തെലങ്കാനയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമ തകര്‍ത്തു
Crime
തെലങ്കാനയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമ തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 2:50 pm

തെലങ്കാന: തെലങ്കാനയിലെ സിര്‍ക്കില്ല ജില്ലയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമ തകര്‍ത്തു. ജില്ലയിലെ സുദ്ദാല എന്ന സ്ഥലത്തുള്ള ഒരു സ്‌കൂള്‍ പരിസരത്തായിരുന്നു പ്രതിമ സ്ഥിതി ചെയ്തിരുന്നത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതിമ നിലനിന്ന സ്ഥലത്ത് അതിര്‍ത്തി ഇല്ലാതിരുന്നതിനാലാണ് ആക്രമികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഐ.പി.സി 427 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതിമ തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ മണ്ഡല്‍ റെവന്യൂ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. “പ്രതിമ തകര്‍ത്തത് ദളിതര്‍ക്കെതിരായ ആക്രമണമാണ്. ഇത് ഞങ്ങള്‍ സഹിക്കില്ല. പൊലീസ് ഉടന്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം” ബി.എസ്.പി നേതാവായ ലിംഗമ്പള്ളി മധുകര്‍ പറഞ്ഞു.


Read more:   തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയുടെ തലയറുത്തു


 

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഇന്ന് പെരിയാറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു. പ്രതിമയുടെ കഴുത്തറുത്ത് മാറ്റുകയായിരുന്നു. നേരത്തേ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് ശേഷമാണ് രാജ്യത്ത് ബ്രാഹ്മണവാദത്തിനെതിരെയും സവര്‍ണ മേല്‍ക്കോയ്മക്കെതിരെയും പൊരുതിയ പെരിയാറിന്റെയും അംബേദ്ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയുമെല്ലാം പ്രതിമകള്‍ തകര്‍ക്കപ്പെടുന്നത്.