം പറഞ്ഞു: “പ്രപഞ്ചത്തിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ എന്നേക്കാള്‍ സുന്ദരിയായി ആരുമുണ്ടായിരുന്നില്ല. പൂര്‍ണ്ണമല്ലാത്ത ഒരൊറ്റ അംഗം പോലും എന്റെ ശരീരത്തിലില്ല. ഞാനെത്ര ഭാഗ്യവതിയാണ്. സുന്ദരിയാണ്. യുവതിയാണ്… യുവതിയാണെന്ന് ഓര്‍ത്തപ്പോള്‍ അവള്‍ക്കൊരു സംശയം. യുവതിയായിരിക്കാന്‍ എന്നും പറ്റുമോ? എന്റെ യുവത്വം കൊഴിഞ്ഞുപോവില്ലെ? അപ്പോള്‍ എന്റെ സൗന്ദര്യം നശിക്കില്ലേ? ആലോചനയുടെ കാഠിന്യത്തില്‍ ആദെല്ലയുടെ പുരികം ചുളിഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് പുരികം ചുളിക്കുന്നത്. പുരികം ചുളിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്കു വേവലാതിയായി, പുരികത്തിന് വല്ല കേടും പറ്റിയോ?

പ്രഭാതം മുഴുവന്‍ അവള്‍ കണ്ണാടിയുടെ മുമ്പില്‍ ചെലവഴിച്ചു. എന്നിട്ടും പിന്നേയും സംശയം ബാക്കിയായിരുന്നു. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഈ ആധിയില്‍ അവളുടെ നെറ്റിയില്‍ വരകള്‍ വീഴാന്‍ തുടങ്ങി. ഒരു മാസംകൊണ്ട് അവളുടെ മുഖമാകെ ചുളിഞ്ഞു. സൗന്ദര്യം മുഴുവന്‍ ചോര്‍ന്നു തീരുന്നതിനു മുന്‍പ് അവള്‍ വിവാഹം കഴിച്ചു. അവളുടെ നൂറ്റിനാല് കാമുകര്‍ക്കും ചാന്‍സ് കിട്ടിയില്ല കേട്ടോ. ഒരരസികനാണവളെ വിവാഹം കഴിച്ചത്. അന്യോന്യം ദ്രോഹിച്ചുകൊണ്ട് രണ്ടുപേരും വളരെ വര്‍ഷങ്ങള്‍ ജീവിച്ചു.

കാലിത്തൊഴുത്തിനടുത്ത് ഒരു ചെറ്റപ്പുരയിലാണ് അവന്‍ താമസിച്ചിരുന്നത്. ബട്ടര്‍കപ്പിന്റെ അമ്മ പറയാറുണ്ട്, അവന്‍ അവന്റെ ചെറ്റപ്പുര വളരെ വൃത്തിയായാണ് സൂക്ഷിക്കുന്നതെന്ന്. മാത്രമല്ല രാത്രി അവന്‍ മെഴുകുതിരി വെളിച്ചത്തിലിരുന്ന് എന്തൊക്കെയോ വായിച്ചു പഠിക്കുന്നുണ്ടെന്നും.

ബട്ടര്‍കപ്പിന് പതിനഞ്ച് വയസ്സായപ്പോള്‍ ഇതൊന്നുമറിയില്ലായിരുന്നു. അറിഞ്ഞാല്‍ത്തന്നെ ആര് ശ്രദ്ധിക്കാന്‍ പോവുന്നു. ഒന്നാമത്തെ സുന്ദരിയായാലെന്ത്? മൂന്നാമത്തേതോ ആറാമത്തേതോ ആയിപ്പോയാലെന്താ കുഴപ്പം? സത്യത്തില്‍ അവള്‍ ഇരുപതില്‍ ഒന്നേ ആവുന്നുണ്ടായിരുന്നുള്ളൂ. അതും അവളുടെ ശ്രദ്ധകൊണ്ടൊന്നുമല്ല. അവള്‍ക്ക് കുളിക്കുക എന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. മുഖത്തും ചെവിയുടെ പിന്‍ഭാഗത്തുമൊക്കെ അഴുക്ക് കട്ടപിടിച്ചു കിടന്നു. അവളൊരിക്കലും മുടി കോതിവെക്കാറില്ല. അവള്‍ക്കാകെ രണ്ടുകാര്യത്തിലേ താല്പര്യമുണ്ടായിരുന്നുള്ളൂ. കുതിരസവാരിയിലും കാലിച്ചെക്കനെ നെട്ടോട്ടമോടിക്കുന്നതിലും.

