കേരള സര്‍ക്കാര്‍ എപ്പോഴും പിന്തുണ നല്‍കുന്നവര്‍; കേരളം വ്യവസായ സംരംഭങ്ങള്‍ക്കെതിരെന്ന വാദങ്ങള്‍ തള്ളി വ്യവസായി ഹര്‍ഷ് ഗോയെങ്ക
Kerala News
കേരള സര്‍ക്കാര്‍ എപ്പോഴും പിന്തുണ നല്‍കുന്നവര്‍; കേരളം വ്യവസായ സംരംഭങ്ങള്‍ക്കെതിരെന്ന വാദങ്ങള്‍ തള്ളി വ്യവസായി ഹര്‍ഷ് ഗോയെങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 5:16 pm

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് ആര്‍.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. സാമ്പത്തിക വിദഗ്ധയായ പ്രൊഫ. ഷാമിക രവിയ്ക്ക് ട്വിറ്ററില്‍ മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ കാരണം സി.പി.ഐ.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി വലതുപക്ഷ മാഗസിനായ സ്വരാജ്യ ഒരു ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമികയുടെ പ്രതികരണം. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ എന്നായിരുന്നു ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ്.

‘കേരളത്തില്‍ എന്തുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം വര്‍ധിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവര്‍ വായിച്ചിരിക്കേണ്ട കേസ് സ്റ്റഡിയാണിത്,’ എന്നായിരുന്നു ഷാമികയുടെ ട്വീറ്റ്.

കേരളത്തിലെ വലിയ സ്വകാര്യ കമ്പനിയായ കിറ്റെക്‌സ് കേരളവുമായി ചേര്‍ന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്‌നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്തത്.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്സിനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചുവെന്നായിരുന്നു എം.ഡി. സാബു ജേക്കബ് പറഞ്ഞത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണം. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്നാട് വാഗ്ദാനം ചെയ്തുവെന്നും കിറ്റെക്സ് അവകാശപ്പെട്ടു.

അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്‌സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്‌സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Businessman  Harsh Goenka about Kerala approach towards business and employment