കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം
Discourse
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2012, 12:01 pm

അയാള്‍ ഭൂമിക്കടിയില്‍ ഒരപൂര്‍വ്വ മൃഗശാല ഉണ്ടാക്കി. എന്നിട്ട് അപൂര്‍വ്വ മൃഗങ്ങള്‍ക്കായി അയാള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും ആളയച്ചു. ഈ മൃഗശാല സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ളതല്ല. പാതാളത്തിലെ ഈ മൃഗശാലയിലെ ഏക സന്ദര്‍ശകന്‍ സൂക്ഷിപ്പുകാരനായ ആല്‍ബിനോ മാത്രമായിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍
ഏഴാം ഭാഗം

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഹംപര്‍ഡിന്‍ക് രാജകുമാരന്‍ ഒരു വീപ്പപോലെയായിരുന്നു. ആള്‍ ഒരു കുള്ളനായിരുന്നെങ്കിലും അയാളുടെ തൂക്കം ഇരുനൂറ്റിയന്‍പത് റാത്തലായിരുന്നു. ഒരു ഞെണ്ടിനെപ്പോലെയാണയാള്‍ നടന്നിരുന്നത്. രാജാവാകണമെന്ന പൂതിപോലും അയാള്‍ക്കില്ലായിരുന്നു. ആളൊരു യുദ്ധവീരനായിരുന്നെങ്കിലും അതിനൊക്കെ അയാളുടെ ജീവിതത്തില്‍ രണ്ടാംസ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. വേട്ടയായിരുന്നു അയാള്‍ക്കേറ്റവും പ്രിയം.

എല്ലാ ദിവസവും ഏതെങ്കിലും ജീവിയെ അയാള്‍ക്ക് കൊല്ലണം. എന്തായാലും ശരി. ആദ്യമാദ്യം ആന, തിമിംഗലം തുടങ്ങിയ വന്‍ജീവികളെ കൊല്ലുന്നതായിരുന്നു അയാള്‍ക്ക് പ്രിയം. എന്നാല്‍ വേട്ടയാടലിലുള്ള അയാളുടെ സാമര്‍ഥ്യം കൂടിയതോടെ ചെറിയ ജീവികളുടെ പ്രാണവേദനയും അയാള്‍ക്ക് പ്രിയങ്കരമായി. ഒരു അണ്ണാനെ പിന്തുടര്‍ന്നുകൊണ്ട് ഒരു വൈകുന്നേരം മുഴുവനും അയാള്‍ ചെലവഴിക്കും. ഒരു ജീവിയെ കണ്ടുകഴിഞ്ഞാല്‍, അതെത്ര മനോഹരമായിക്കൊള്ളട്ടെ, അതിനെ ഏതെങ്കിലും വിധത്തില്‍ കുടുക്കി അതിക്രൂരമായി കൊന്നുകഴിഞ്ഞാലേ അയാള്‍ ഉണ്ണാറും ഉറങ്ങാറുമുള്ളൂ. []

ആദ്യമൊക്കെ അയാളുടെ വേട്ടയുടെ കൗതുകം ലോകത്തിന്റെ നാനാഭാഗത്തേക്കും അയാളെ കൊണ്ടുപോയി. എന്നാല്‍ ഫ്‌ളോറിനില്‍ നിന്നധികകാലം അയാള്‍ക്ക് വിട്ടുനില്ക്കാനാവില്ല. കാരണം അയാള്‍ യുവരാജാവായിരുന്നു. അച്ഛന്റെ മരണത്തോടെ രാജ്യഭാരം അയാള്‍ ഏറ്റെടുക്കണം. മാത്രമല്ല, അടുത്ത അവകാശിയെ സൃഷ്ടിക്കല്‍കൂടി അയാളുടെ ബാധ്യതയാണല്ലോ?

അതുകൊണ്ടീ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ ഭൂമിക്കടിയില്‍ ഒരപൂര്‍വ്വ മൃഗശാല ഉണ്ടാക്കി. എന്നിട്ട് അപൂര്‍വ്വ മൃഗങ്ങള്‍ക്കായി അയാള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും ആളയച്ചു. ഈ മൃഗശാല സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ളതല്ല. പാതാളത്തിലെ ഈ മൃഗശാലയിലെ ഏക സന്ദര്‍ശകന്‍ സൂക്ഷിപ്പുകാരനായ ആല്‍ബിനോ മാത്രമായിരുന്നു. അയാളുടെ ഉത്തരവാദിത്വം മൃഗങ്ങളെ നന്നായി തീറ്റിപ്പോറ്റലായിരുന്നു.

ഈ അപൂര്‍വ മൃഗശാല രാജകുമാരനും മുന്‍പൊരദ്ധ്യായത്തില്‍ പ്രത്യക്ഷപ്പെട്ട റൂഗന്‍ പ്രഭുവും ചേര്‍ന്നാണ് രൂപകല്പന ചെയ്തത്. അഞ്ച് നിലകളായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ നിലയില്‍ അയാള്‍ വേഗതയുള്ള ജീവികളെ അടച്ചു. കാട്ടുനായ്ക്കള്‍, പുലികള്‍, പക്ഷികള്‍.

രണ്ടാമത്തെ നിലയില്‍ ശക്തിയുള്ളവയെ- ഉറാങ്ങുട്ടാങ്, കാട്ടുപന്നികള്‍, പോത്തുകള്‍, കാണ്ടാമൃഗങ്ങള്‍, ഇരുപതടിയിലേറെ നീളമുള്ള മുതലകള്‍ അങ്ങനെ. മൂന്നാമത്തെ നില വിഷജീവികള്‍ക്കായിരുന്നു. മൂര്‍ഖന്‍പാമ്പുകള്‍, പറക്കുന്ന തേളുകള്‍, രക്തം കുടിക്കുന്ന കടവാതിലുകള്‍ അങ്ങനെ. നാലാമത്തെ നിലയില്‍ ഭീതിയുളവാക്കുന്ന ഏറ്റവും അപകടകാരികളായ ജീവികളെ അയാള്‍ അടച്ചു.

എല്ലാ ജീവികളുടേയും പടമൊട്ടിച്ച ഒരു കറങ്ങുന്ന ചക്രമുണ്ടായിരുന്നു അയാളുടെ കയ്യില്‍. അതിലൊരു സൂചിയും. രാവിലെ ചായ കുടിക്കുമ്പോള്‍ അയാളത് കറക്കും. ഏതു മൃഗത്തിന്റെ നേരെയാണോ സൂചി നില്ക്കുന്നത്. അതായിരിക്കും അയാളുടെ അന്നത്തെ ഇര.

Buttercup 7

കൂക്കിവിളിക്കുന്ന കരിനാടന്‍ കഴുകന്‍, അങ്ങനെ പലതും. നാലാമത്തെ നിലയിലെ കക്ഷികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ആല്‍ബിനോ പോലും പേടിച്ചു വിറച്ചു. അഞ്ചാമത്തെ നില ഒഴിഞ്ഞുതന്നെ കിടന്നു. തന്നെപ്പോലെ അപകടകാരിയും നികൃഷ്ടനുമായ ഏതെങ്കിലും ഒരു ജീവിയെ ആ നിലയില്‍ അടയ്ക്കാന്‍ ഒരിക്കല്‍ കണ്ടെത്തുമെന്ന് അയാള്‍ വിശ്വസിച്ചു.

