‘എന്ത് വെസ്റ്റ്‌ലി? നീയെന്നെ പ്രേമിക്കുന്നെന്നോ! ഹാ…! പ്രേമിക്കുന്നെന്നോ? നിന്റെ പ്രേമം ഒരു മണല്‍ത്തരിയാണെങ്കില്‍ എന്റെ പ്രേമം ഒരു മഹാസമുദ്രമാണ്. നിന്റെ പ്രേമം…’
കുട്ടികള്‍ക്കുള്ള നോവല്‍
അഞ്ചാം ഭാഗം
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
ബട്ടര്‍കപ്പ് ഓടി, അവള്‍ക്ക് ചുറ്റും ലോകം വട്ടം ചുറ്റുന്നതായും ആകെ പൊട്ടിത്തകരുന്നതായും തോന്നി. അവളുടെ കണ്ണീര് ചവര്‍ത്തു. അവള്‍ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല. അവള്‍ നിലത്തു വീണു. ഒരു മരത്തിനോട് ചെന്നടിച്ച് അവള്‍ വീണു. എഴുന്നേറ്റ് വീണ്ടും ഓടി. അവള്‍ക്ക് വേദനിക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍നിന്നും മുതുകില്‍നിന്നുമൊക്കെ രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. എന്നാല്‍ അവള്‍ നിന്നില്ല. അവളുടെ മുറിയിലേക്ക്, അവളുടെ തലയിണകളുടെ സുരക്ഷിതത്വത്തിലേക്ക് അവളോടി. മുറിയില്‍ കയറി വാതിലടച്ചവള്‍ കിടക്കയിലേക്ക് കമിഴ്ന്നുവീണു. പിന്നെ അത് കണ്ണീരുകൊണ്ടു നനച്ചു.[]
അവനൊറ്റ അക്ഷരവും പറഞ്ഞില്ല. “ഞാന്‍ ദുഃഖിക്കുന്നു. താമസിച്ചുപോയി”. എന്നു പറയാനുള്ള മാന്യതയെങ്കിലും അവനുണ്ടായില്ല. എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അവനെന്തായിരുന്നു നഷ്ടം. ഉടനെ അവള്‍ക്ക് തോന്നി, അവന്‍ വായ് തുറന്നാല്‍ എന്തെങ്കിലും വിഡ്ഢിത്തമായിരിക്കും പുറപ്പെടുന്നത്. കാണാന്‍ ചേലുണ്ടെങ്കിലെന്താണ് പമ്പരവിഡ്ഢിയല്ലേ അവന്‍.
അവളുടെ കണ്ണീരൊക്കെ വറ്റി. അവള്‍ ചിരിച്ചു. അവള്‍ ദീര്‍ഘമായി നിശ്വസിച്ചു. ഇതൊക്കെ കൗമാരത്തിന്റെ കൗതുകങ്ങളാണ്. നിങ്ങള്‍ക്കൊന്നിനോട് താല്പര്യം തോന്നുന്നു. കണ്ണടച്ച് തുറക്കുന്നതിനുമുന്‍പ് കൗതുകം നഷ്ടപ്പെടുന്നു. അവള്‍ സമാധാനിച്ചു. എഴുന്നേറ്റു മുഖം കഴുകി. കിടക്ക തട്ടിക്കുടഞ്ഞു വിരിച്ചു. വസ്ത്രങ്ങള്‍ മാറ്റി. തലമുടി കോതിവെച്ചു. പക്ഷേ, പെട്ടെന്നവള്‍ വീണ്ടും പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒരാള്‍ക്ക് എത്രത്തോളം തന്റെ ഹൃദയത്തോട് കള്ളം പറയാന്‍ പറ്റും.
അവനൊറ്റ അക്ഷരവും പറഞ്ഞില്ല. ‘ഞാന്‍ ദുഃഖിക്കുന്നു. താമസിച്ചുപോയി’. എന്നു പറയാനുള്ള മാന്യതയെങ്കിലും അവനുണ്ടായില്ല.
