കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം
Discourse
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2012, 8:00 am

‘നീ ഈ വിഡ്ഢിത്തം കാണിക്കരുതായിരുന്നു’. ഹംപര്‍ഡിന്‍ക് രാജകുമാരനോട് ബെല്ലാരാജ്ഞി. രാജകുമാരന്‍ രാജ്ഞിയുടെ നേരെ തിരിഞ്ഞലറി.
‘ഞാനൊരു കഷണ്ടിപ്പെണ്ണിനെ കല്യാണം കഴിക്കുന്നില്ലാ, അതുതന്നെ.’

കുട്ടികള്‍ക്കുള്ള നോവല്‍
എട്ടാം ഭാഗം

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


അന്നുതന്നെ ബെല്ലാരാജ്ഞി ഗില്‍ഡറിലേക്ക് യാത്രയായി. രാജകുമാരി നൊരീനെ ഫ്‌ളോറിന്‍ നഗരത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി ക്ഷണിക്കാന്‍. ഒരാഴ്ചകഴിഞ്ഞ് രാജകുമാരി പരിവാരങ്ങള്‍ക്കൊപ്പം ആയിരത്തെട്ട് തൊപ്പികള്‍ സഹിതം ഫ്‌ളോറിനിലെത്തി. അവള്‍ രാജകുമാരനെ ആദ്യം സന്ദര്‍ശിക്കുമ്പോള്‍ ഒരു നീലത്തൊപ്പിയാണ് ധരിച്ചിരുന്നത്. അല്പസമയത്തിനുശേഷം അവള്‍ നീലത്തൊപ്പിമാറ്റി പച്ചത്തൊപ്പിയെടുത്തണിഞ്ഞു. ഓരോ തവണയും തൊപ്പിമാറ്റാന്‍ അവള്‍ മുറിയിലേക്ക് പോവും. ആ ദിവസം മുഴുവന്‍ അങ്ങനെ നിരന്തരം തൊപ്പിമാറ്റല്‍ നടന്നുകൊണ്ടിരുന്നു.[]

നൊരീന ഇങ്ങനെ തൊപ്പിമാറ്റിക്കൊണ്ടിരുന്നപ്പോള്‍ കൊട്ടാരത്തിലെ ഏറ്റവും വലിയ ഹാള്‍ രാജകുമാരിയുടെ ബഹുമാനാര്‍ഥം നടക്കുന്ന വിരുന്നിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ധാരാളം കമാനങ്ങളും വാതിലുകളുമുള്ള ഒരു വലിയ മുറിയായിരുന്നു അത്. നല്ല കാറ്റുള്ള ദിവസമായിരുന്നു. അഞ്ഞൂറിലധികം അതിഥികളാണ് എത്തിയിട്ടുള്ളത്. കാറ്റ് കാരണം ഊണ്‍മേശയിലെ മെഴുകുതിരികള്‍ ഇടയ്ക്കിടെ കെട്ടുപോയിക്കൊണ്ടിരുന്നു. രാത്രി 8.23- ഫ്‌ളോറിനും ഗില്‍ഡറും തമ്മില്‍ എക്കാലത്തും നീണ്ടുനില്‍ക്കുന്ന സൗഹൃദബന്ധം ഉണ്ടായിക്കൊണ്ടിരുന്നു. രാത്രി 8.24- രണ്ട് രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കിലെത്തി.

വിഭവങ്ങളില്‍ ഏറ്റവും പ്രധാനം ബ്രാന്‍ഡിയില്‍ വേവിച്ച പന്നിയിറച്ചിയായിരുന്നു. ഈ അപൂര്‍വ്വ വിഭവം അഞ്ഞൂറുപേര്‍ക്കെത്തിക്കണമെങ്കില്‍ ചില്ലറ പാടൊന്നുമല്ല ഉള്ളത്.

