ഗോവധം ആരോപിച്ച് വീണ്ടും അരുംകൊല: മാംസക്കച്ചവടക്കാരനെ അടിച്ചുകൊന്നത് പൊലീസ് ഉദ്യോഗസ്ഥര്‍
National
ഗോവധം ആരോപിച്ച് വീണ്ടും അരുംകൊല: മാംസക്കച്ചവടക്കാരനെ അടിച്ചുകൊന്നത് പൊലീസ് ഉദ്യോഗസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd June 2018, 12:24 am

ബറേലി: മാംസക്കച്ചവടക്കാരനെ ഗോവധം ആരോപിച്ച് പൊലീസ് അടിച്ചുകൊന്നെന്നു പരാതി. ബറേലിയിലെ ബരാദാരിയില്‍ മാംസക്കച്ചവടം നടത്തുന്ന മുഹമ്മദ് സലീം ഖുറേഷിയെയാണ് രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ഭാര്യ ഫര്‍സാന പരാതി നല്‍കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഖുറേഷി ഇന്നലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചാണ് മരിച്ചത്.

ഗോവധത്തില്‍ പങ്കാളിയാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കന്‍കര്‍തോലാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ അലി മിയ സൈദിയാണ് ജൂണ്‍ 14ന് ശ്രീപാല്‍, ഹരീഷ് ചന്ദ്ര എന്നീ കോണ്‍സ്റ്റബിള്‍മാരെ ഖുറേഷിയുടെ വീട്ടിലേക്കയക്കുന്നത്. ഖുറേഷിയെ കൂട്ടിക്കൊണ്ടു പോയ ശേഷം ചോദ്യം ചെയ്‌തെങ്കിലും, കുറ്റം സമ്മതിക്കാഞ്ഞതിനാല്‍ പൊതിരെ തല്ലുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അവശനായ ഖുറേഷിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും, പിന്നീട് നില മോശമായതിനെത്തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടര്‍ന്നും ആരോഗ്യനില വഷളായതോടെ എയിംസിലേക്ക് മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ശേഷം ഖുറേഷിയുടെ മൃതശരീരവുമായി റോഡില്‍ പരിസരവാസികള്‍ പ്രതിഷേധിച്ചിരുന്നു.


Also Read: ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫിനോട് അനുഭാവം പുലര്‍ത്തുന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ വിജയം; റിലീഫ് വിതരണം കൊണ്ട് പാര്‍ട്ടി വളരില്ലെന്നും മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം


സബ് ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റു തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ബറേലി എസ്.എസ്.പി കലാനിധി നൈഥാനി പറയുന്നു. ഖുറേഷിയുടെ കുടുംബത്തിന്റെ പരാതി പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖുറേഷിക്കെതിരെ പൊലീസില്‍ വിവരം നല്‍കിയ അഞ്ജും ഖാനെതിരെയും കേസെടുത്തിട്ടുണ്ട്.

ഈയടുത്താണ് സമാനമായ സംഭവത്തില്‍ കന്നുകാലിക്കച്ചവടക്കാരനായ ഖാസിമിനെയും ബന്ധുവായ ഷാമിയുദ്ദീനെയും ആള്‍ക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തില്‍ ഖാസിം മരിക്കുകയും ഷാമിയുദ്ദീനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ സസ്‌പെന്‍ഷനിലായ മൂന്നു പൊലീസുകാര്‍ക്ക് ഡി.ജി.പി ഓഫീസ് മാപ്പു നല്‍കിയിരുന്നു.