| Thursday, 7th July 2022, 6:39 pm

ഇന്ത്യക്ക് വേണമെങ്കില്‍ മൂന്ന് ടീമുകള്‍ ഇറക്കാം അതില്‍ ഒരു ടീമിന് ലോകകപ്പ് നേടുകയും ചെയ്യാം; ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ലോകം ഒന്നാകെ കാത്തിരിക്കുന്നതാണ്. എല്ലാ ടീമുകളും മികച്ച ടീമിനെ തന്നെ കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തിനയക്കാന്‍ ഒരുങ്ങുകുയാണ്.

ഒരു ഓവറിലൊ അല്ലെങ്കില്‍ ഒരു ബോളിലൊ മാറാവുന്നതാണ് ട്വന്റി-20യിലെ മത്സരങ്ങള്‍. ഇക്കാരണം കൊണ്ട് തന്നെ ഏത് കുഞ്ഞന്‍ ടീമിനും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും. എന്നാലും കോര്‍ സ്‌ട്രെങ്ത്തുള്ള ടീമുകളെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ഒരുപാട് പ്രതീക്ഷകളുമായെത്തുന്ന ടീമുകള്‍ക്ക് ലോകകപ്പില്‍ തിരിച്ചടിയും ലഭിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുമായി കളത്തിലറങ്ങിയതായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു ഇന്ത്യ.

എന്നാല്‍ ഇത്തവണ മികച്ച ടീമിനെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. അതിനായി പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പുതിയ താരങ്ങളെ പരീക്ഷിക്കുകയാണ് ഇന്ത്യന്‍ ടീം.

താരസമ്പന്നമായ ഇന്ത്യന്‍ ടീമിന് മൂന്ന് ടീമുകളെ ഇറക്കാമെന്നും അതില്‍ ഒരു ടീമിന് ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. ഇന്ത്യക്ക് അത്രയും ബെഞ്ച് സ്‌ട്രെങ്ത്തുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഡാരന്‍ ഗോഫാണ് ബട്‌ലറിനെ ഉദ്ദരിച്ച് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ജോസ് ബട്‌ലറിനൊപ്പമായിരുന്നു. ഈ വര്‍ഷത്തെ ഐ.സി.സി ടി-20 ലോകകപ്പില്‍ അവര്‍ക്ക് മൂന്ന് ടീമുകളെ കളിപ്പിക്കാമെന്നും മൂന്ന് ടീമുകളില്‍ ആര്‍ക്കെങ്കിലും ട്രോഫി നേടാമെന്നും ബട്‌ലര്‍ പറഞ്ഞു,’ ഡാരന്‍ ഗോഫ് പറഞ്ഞു.

ബട്ലര്‍ ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്തില്‍ ഇമ്പ്രസ്ടാണ്. ഇംഗ്ലണ്ട് ടീമിന് സമാനമായ കരുത്താണ് ബട്‌ലര്‍ ആഗ്രഹിക്കുന്നത്.

അതേ സമയം ഇന്ത്യ-ഇംഗ്ലണ്ട് വൈറ്റ് ബോള്‍ മത്സരങ്ങള്‍ വ്യാഴാഴ്ച്ച ആരംഭിക്കും. മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനവുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ജൂലൈ ഏഴിനാണ് ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതനാല്‍ യുവതാരങ്ങളാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്.

Content Highlights: Butler says Indian cricket can afford 3 teams and one can win world cup

We use cookies to give you the best possible experience. Learn more