വെസ്റ്റ്‌ലി വിഡ്ഢിയല്ല. അവന്‍ അവളോട് ഒന്നും പറഞ്ഞില്ല. കാരണം അവന് അവളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അവനവളെ സ്‌നേഹിക്കുന്നില്ല. അതുതന്നെ. അവള്‍ അന്ന് മുഴുവന്‍ കരച്ചില്‍ തന്നെയായിരുന്നു. പക്ഷേ, ഒരു വ്യത്യാസം. ആദ്യത്തെ പൊട്ടിക്കരച്ചിലല്ല. ഇതൊരു നിശ്ശബ്ദ വേദനയായിരുന്നു. തന്നെക്കാണാന്‍ ഒട്ടും ചന്തമില്ലെന്നവള്‍ക്കുറപ്പായി. ഗ്രാമത്തിലെ പൊണ്ണന്മാര്‍ അവളെ നോക്കിനില്‍ക്കുന്നത് വേറെ കാര്യം. അവള്‍ക്കാകെ അറിയാവുന്ന കാര്യം കുതിര സവാരിയാണ്. അതുകൊണ്ടുമാത്രം പ്രഭ്വി കണ്ണുവെച്ച ഒരു പയ്യന്‍ അവളെ സ്‌നേഹിക്കില്ലല്ലോ.
സന്ധ്യയായി. പുറത്തൊരു കാല്‍പ്പെരുമാറ്റം. അവള്‍ കണ്ണീരു തുടച്ചു.
“ആരാണത്…”
“ഞാനാണ്, വെസ്റ്റ്‌ലി… ”
“ഏത് വെസ്റ്റ്‌ലി… അങ്ങനെ ഒരാളെ ഞാനറിയില്ലല്ലോ… ങാ… കാലിച്ചെക്കന്‍.”
അവള്‍ വാതില്‍ തുറന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:
“നീ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാവിലെ ഞാന്‍ കാണിച്ച തമാശയില്‍ ഞാന്‍ ദുഃഖിക്കുന്നു. ഞാനതൊന്നും കാര്യമായി പറഞ്ഞതല്ലെന്ന് നിനക്കറിയാമല്ലോ!. പക്ഷേ, നീ വാതില്‍ അടച്ചപ്പോള്‍ എനിക്കു തോന്നി. നീ അതൊക്കെ വിശ്വസിച്ചെന്ന്. പാവം ചെക്കന്‍, നിനക്കറിയില്ലെ അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന്!”
“ഞാന്‍ പോവുകയാണ്”.
“നീ ഉറങ്ങാന്‍ പോവുകയാണല്ലേ? രാവിലെ ഞാന്‍ കാണിച്ച തമാശ നീ
ക്ഷമിച്ചിരിക്കുന്നുവെന്ന് പറയാന്‍ വന്നതാണല്ലേ.”
“ഞാന്‍ പോവുകയാണ്.” അവന്‍ വീണ്ടും പറഞ്ഞു.
അവളറിയാതെ വാതില്‍പ്പടിമേല്‍ മുറുകെ പിടിച്ചു. അവള്‍ക്ക് കാലിടറുന്നതുപോലെ തോന്നി.
“ഇപ്പോള്‍…”
“അതെ, ഇപ്പോള്‍ത്തന്നെ.”
“രാവിലെ ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?”
“അതെ”.
“ശരി, സംഭവിച്ചതെന്തായാലും സംഭവിച്ചു. ഒരുകാര്യം; നീ ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാമെന്നു കരുതേണ്ട. ഞാന്‍ തിരിച്ചെടുക്കില്ല. നീ തെണ്ടിയാലും. നിന്നോടവള്‍ക്കുള്ള താല്പര്യം അത്രയേറെ കാലമൊന്നും നില്‍ക്കില്ല. മാത്രമല്ല, നിന്നെപ്പോലൊരു തെണ്ടിക്ക് അധികമൊന്നും ആശിക്കാനുമില്ല.”
അവന്‍ ഒരടി പിന്നാക്കം വെച്ചു. എന്നിട്ടവന്റെ വലതുകരം അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: ‘ഗുഡ്‌ബൈ’.
“ഞാന്‍ അമേരിക്കയ്ക്ക് പോവുകയാണ്. അവിടെ ധാരാളം സാധ്യതകളുണ്ട്. ഞാന്‍ ഇഷ്ടംപോലെ പണമുണ്ടാക്കും. എന്നിട്ടൊരു തോട്ടവും വീടും വാങ്ങാന്‍ വേണ്ടി തിരിച്ചുവരും.”