എന്തൊരത്ഭുതം! എന്താണ് സംഭവിച്ചതെന്നറിയേണ്ടെ? വിഭവങ്ങളില്‍ ഏറ്റവും പ്രധാനം ബ്രാന്‍ഡിയില്‍ വേവിച്ച പന്നിയിറച്ചിയായിരുന്നു. ഈ അപൂര്‍വ്വ വിഭവം അഞ്ഞൂറുപേര്‍ക്കെത്തിക്കണമെങ്കില്‍ ചില്ലറ പാടൊന്നുമല്ല ഉള്ളത്. വിളമ്പലിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ അടുക്കളയില്‍നിന്ന് ഹാളിലേക്കുള്ള വലിയ വാതില്‍ തുറന്നിട്ടിരുന്നു. 8 മണി 23 മിനിട്ട് 5 സെക്കന്റ് സമയമായപ്പോഴാണ് ഈ വാതില്‍ തുറന്നത്. 8 മണി 23 മിനിട്ട് 10 സെക്കന്റായപ്പോള്‍ ഈ വാതിലിനു നേരെ എതിര്‍വശത്തുള്ള മറ്റൊരു വാതിലും തുറക്കപ്പെട്ടു. അത് നിലവറയിലേക്കുള്ള വാതിലാണ്. പന്നിയിറച്ചിക്കൊപ്പം കഴിക്കാനുള്ള വൈന്‍ അവിടെയാണ് സൂക്ഷിച്ചിരുന്നത്.

‘പെണ്ണേ, വേഗം കടന്നു പുറത്തുപോവൂ!’

പുറത്ത് നല്ല കാറ്റുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ! ഹംപര്‍ഡിന്‍ക് രാജകുമാരന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. കാരണം അയാള്‍ നൊരീന രാജകുമാരിയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് വൃദ്ധനായ ലോതാറന്‍ രാജാവ് അയാള്‍മാത്രമുപയോഗിക്കുന്ന മറ്റൊരു കവാടത്തിലൂടെ ഹാളില്‍ പ്രവേശിച്ചത്. ഇത് ഹാളിന്റെ കിഴക്കുഭാഗത്താണുള്ളത്. കാരണം രാജാവായിരിക്കണമല്ലോ സൂര്യന്റെ ഏറ്റവും അടുത്ത് നില്‌ക്കേണ്ട ആള്‍. പെട്ടെന്നാണെല്ലാം സംഭവിച്ചത്. കാറ്റില്‍ ഹാളിലെ മെഴുകുതിരികള്‍ മറിഞ്ഞ് വീണ് ചിലതെല്ലാം കെട്ടു. ബ്രാന്‍ഡിയില്‍ വേവിച്ചെടുത്ത പന്നിയിറച്ചിക്ക് തീപിടിച്ചു. ആള്‍ക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി. സ്ത്രീകളുടെ വിശറികളും സ്‌കാര്‍ഫുകളും തൊപ്പികളും കാറ്റില്‍ പറക്കാന്‍ തുടങ്ങി. ആകെ ബഹളമയം. 8 മണി 23 മിനുട്ട് 25 സെക്കന്റിനാണിതു സംഭവിച്ചത്.

തൊപ്പികള്‍ പറന്നുപോയെന്ന് പറഞ്ഞല്ലോ? നൊരീന രാജകുമാരിയുടെ തൊപ്പിയെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ? രാജകുമാരി ഇരിക്കുന്നതിന്റെ തൊട്ടു പിന്നിലുള്ള ചുമരിലാണത് ചെന്നിടിച്ചത്. രാജകുമാരി തൊപ്പി പെട്ടെന്ന് ഏന്തിവലിഞ്ഞ് പിടിച്ചെടുത്ത് തലയിലണിഞ്ഞു. അത് 8 മണി 25 മിനുട്ട് 50 സെക്കന്റിലാണ് സംഭവിച്ചത്. പക്ഷേ, അപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു.

8 മണി 23 മിനുട്ട് 55 സെക്കന്റിന് ഹംപര്‍ഡിന്‍ക് രാജകുമാരന്‍ ചാടിയെണീറ്റു. അയാള്‍ കോപംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ രാജകുമാരിയുടെ നേര്‍ക്കലറി.
“പെണ്ണേ, വേഗം കടന്നു പുറത്തുപോവൂ!” എന്നിട്ടയാള്‍ ഹാളിന് പുറത്തേക്ക് നടന്നു. അപ്പോള്‍ സമയം 8.24.

അതിഥികള്‍ ഹാളിനുള്ളില്‍നിന്ന് പുറത്തേക്ക് കടന്നു. നൊരീന രാജകുമാരിയെ അവളുടെ തോഴികള്‍ തലയിലണിഞ്ഞ തൊപ്പിയോടെതന്നെ പുറത്തേക്ക് കൊണ്ടുവന്നു. അവള്‍ക്ക് ബോധം കെട്ടുകഴിഞ്ഞിരുന്നു.

“നീ ഈ വിഡ്ഢിത്തം കാണിക്കരുതായിരുന്നു”. ഹംപര്‍ഡിന്‍ക് രാജകുമാരനോട് ബെല്ലാരാജ്ഞി. രാജകുമാരന്‍ രാജ്ഞിയുടെ നേരെ തിരിഞ്ഞലറി.
“ഞാനൊരു കഷണ്ടിപ്പെണ്ണിനെ കല്യാണം കഴിക്കുന്നില്ലാ, അതുതന്നെ.”
രാജ്ഞി: ആരും അറിയില്ല. അവള്‍ ഉറങ്ങുമ്പോള്‍പോലും തൊപ്പി ധരിക്കും.
രാജകുമാരന്‍: എനിക്കറിയാമല്ലോ! മെഴുകുതിരി വെളിച്ചം അവളുടെ തലയോട്ടില്‍ പ്രതിഫലിക്കുന്നത് നിങ്ങള്‍ കണ്ടോ?
രാജ്ഞി: ഈ കല്യാണം വഴി ഗില്‍ഡറുമായി നമുക്ക് രമ്യതയിലാവാമായിരുന്നു.
രാജകുമാരന്‍: ഗില്‍ഡര്‍ പോയി തുലയട്ടെ. എന്നെങ്കിലുമൊരിക്കല്‍ ഗില്‍ഡര്‍ ഞാന്‍ ആക്രമിച്ചു കീഴടക്കും. അത് ചെറുപ്പം മുതലേയുള്ള എന്റെ സ്വപ്‌നമാണ്. പക്ഷേ, ഒരു കഷണ്ടിക്കാരി ഭാര്യയുള്ളവനെ ആള്‍ക്കാര്‍ പരിഹസിക്കും. അതു വയ്യ. മറ്റാരെയെങ്കിലും കണ്ടുപിടിക്കൂ. ആരെങ്കിലുമാവട്ടെ. അവള്‍ കാണാന്‍ ചേലുള്ളവളായിരിക്കണം. അത്രമാത്രം.

റൂഗന്‍ പ്രഭു: ഒരു സാധാരണക്കാരി ആയാലോ? അവള്‍ക്ക് വേട്ടയാടാന്‍ അറിയില്ലെങ്കിലോ?
രാജകുമാരന്‍: അവള്‍ക്ക് സംസാരിക്കാന്‍ വയ്യെങ്കില്‍ പോലും കുഴപ്പമില്ല. അവള്‍ കാണാന്‍ സുന്ദരി ആയിരിക്കണം. ആരു കണ്ടാലും പറയണം, ഈ ഹംപര്‍ഡിന്‍ക് മഹാഭാഗ്യവാനാണെന്ന്. രാജ്യം മുഴുവന്‍ അത്തരമൊരു പെണ്ണിനുവേണ്ടി തിരയൂ. ലോകം മുഴുവന്‍ തിരയൂ.
പുഞ്ചിരിയോടെ റൂഗന്‍ പ്രഭു പറഞ്ഞു: അവളെ ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.
രണ്ടുപേരും കുന്നിന്‍പുറത്തെത്തിയപ്പോള്‍ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ. റൂഗന്‍ പ്രഭു ഒരു കറുത്ത കുതിരപ്പുറത്താണ് സഞ്ചരിക്കുന്നത്. ഹംപര്‍ഡിന്‍ക് ഒരു വെള്ളക്കുതിരപ്പുറത്തും.

രാജ്ഞി: ഈ കല്യാണം വഴി ഗില്‍ഡറുമായി നമുക്ക് രമ്യതയിലാവാമായിരുന്നു.
രാജകുമാരന്‍: ഗില്‍ഡര്‍ പോയി തുലയട്ടെ. എന്നെങ്കിലുമൊരിക്കല്‍ ഗില്‍ഡര്‍ ഞാന്‍ ആക്രമിച്ചു കീഴടക്കും.

“അവള്‍ രാവിലെ പാല്‍ കൊണ്ടുപോവാറുണ്ട്.”
“നിങ്ങള്‍ പറഞ്ഞതുപോലെ അവള്‍ ഏറ്റവും വലിയ സുന്ദരിയാണോ? തനിത്തങ്കമാണോ?”- രാജകുമാരന്‍.
“ഞാനവളെ കാണുമ്പോള്‍ അവള്‍ ഒട്ടും ശ്രദ്ധയില്ലാത്ത പെണ്ണായിരുന്നു. എന്നാലും കുളിപ്പിച്ചെടുത്താല്‍ അവളേക്കാള്‍ സുന്ദരി വേറെയുണ്ടാവില്ല”- പ്രഭു.
“എന്നാലും ഒരു പാല്‍ക്കാരി. ആള്‍ക്കാര്‍ പറയും എനിക്കിതേ കിട്ടിയുള്ളുവെന്ന്.”
“ശരി. അങ്ങനെയാണെങ്കില്‍ കാത്തുനില്‍ക്കാതെ നമുക്കു ഫ്‌ളോറിന്‍ നഗരത്തിലേക്ക് തിരിച്ചുപോവാം”- പ്രഭു.
“നമ്മളിവിടെവരെ വന്നില്ലേ?” രാജകുമാരന്‍ ഇടയ്ക്ക് നിര്‍ത്തി.
“ഞാനവളെ സ്വീകരിക്കാം”- ബട്ടര്‍കപ്പ് അപ്പോഴേക്കും അവരുടെ തൊട്ടുമുന്‍പില്‍ എത്തിയിരുന്നു.
“ആരും എന്നെ പരിഹസിക്കില്ല.” രാജകുമാരന്‍ പറഞ്ഞുനിര്‍ത്തി.
“ഞാനവളോട് രണ്ടുവാക്ക് സംസാരിക്കട്ടെ.” രാജകുമാരന്‍ കുതിരയെ ബട്ടര്‍കപ്പിന്റെ അടുക്കലേക്ക് പായിച്ചു. ബട്ടര്‍കപ്പ് അത്ര വലിയ കുതിരയേയും പുറത്തിരിക്കുന്ന അത്തരമൊരു ജന്തുവിനേയും ഇതിനുമുന്‍പ് കണ്ടിട്ടില്ല.

“ഞാന്‍ നിന്റെ രാജകുമാരനാണ്. നീ എന്നെ വിവാഹം കഴിക്കും”- രാജകുമാരന്‍ പറഞ്ഞു.
“ഞാന്‍ നിങ്ങളുടെ പ്രജയാണ്. പക്ഷേ, ഞാനത് സമ്മതിക്കില്ല”- ബട്ടര്‍കപ്പ്.
“ഞാന്‍ നിന്റെ രാജകുമാരനാണ്. നിനക്കത് തള്ളിക്കളയാനാവില്ല”- രാജകുമാരന്‍.
“ഞാന്‍ നിങ്ങളുടെ വിനീത ഭൃത്യയാണ്. പക്ഷേ, ഞാനത് തള്ളിക്കളയുന്നു”- ബട്ടര്‍കപ്പ്.
“തള്ളിക്കളയല്‍ മരണമാണ്”- രാജകുമാരന്‍.
“എന്നാലെന്നെ കൊന്നോളൂ”- ബട്ടര്‍കപ്പ്.
“ഞാന്‍ നിന്റെ രാജകുമാരനാണ്. എന്നാലും ഞാനത്ര ചീത്തയല്ല. എന്നെ വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് നീ എന്തുകൊണ്ടാണ് കരുതുന്നത്”- രാജകുമാരന്‍.

“വിവാഹത്തില്‍ പ്രേമമുണ്ട്. എനിക്കതാവില്ല. ഒരിക്കല്‍ സ്‌നേഹിച്ചു. അത് അപകടത്തിലാണ് കലാശിച്ചത്. ഇനി പ്രേമിക്കില്ലെന്ന് ഞാന്‍ സത്യം ചെയ്തതാണ്”- ബട്ടര്‍കപ്പ്.
“പ്രേമമോ? ആരാണ് പ്രേമത്തിന്റെ കാര്യം പറഞ്ഞത്. നോക്കൂ, രാജ്യത്തിനെപ്പോഴും ഒരനന്തരാവകാശി വേണം. നിന്റെ ജോലി രാജ്യത്തെ ഏറ്റവും
അവകാശമുള്ള പെണ്ണായിത്തീരുകയും എനിക്കൊരു മകനെ തരികയുമാണ്. നിന്റെ പ്രേമം ആര്‍ക്കു വേണം. അല്ലെങ്കില്‍ ഏറ്റവും വേദനയനുഭവിച്ച് മരിക്കാന്‍ തയ്യാറെടുത്തോളൂ”- രാജകുമാരന്‍.
“ഞാന്‍ നിങ്ങളെ ഒരിക്കലും സ്‌നേഹിക്കില്ല”- ബട്ടര്‍കപ്പ്.
“നീ തന്നാലും എനിക്കത് വേണ്ട”- രാജകുമാരന്‍.
“എന്നാല്‍ നമുക്ക് വിവാഹം കഴിക്കാം”- ബട്ടര്‍കപ്പ്.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം