| Wednesday, 20th October 2021, 12:27 pm

വിമാനത്തില്‍ നടിക്ക് നേരെ ലൈംഗികാതിക്രമം; വ്യവസായി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദല്‍ഹി-മുംബൈ വിമാനത്തില്‍ നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. ഒക്ടോബര്‍ 14ന് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്.

മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. കൂടാതെ തന്നെ അയാള്‍ക്കരികിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു.

ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. അതേദിവസം രാത്രി തന്നെ നടി എയര്‍ലൈന്‍ കമ്പനിക്ക് മെയില്‍ വഴി പരാതി നല്‍കുകയും തുടര്‍ന്ന്
വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍, സംഭവം നടന്നത് അവരുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ സഹര്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.

അതേസമയം, കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ ഇയാള്‍ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരായിരുന്നു നല്‍കിയത്. രാജീവ് എന്നയാളുടെ പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്.

പൊലീസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി. താനല്ല പ്രതിയെന്നും നിതിന്‍ എന്നയാളാണെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് രാജീവ് അയച്ചുകൊടുത്ത ഫോട്ടോയില്‍ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിഷയത്തില്‍ നടിയുടെ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിന് അപേക്ഷയും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Businessman held for molesting actress on Delhi-Mumbai flight

We use cookies to give you the best possible experience. Learn more