“നിന്റെ പൊളിഞ്ഞ വീട്ടില്‍ അവള്‍ വരുമെന്നാണോ നീ കരുതുന്നത്. അവള്‍ക്ക് വസ്ത്രങ്ങള്‍ക്ക് തന്നെ എത്ര പണം വേണമെന്നാണ് നീ കരുതുന്നത്.”
“നിര്‍ത്തണം. പ്രഭ്വിയെക്കുറിച്ച് പറയുന്നത് നിര്‍ത്തണം, നിനക്കൊട്ടും ബുദ്ധിയില്ല. ഞാന്‍ പറയുന്നതെന്താണെന്ന് പോലും നിനക്ക് മനസ്സിലാവുന്നില്ല.”
“എന്ത് വെസ്റ്റ്‌ലി? നീയെന്നെ പ്രേമിക്കുന്നെന്നോ! ഹാ…! പ്രേമിക്കുന്നെന്നോ? നിന്റെ പ്രേമം ഒരു മണല്‍ത്തരിയാണെങ്കില്‍ എന്റെ പ്രേമം ഒരു മഹാസമുദ്രമാണ്. നിന്റെ പ്രേമം…”
ബട്ടര്‍കപ്പിന്റെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ ഒരു സമുദ്രം അലയടിക്കാന്‍ തുടങ്ങി. “ഞാനിവിടെ ഈ മൂന്നുകൊല്ലം തങ്ങിയതുതന്നെ നിന്നെപ്രതിയാണ്. ഓരോ നിമിഷവും നിന്നെ കാണാന്‍, നിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍. ഓരോ നിമിഷവും നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയം ആഹ്ലാദംകൊണ്ട് വീര്‍ത്തു പൊട്ടാന്‍ പോവുകയായിരുന്നു…”
“എന്റെ വെസ്റ്റ്‌ലി, നീയെന്നെ കളിയാക്കുകയാണോ? നീയെന്നോട് ഒരിക്കലും ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ!”
“പറഞ്ഞില്ലെന്നോ, ഓരോ തവണയും “നിന്റെ ഇഷ്ടംപോലെ” എന്നു പറയുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് “നിന്നെ ഇഷ്ടപ്പെടുന്നു” എന്നല്ലെ? നിനക്കത് കേള്‍ക്കാന്‍ സമയമുണ്ടായില്ല.”
“ഞാനിപ്പോള്‍ കേള്‍ക്കുന്നു വെസ്റ്റ്‌ലി. ഞാനിനി നിന്നെ മാത്രമേ സ്‌നേഹിക്കൂ. വെസ്റ്റ്‌ലിയെ മാത്രം, മരണംവരെ.”
“ഞാന്‍ നിന്നെ വേഗം കൊണ്ടുപോകാം…”
“എന്റെ വെസ്റ്റ്‌ലി എന്നോട് കള്ളം പറയുകയല്ലല്ലോ…”
“ഞാന്‍ വൈകി. എനിക്ക് പോകണം. കപ്പല്‍ പുറപ്പെടാന്‍ നേരമായി”.
“എനിക്കറിയാം.”
അവന്‍ ഒരടി പിന്നാക്കം വെച്ചു. എന്നിട്ടവന്റെ വലതുകരം അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: “ഗുഡ്‌ബൈ”. അവള്‍ക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നി. അവളൊരു വിധത്തില്‍ അവളുടെ വലതുകരം അവന്റെ നേരെ നീട്ടി. അവര്‍ കൈകള്‍ കോര്‍ത്തു “ഗുഡ്‌ബൈ”. അവന്‍ പറഞ്ഞു, ഒരിക്കല്‍കൂടി.
അവള്‍ തലയാട്ടി. അവന്‍ തിരിഞ്ഞു മൂന്നടിവെച്ചു അവളുടെ നേരെ നോക്കാതെ. അവള്‍ അവനെ നോക്കി. അവന്‍ തിരിഞ്ഞുനോക്കി. അവളറിയാതെ പറഞ്ഞുപോയി.
“ഒരുമ്മപോലും തരാതെ.”
രണ്ടുപേരും ഒരാലിംഗനത്തില്‍ അമര്‍ന്നു.
തുടരും..
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…