കൊച്ചി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയ നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം ദുഖകരമെന്ന് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു യൂസഫലി സംഭവത്തില്‍ പ്രതികരിച്ചത്.
പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞത് ദുഖകരവും നിര്‍ഭാഗ്യകരവുമാണെന്നും മോദിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചുണ്ടെന്നുമാണ് യൂസഫലി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.
”ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ യാത്ര പഞ്ചാബില്‍ തടസപ്പെട്ട സംഭവം തീര്‍ത്തും ദുഖകരവും നിര്‍ഭാഗ്യകരവുമാണ്.
നമ്മുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയും, നമ്മുടെ രാജ്യത്തെ തുടര്‍ന്ന് നയിക്കാനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായും, വരും തലമുറയുടെ അഭിവൃദ്ധിക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്,” എന്നാണ് ട്വീറ്റില്‍ യൂസഫലി കുറിച്ചിരിക്കുന്നത്.
It was very sad & unfortunate that our Hon’ble PM Shri @narendramodi ji’s road travel was disturbed in Punjab. We have conducted special prayers for our PM to grant good health & long life to continue to lead our country & for the prosperity of our future generation @PMOIndia
— Yusuffali M. A. (@Yusuffali_MA) January 6, 2022
പഞ്ചാബില്‍ ബുധനാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ബി.ജെ.പിയുടെ ദല്‍ഹി ഘടകവും മോദിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിട്ടുണ്ട്.
മോദിയുടെ ദീര്‍ഘായുസിന് വേണ്ടിയാണ് ദല്‍ഹി ബി.ജെ.പി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. വിവിധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ദല്‍ഹിയിലെ പല ക്ഷേത്രങ്ങളിലായി ബി.ജെ.പി മോദിക്ക് വേണ്ടി പൂജ നടത്തിയത്.
ദല്‍ഹിയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം കൊനൗട്ടിലെ ശിവക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശിലെ ഭോപ്പാലിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാമൃത്യുഞ്ജയ മന്ത്രങ്ങള്‍ ജപിക്കുകയും മോദിയുടെ ആയുസിന് വേണ്ടി ഗുഫ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ദേശീയ വൈസ് പ്രസിഡന്റ് ബയ്ജയന്ത് പാണ്ഡ, ബി.ജെ.പി നേതാക്കളായ ഹര്‍ഷ് മല്‍ഹോത്ര, സിദ്ധാര്‍ത്ഥന്‍ എന്നിവരും ദല്‍ഹിയിലെ പ്രീത് വിഹാര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്ന മോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്.
20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.
സംഭവം ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പരസ്പരം വാക്‌പോരിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയാണ് കാരണമെന്ന് പറഞ്ഞ് രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.
പഞ്ചാബ് സര്‍ക്കാര്‍ മനപൂര്‍വം മോദിയെ അപകടപ്പെടുത്താന്‍ നീക്കം നടത്തിയതാണ് എന്ന രീതിയിലും ബി.ജെ.പി നേതൃത്വങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.
എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലിയില്‍ ജനങ്ങളാരും എത്തിയിരുന്നില്ലെന്നും വേദിയിലെ കാലിയായ കസേരകളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണ് സുരക്ഷാ വീഴ്ച എന്ന ആരോപണമെന്നുമാണ്
പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചത്.
പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Businessman MA Yusuf Ali shares tweet saying conducted special prayers for Narendra Modi’s health