‘കാലിച്ചെക്കാ! അതുകൊണ്ടുവാ,
കാലിച്ചെക്കാ! ഇതുകൊണ്ടുവാ. മടിയന്‍. വേഗം ഓടിക്കോ, അല്ലെങ്കില്‍ ഞാനിപ്പം…’

അവളുടെ കുതിരയുടെ പേര് “കുതിര” എന്നുതന്നെയായിരുന്നു. ഭാവനയുടെ കാര്യത്തില്‍ അവളൊരു വട്ടപ്പൂജ്യമായിരുന്നു; “എല്ലാ സുന്ദരികളെയും പോലെ”. കാലിച്ചെക്കന്റെ പേരുപോലും അവള്‍ക്കറിഞ്ഞുകൂടായിരുന്നു. അവളെന്നും അവനെ കാലിച്ചെക്കാ എന്നാണ് വിളിച്ചിരുന്നത്.

“കാലിച്ചെക്കാ! അതുകൊണ്ടുവാ,
കാലിച്ചെക്കാ! ഇതുകൊണ്ടുവാ. മടിയന്‍. വേഗം ഓടിക്കോ, അല്ലെങ്കില്‍ ഞാനിപ്പം…”

“നിന്റെ ഇഷ്ടംപോലെ”. എന്നു മാത്രമേ അവനെപ്പോഴും മറുപടി പറഞ്ഞിരുന്നുള്ളൂ.

കാലിത്തൊഴുത്തിനടുത്ത് ഒരു ചെറ്റപ്പുരയിലാണ് അവന്‍ താമസിച്ചിരുന്നത്. ബട്ടര്‍കപ്പിന്റെ അമ്മ പറയാറുണ്ട്, അവന്‍ അവന്റെ ചെറ്റപ്പുര വളരെ വൃത്തിയായാണ് സൂക്ഷിക്കുന്നതെന്ന്. മാത്രമല്ല രാത്രി അവന്‍ മെഴുകുതിരി വെളിച്ചത്തിലിരുന്ന് എന്തൊക്കെയോ വായിച്ചു പഠിക്കുന്നുണ്ടെന്നും.

“ഞാനെന്റെ മരണപത്രത്തില്‍ ഒരേക്കര്‍ സ്ഥലം അവനുവേണ്ടി എഴുതിവെക്കും.” ബട്ടര്‍കപ്പിന്റെ അച്ഛന്‍ പറയും.
“നിങ്ങളവനെ ചീത്തയാക്കും”. അമ്മയുടെ മറുപടി.
അവര്‍ രണ്ടുപേരും തര്‍ക്കമാരംഭിക്കും. തര്‍ക്കത്തിനൊടുക്കം രണ്ടുപേരും മകളെ ശകാരിക്കാനാരംഭിക്കും. ഇല്ലെങ്കില്‍ വഴക്ക് അവസാനിക്കില്ല. ഊണ്‍മേശയ്ക്കരികിലിരുന്ന് ലോകാവസാനംവരെ തര്‍ക്കിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? തര്‍ക്കം അവസാനിപ്പിക്കാന്‍ എന്തെങ്കിലും നിമിത്തം വേണ്ടേ!

“നീയെന്താടി കുളിക്കാഞ്ഞത്?” – അച്ഛന്‍.
“ഞാന്‍ കുളിച്ചു. ഞാന്‍ കുളിച്ചു.”
“വെള്ളം കൊണ്ടല്ല. നിനക്കൊരു വണ്ടിക്കാളയുടെ നാറ്റം”- അച്ഛന്‍.
“ദിവസം മുഴുവന്‍ ഞാന്‍ കുതിരപ്പുറത്തായിരുന്നു.”- ബട്ടര്‍കപ്പ്.

“പോയി കുളിക്കെടി പെണ്ണേ. ഒരൊറ്റ ആണ്‍കുട്ടികളും കാലിത്തൊഴുത്തിന്റെ മണമുള്ള പെണ്ണിനെ ഇഷ്ടപ്പെടില്ല”- അമ്മ.
“ഓ, ആണ്‍കുട്ടികള്‍, ആര്‍ക്കുവേണം അവരെ. എന്റെ കുതിരയ്ക്ക് എന്നെ ഇഷ്ടാ. അതുമതി എനിക്ക്”. ബട്ടര്‍കപ്പ്. (ബട്ടര്‍കപ്പിന്റെ അച്ഛന്റെ പേര്‍ അച്ഛനെന്നും അമ്മയുടെ പേര്‍ അമ്മയെന്നുമായിരുന്നു).

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ.  മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper,  The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം