കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ കളിക്കളത്തില്‍ നിന്നും വിരമിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍.
ക്രിക്കറ്റിന്റെ എല്ലാവിധ ക്ലീഷെകളും പൊളിച്ചെഴുതുന്ന ടീമാണ് നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. തുടക്കം പതിയെ കളിച്ച് സെറ്റ് ആയതിന് ശേഷം ആക്രമിക്കുക എന്ന പഴയ അപ്രോച്ചൊക്കെ വലിച്ചെറിഞ്ഞുകൊണ്ട് തുടക്കം മുതല്‍ ആക്രമിക്കുക എന്ന നിലപാടാണ് ഇംഗ്ലണ്ടിന്റേത്.
ടെസ്റ്റിലായാലും ഏകദിനത്തലായാലും ടി-20യിലായാലും ആക്രമമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് ഇംഗ്ലണ്ട് പല തവണ തെളിയിക്കുന്നു. ഇംഗ്ലണ്ടിന്റെ ഈ ഒരു രീതി തുടങ്ങി വെച്ചത് മോര്‍ഗന്‍ എന്ന നായകനാണ്.
മോര്‍ഗന്റെ പടയാളികളില്‍ ഏറ്റവും വാല്യു ഉള്ള താരമായിരുന്നു ബട്ട്‌ലര്‍. മോര്‍ഗന്‍ നിര്‍ത്തിയെടുത്ത് നിന്നായിരിക്കും ബട്ട്‌ലര്‍ തുടങ്ങുക.
നായക പദവി ലഭിച്ചതിന് ശേഷം ബട്ടലര്‍ ആദ്യം നന്ദി പറഞ്ഞതും മോര്‍ഗനായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒരുപാട് പഠിച്ചെന്നും ടീമില്‍ എല്ലാവര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നതാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെന്നും ബട്ട്‌ലര്‍ പറഞ്ഞു.
‘കഴിഞ്ഞ ഏഴ് വര്‍ഷമായി ഇയോന്‍ മോര്‍ഗന്റെ മികച്ച നേതൃത്വത്തിന് എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും അവിസ്മരണീയമായ കാലഘട്ടമായിരുന്നു. അദ്ദേഹം ഒരു പ്രചോദനാത്മക നേതാവായിരുന്നു, അദ്ദേഹത്തിന് കീഴില്‍ കളിക്കുന്നത് അതിശയകരമാണ്. ഈ റോളില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്,’ ബട്ട്‌ലര്‍ പറഞ്ഞു.
മോര്‍ഗന്റെ കയ്യില്‍ നിന്നും നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും വരും പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുവെന്നും അദ്ദേഹം പറഞ്ഞു.
‘മോര്‍ഗനില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുന്നത് ഒരു വലിയ ബഹുമതിയാണ്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിനെ അദ്ദേഹം എത്തിച്ച സ്ഥലം ആവേശകരമാണ്, മുന്നിലുള്ള വെല്ലുവിളികളില്‍ ഞാന്‍ ഇതില്‍ നിന്നും പ്രചോദിതനാണ്.
വൈറ്റ്-ബോള്‍ ടീമുകളില്‍ മികച്ച ശക്തികളാണ് എന്റെ മുന്നിലുള്ളത്. അടുത്ത ആഴ്ച ഇന്ത്യയ്ക്കെതിരെ ആരംഭിക്കുന്ന പരമ്പരയിലും പിന്നീട് ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ആരംഭിക്കുന്ന പരമ്പരയ്ക്കായി ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ബട്ട്‌ലര്‍ പറഞ്ഞു.
രാജ്യത്തിന്റെ നായകനാകുക എന്നത് ഏറ്റവും വലിയ ബഹുമതിയാണെന്നും ടീമിനെ മുന്നോട്ടു നയിക്കാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
‘നിങ്ങളുടെ രാജ്യത്തിന്റെ ക്യാപ്റ്റന്‍ ആകുന്നത് ഏറ്റവും വലിയ ബഹുമതിയാണ്, മുമ്പ് എനിക്ക് ചുവടുവെക്കാന്‍ അവസരം ലഭിച്ചപ്പോള്‍, അത് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല,’ ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Butler is the news captain of England whiteball team