അവള്‍ അവന്റെ നേരെ നോക്കി. എന്നിട്ടകലേക്ക് നോക്കി നിന്നു. ‘അവനെത്ര സുന്ദരനാണ്’. ഒടുവില്‍ ബട്ടര്‍കപ്പ് പറഞ്ഞു. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’.
കുട്ടികള്‍ക്കുള്ള നോവല്‍
നാലാം ഭാഗം
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
“അവനെന്തെങ്കിലും അത്ഭുതം കാണിച്ചതായി എനിക്കു തോന്നിയില്ല”. ഭക്ഷണത്തിനുശേഷം അച്ഛന്‍ പറഞ്ഞു. പ്രഭുവും പരിവാരങ്ങളും അപ്പോഴേക്കും യാത്രയായിക്കഴിഞ്ഞിരുന്നു. []
“അവറ്റയ്ക്ക് അവനെ ഇഷ്ടമായിരിക്കും, അതാണ്. ഞാന്‍ പണ്ടൊരു പൂച്ചയെ വളര്‍ത്തിയിരുന്നു. അതെത്ര പെട്ടെന്നാണ് തടിച്ചുകൊഴുത്തത്.” ബട്ടര്‍കപ്പിന്റെ അമ്മ. ഒരു പാത്രത്തില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പകര്‍ന്നതിനുശേഷം ബട്ടര്‍കപ്പിനോടു പറഞ്ഞു: “വെസ്റ്റ്‌ലി വീട്ടിന്റെ പിന്നില്‍ നില്‍പുണ്ട്. നീ അവന്റെ ഭക്ഷണം കൊണ്ടുപോയി കൊടുക്കൂ.” ബട്ടര്‍കപ്പ് പിന്‍വാതില്‍ തുറന്ന് ഭക്ഷണപ്പാത്രം അവന്റെ നേരെ നീട്ടി. “ഇതെടുത്തോളൂ”. അവന്‍ തലയാട്ടി. എന്നിട്ട് ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്ന് വാരിത്തിന്നാന്‍ തുടങ്ങി.
“നോക്കൂ കാലിച്ചെക്കാ, ഞാന്‍ നിനക്കൊരിക്കലും മാപ്പുതരില്ല.” ബട്ടര്‍കപ്പ് പറഞ്ഞു. വെസ്റ്റ്‌ലി പാത്രത്തില്‍നിന്ന് തലയുയര്‍ത്തി അവളുടെ നേരെ നോക്കി. “നീ എന്റെ കുതിരയെ എന്താണ് കാട്ടുന്നത്.” ഇന്നു രാത്രിതന്നെ നീ അതിനെ കുളിപ്പിക്കണം. അതിന്റെ കുളമ്പുകള്‍ വാര്‍ണീഷ് ചെയ്യണം. അതിന്റെ വാല്‍ ചീകി മിനുക്കണം. പിന്നെ അതിന്റെ ചെവികള്‍ തിരുമ്പണം. പിന്നെ കുതിരത്തൊഴുത്ത് കഴുകി വൃത്തിയാക്കണം. രാത്രി മുഴുവനും എടുത്താലും എനിക്കൊന്നുമില്ല. നാളെ രാവിലെ എല്ലാം ശരിയായിരിക്കണം.”- ബട്ടര്‍കപ്പ്.
“നോക്കൂ കാലിച്ചെക്കാ, ഞാന്‍ നിനക്കൊരിക്കലും മാപ്പുതരില്ല.”
“നിന്റെ ഇഷ്ടംപോലെ”- വെസ്റ്റ്‌ലി മറുപടി പറഞ്ഞു. അവള്‍ ദേഷ്യത്തോടെ വാതില്‍ വലിച്ചടച്ച് അകത്തേക്കു പോയി. അവനിരുട്ടിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
“നിന്റെ കുതിരയ്ക്ക് ഒരു കുഴപ്പവുമില്ല മോളെ!”- അച്ഛന്‍.
“നീയല്ലെ നേരത്തെ കുതിര വളരെ വൃത്തിയായിരിക്കുന്നെന്ന് പറഞ്ഞത്”- അമ്മ.
ബട്ടര്‍കപ്പ് അമ്മയേയും അച്ഛനേയും തുറിച്ചുനോക്കി, എന്നിട്ട് അവളുടെ മുറിയിലേക്ക് വലിഞ്ഞു. അവള്‍ കിടക്കയില്‍ വീണു. എന്നിട്ട് കണ്ണുകള്‍ മുറുക്കെ അടച്ചു.
-പ്രഭ്വി വെസ്റ്റ്‌ലിയുടെ നേരെത്തന്നെ നോക്കിക്കൊണ്ടിരുന്നു- ബട്ടര്‍കപ്പ് കിടക്കയില്‍ നിന്നെഴുന്നേറ്റ്, വസ്ത്രങ്ങള്‍ മാറ്റി, കയ്യും മുഖവും തേച്ചുകഴുകി വീണ്ടും കിടന്നു. പുതപ്പുകൊണ്ട് ആകെ മൂടി അവള്‍ വീണ്ടും കിടന്നു.
-പ്രഭ്വി ഇപ്പോഴും വെസ്റ്റ്‌ലിയുടെ നേരെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവള്‍ വീണ്ടും എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. ഒരു ഗ്ലാസ് വെള്ളം കൊണ്ട് അവളുടെ നെറ്റി തടവി. ഇപ്പോള്‍ ഒരു തണുപ്പൊക്കെ തോന്നുന്നുണ്ട്. തനിക്ക് പനിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. നെറ്റിയില്‍ വെള്ളം വീണപ്പോള്‍ സ്വല്പം സുഖമുണ്ട്. അവള്‍ വീണ്ടും കിടന്നു.
-പ്രഭ്വി ഇപ്പോഴും വെസ്റ്റ്‌ലിയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.
എന്തിനാണ് പ്രഭ്വി അവനെ അങ്ങനെ നോക്കുന്നത്.
ഫ്‌ളോറിനിലെ ഏറ്റവും പണക്കാരിയായ പെണ്ണ്. ഏറ്റവും നല്ല വസ്ത്രം ധരിച്ച പെണ്ണ്. അവളെന്തിനാണീ കാലിച്ചെക്കനെ ഇങ്ങനെ തുറിച്ചുനോക്കുന്നത്. ബട്ടര്‍കപ്പ് ആലോചിക്കാന്‍ തുടങ്ങി. കാലിച്ചെക്കനെന്തെങ്കിലും പ്രത്യേകതയുണ്ടോ. അവന്റെ കണ്ണുകളായിരിക്കും. അതിനൊരു ഭംഗിയൊക്കെയുണ്ട്. കൊടുങ്കാറ്റിന് തൊട്ടുമുമ്പുള്ള സമുദ്രംപോലെ. അവന്റെ വിരിവാര്‍ന്ന നെഞ്ചാണോ. പ്രഭുവിന്റെ നെഞ്ച് അവനേക്കാള്‍ വിരിവാര്‍ന്നതല്ലേ! ഒരുപക്ഷേ, അവന്റെ പല്ലുകളായിരിക്കും. ശരിയാണ്, അവന് നല്ല ഭംഗിയുള്ള പല്ലുകളാണുള്ളത്. ഒരാള്‍ക്ക് നല്ല ഭംഗിയുള്ള പല്ലുണ്ടെന്ന് വെച്ച് ഒരു പ്രഭ്വി അങ്ങനെ തുറിച്ചുനോക്കുമോ!
ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ അവന്റെ നേരെ നോക്കുന്നത് അവള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരെല്ലാം വിഡ്ഢികളാണ്. അവര്‍ എല്ലാവരുടേയും നേരെ അങ്ങനെതന്നെയാണ് നോക്കാറ്. എന്നാല്‍ എന്തിനീ പ്രഭ്വി അവനെയങ്ങനെ നോക്കി.
അവളുറങ്ങിപ്പോയി. ഉറക്കത്തിലവളൊരു സ്വപ്‌നം കണ്ടു ഞെട്ടിയുണര്‍ന്നു. വെസ്റ്റ്‌ലി പശുക്കളെ തീറ്റുകയാണ്. പ്രഭ്വി അവന്റെ നേരെ നോക്കിത്തന്നെ നില്ക്കുകയാണ്. പിന്നില്‍ ബട്ടര്‍കപ്പുമുണ്ട്. പശുക്കളെ തീറ്റുന്നതിനിടയില്‍ അവന്‍ തലയുയര്‍ത്തി പ്രഭ്വിയുടെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി.
അവള്‍ക്ക് വേദനിച്ചു. അവന്‍ അവളുടെ നേരെയാണ് അങ്ങനെ നോക്കിയിരുന്നതെങ്കില്‍.
“അവള്‍ കിഴവിയാണ്”. ബട്ടര്‍കപ്പ് പിറുപിറുത്തു. “വൃത്തികെട്ട ശവം”. അവളുടെ ചായം തേച്ച മുഖം. കിടക്കയില്‍ കൈകാലിട്ടടിച്ച് ബട്ടര്‍കപ്പ് കരയാന്‍ തുടങ്ങി. വീണ്ടും, വീണ്ടും അവള്‍ കരഞ്ഞു. രാത്രി മുഴുവനും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഇരുന്നും കിടന്നും നിന്നും നടന്നും. അവളുടെ ഹൃദയത്തില്‍ അസൂയ നിറഞ്ഞുകുമിഞ്ഞു. എത്ര കരഞ്ഞാലും തീരാത്ത ഒരു രാത്രിയായിരുന്നു അത്. നീണ്ടുനീണ്ടൊരു രാത്രി.
കിടക്കയില്‍ കൈകാലിട്ടടിച്ച് ബട്ടര്‍കപ്പ് കരയാന്‍ തുടങ്ങി. വീണ്ടും, വീണ്ടും അവള്‍ കരഞ്ഞു. രാത്രി മുഴുവനും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഇരുന്നും കിടന്നും നിന്നും നടന്നും. അവളുടെ ഹൃദയത്തില്‍ അസൂയ നിറഞ്ഞുകുമിഞ്ഞു.
നേരം വെളുക്കുന്നതിന് മുന്‍പുതന്നെ അവള്‍ വെസ്റ്റ്‌ലിയുടെ കുടിലിന് മുന്‍പിലെത്തി. അകത്ത് അവനുണര്‍ന്നിരിക്കുകയാണെന്നവള്‍ക്ക് തോന്നി. അവള്‍ വാതില്‍ക്കല്‍ പതുക്കെ മുട്ടി. വെസ്റ്റ്‌ലി വാതില്‍ തുറന്നു. അകത്ത് ഒരു വിളക്ക് കത്തുന്നുണ്ടായിരുന്നു. അതിന്റെ മുന്‍പില്‍ തുറന്നുകിടക്കുന്ന ഒരു പുസ്തകം. അവള്‍ അവന്റെ നേരെ നോക്കി. എന്നിട്ടകലേക്ക് നോക്കി നിന്നു. “അവനെത്ര സുന്ദരനാണ്”. ഒടുവില്‍ ബട്ടര്‍കപ്പ് പറഞ്ഞു. “ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”.
നിനക്കിതൊരത്ഭുതമായിരിക്കും, കാരണം ഞാനിന്നുവരെ നിന്നെ ചീത്ത വിളിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ കുറേ മണിക്കൂറുകളായി ഞാന്‍ നിന്നെ കഠിനമായി സ്‌നേഹിക്കുന്നു. ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ വിചാരിച്ചു. ലോകത്തില്‍ ഒരു പെണ്ണ് ഒരു പുരുഷനെ സ്‌നേഹിക്കുന്നതിനേക്കാളൊക്കെ കടുപ്പത്തില്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്.
എന്നാല്‍ അരമണിക്കൂര്‍ മുമ്പ് എനിക്കു തോന്നി, അതിനും മുന്‍പ് എനിക്കു നിന്നോടു തോന്നിയ സ്‌നേഹം അതിനുശേഷം തോന്നിയതുമായി തട്ടിച്ചുനോക്കാന്‍ പോലും പറ്റില്ലെന്ന്. നേരത്തെ എനിക്കു തോന്നിയ സ്‌നേഹം ഒരു വെറും വെള്ളക്കുഴി ആണെങ്കില്‍ അതിനുശേഷം എനിക്കു തോന്നിയ സ്‌നേഹം കൊടുങ്കാറ്റടിക്കുന്ന സാഗരംപോലെ അപാരമാണ്. ഇപ്പോള്‍ എനിക്കു തോന്നുന്നത് എന്റെ സ്‌നേഹത്തിന് ഒരു താരതമ്യവുമില്ലെന്നാണ്.
നിന്റെ കണ്ണുകള്‍ക്കെന്തു ഭംഗി. എന്റെ ശരീരം മുഴുവന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ കൈകള്‍, എന്റെ ചെവി, എന്റെ കാലുകള്‍. നീ മുട്ടിട്ടിഴയാന്‍ പറഞ്ഞാല്‍ ഞാനിഴയും. നിനക്കു വിശക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആഹാരം കൊണ്ടുവന്നുതരും. നിനക്കു ദാഹിക്കുന്നുവെങ്കില്‍ ഞാന്‍ അറേബ്യയില്‍നിന്ന് വൈന്‍ കൊണ്ടുവന്നു തരും. നീ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ പാടും.
എനിക്ക് പ്രഭ്വിയുമായി ഒരു തരത്തിലും മത്സരിക്കാനാവില്ലെന്ന് അറിയാം. അവളുടെ അത്ര ബുദ്ധിയും സാമര്‍ത്ഥ്യവും അഴകും എനിക്കില്ല. അവളെങ്ങനെയാണ് നിന്നെ നോക്കിയതെന്നെനിക്കറിയാം. നീ എങ്ങനെയാണവളെ നോക്കിയതെന്നും എനിക്കറിയാം. ഓര്‍ക്കുക, അവള്‍ കിഴവിയാണ്. അവള്‍ക്ക് നിന്നില്‍ ഒരു താല്പര്യമേ ഉള്ളൂ. എനിക്ക് പതിനേഴ് വയസ്സേ ഉള്ളൂ. എനിക്ക് നീയല്ലാതെ മറ്റാരുമില്ല. പ്രിയപ്പെട്ട വെസ്റ്റ്‌ലി- നിന്നെ ഞാനൊരിക്കലും അങ്ങനെ വിളിച്ചിട്ടില്ലല്ലോ!, വെസ്റ്റ്‌ലി- വെസ്റ്റ്‌ലി, വെസ്റ്റ്‌ലി, വെസ്റ്റ്‌ലി, വെസ്റ്റ്‌ലി, ഓമന വെസ്റ്റ്‌ലി, പ്രിയ വെസ്റ്റ്‌ലി, പുന്നാര വെസ്റ്റ്‌ലി, ചക്കര വെസ്റ്റ്‌ലി, നീ എന്നെ സ്‌നേഹിക്കില്ലേ?”
ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞുതീര്‍ത്തിട്ടവള്‍ അന്നേവരെ ചെയ്തതിലും വെച്ചേറ്റവും ധീരമായ ഒരു കൃത്യം ചെയ്തു – അവന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി.
അവന്‍ അവളുടെ നേരെ വാതില്‍ കൊട്ടിയടച്ചു.
ഒന്നും മിണ്ടാതെ…
ഒന്നും മിണ്ടാതെ…
തുടരും..
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…