അയാളൊരു ശുഭാപ്തി വിശ്വാസി ആയിരുന്നതിനാല്‍ ആ അറ എപ്പോഴും തയ്യാറായിത്തന്നെയാണിരുന്നത്. മാത്രമല്ല മറ്റു നിലകളിലും ഒരു മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ആവശ്യമുള്ളതിലുമധികം അപകടകാരികള്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും അയാള്‍ക്കോരോ ജീവികളെ പീഡിപ്പിച്ചു കൊന്നാലേ ഉറക്കം വരുമായി
രുന്നുള്ളൂ.

എല്ലാ ജീവികളുടേയും പടമൊട്ടിച്ച ഒരു കറങ്ങുന്ന ചക്രമുണ്ടായിരുന്നു അയാളുടെ കയ്യില്‍. അതിലൊരു സൂചിയും. രാവിലെ ചായ കുടിക്കുമ്പോള്‍ അയാളത് കറക്കും. ഏതു മൃഗത്തിന്റെ നേരെയാണോ സൂചി നില്ക്കുന്നത്. അതായിരിക്കും അയാളുടെ അന്നത്തെ ഇര. ആല്‍ബിനോ അതിനെ ഉടനടി ഹാജരാക്കുകയും ചെയ്യും. ചില ദിവസങ്ങളില്‍ അയാളീ ചക്രത്തെ ആശ്രയിക്കില്ല. മനസ്സില്‍ തോന്നുന്നത് കല്പിക്കും.

“എനിക്കിന്ന് നല്ല വേഗം തോന്നുന്നു. ഒരു പുലിയെ കൊണ്ടുവരൂ.”

അല്ലെങ്കില്‍ “എനിക്കിന്ന് നല്ല ഉഷാര്‍ തോന്നുന്നു. ഒരു കാണ്ടാമൃഗത്തിനെ കൊണ്ടുവരൂ”. ഇങ്ങനെ…

Buttercupഹംപര്‍ഡിന്‍ക് രാജകുമാരനെ പരിചയപ്പെട്ടുകഴിഞ്ഞല്ലോ! ഇനി കഥയിലേക്ക് കടക്കാം. അന്ന് രാവിലെ മുതല്‍ അയാളൊരു ഉറാങ്ങൂട്ടാങ്ങുമായി ഗുസ്തിയിലായിരുന്നു. ഉറാങ്ങുട്ടാങ് ആകെ അവശനായിരുന്നു. ഒടുക്കം രാജകുമാരന്‍ അതിന്റെ നട്ടെല്ല് ഇടിച്ചുതകര്‍ത്തു. അപ്പോഴാണ് മുകളില്‍നിന്ന് റൂഗന്‍ പ്രഭു വിളിച്ചത്. “നോക്കൂ, ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്.”

“കുറച്ചു സമയം കൂടെ കാത്തുകൂടെ.”

“എത്ര നേരം.” അപ്പോഴേക്കും ഉറാങ്ങുട്ടാങ്ങ് ഒരു ശീലപ്രതിമപോലെ കുഴഞ്ഞു വീണുകഴിഞ്ഞിരുന്നു.

“നിങ്ങളുടെ അച്ഛന്‍ രാജാവ് മരിച്ചുകൊണ്ടിരിക്കുകയാണ്”.
-പ്രഭു.

“നാശം! പെട്ടെന്ന് തന്നെ ഞാന്‍ വിവാഹം കഴിക്കണമെന്നാണല്ലോ”. (അനന്തരാവകാശിയെ സൃഷ്ടിക്കല്‍ ഓരോ രാജാവിന്റേയും അടിയന്തിര കടമയാണല്ലോ).
നാലുപേര്‍ ആലോചനായോഗത്തിലായിരുന്നു. ലോതാറന്‍ രാജാവും

ബെല്ലാ രാജ്ഞിയും ഹംപര്‍ഡിന്‍ക് രാജകുമാരനും റൂഗന്‍ പ്രഭുവും. പ്രശ്‌നം രാജകുമാരന്റെ വിവാഹംതന്നെ. ഒരു കാര്യം പറയാന്‍ വിട്ടു. ബെല്ലാ രാജ്ഞി ഹംപര്‍ഡിന്‍ക് രാജകുമാരന്റെ രണ്ടാനമ്മയായിരുന്നു. എല്ലാ രണ്ടാനമ്മമാരേയുംപോലെ അവളും മഹാചീത്തയായിരുന്നു.

“വേഗം ഒരു പെണ്ണിനെ കണ്ടുപിടിക്കൂ. എന്നിട്ടാ ശല്യം വേഗം തീരട്ടെ”- രാജകുമാരന്‍.

“ഹംപര്‍ഡിന്‍ക്, കല്യാണം കഴിക്കാന്‍ ഇതാണ് പറ്റിയ സമയമെന്നു തോന്നുന്നു”- അച്ഛന്‍ രാജാവ് പറഞ്ഞു.

അയാള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടതു കാരണം, അതിങ്ങനെയാണ് പുറത്തുവന്നത്. “ഹംപര്‍സിംഗല്‍ സിപ്ള്‍ സംഗന്‍ സന്‍ഗില്‍ കസില്‍ സംഗ്ല്‍”. രാജാവ് പറയുന്നതെന്താണെന്ന് മനസ്സിലാവുന്ന ഒരേ ഒരാള്‍ രാജ്ഞിയാണെന്നാണ് പറച്ചില്‍. രാജ്ഞി രാജാവിന്റെ മൊഴി പരിഭാഷപ്പെടുത്തി.

“ഹംപര്‍ഡിന്‍കിനെ കല്യാണം കഴിക്കുന്നവള്‍ ഭാഗ്യവതിയായിരിക്കുമെന്നാണ് പറഞ്ഞത്.”

കൂടിയാലോചനയുടെ അവസാനഘട്ടത്തില്‍ അയല്‍രാജ്യമായ ഗില്‍ഡറിലെ രാജകുമാരി നൊരീനയെ വേള്‍ക്കുന്നതാണ് നല്ലതെന്ന തീരുമാനത്തില്‍ എത്തി. ഫ്‌ളോറിന്‍ ചാനലിന്റെ തൊട്ടപ്പുറത്തുള്ള രാജ്യമായിരുന്നു ഗില്‍ഡര്‍. അവരെന്നും യുദ്ധത്തിലായിരുന്നു.

“അവള്‍ കാണാന്‍ എങ്ങനെയുണ്ട്?”

“കാണാന്‍ അവളൊരു ആണ്‍കുട്ടിയെപ്പോലെയാണ്. എന്നാലും സുന്ദരി തന്നെ.”

“തൊലി?”

“മാര്‍ബിള്‍ പോലെ”.

“ചുണ്ടുകള്‍?”

“ചുവപ്പ്. കവിളും. വലിയ കണ്ണുകള്‍. ഒന്ന് നീലനിറം, മറ്റേത് പച്ചനിറം.”

“രൂപം?”

“ഭയങ്കരം തന്നെ. ലോകത്തിലെ ഏറ്റവും വലിയ തൊപ്പി ശേഖരം അവളുടേതാണ്.”

അച്ഛന്‍ രാജാവ് വീണ്ടും ഇടപെട്ടു. “ഗില്‍ഡറിലെ രാജകുമാരിയെ നമുക്കു വേണ്ട.” പക്ഷേ, അതിങ്ങനെയാണ് പുറത്തുവന്നത്. “ഗില്‍ബ്ള്‍ സില്‍ബ്ള്‍ നിന്‍ബിള്‍സ്”. രാജ്ഞി അതിങ്ങനെ മൊഴിമാറ്റി. ഞാനിന്നുതന്നെ ഗില്‍ഡറിലേക്ക് പോയി രാജകുമാരിയെ ഔദ്യോഗികമായി കാണണമെന്നും ഇങ്ങോട്ടേക്ക് ക്ഷണിക്കണമെന്നുമാണ് പറഞ്ഞത്.
തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം