| Monday, 16th May 2022, 10:14 pm

പൂരത്തിനിടയിലെ പുതിയ മുഖം: ആളാരാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരം കാണാന്‍ വ്യവസായി ബോബി ചെമ്മണൂര്‍ എത്തിയത് വ്യത്യസ്ത ലുക്കില്‍. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്‌സും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയില്‍ സ്‌റ്റൈലില്‍ കെട്ടി കയ്യിലൊരു കാലന്‍ കുടയുമായി ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു.

ഈ ലുക്കില്‍ പൂരപ്പറമ്പിലും പ്രദര്‍ശനശാലയിലും കാഴ്ചകള്‍ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്. പൂരനഗരിയിലെ സ്റ്റാളില്‍നിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളില്‍ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാള്‍ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുന്നുമുണ്ട്. ‘താടി കണ്ടാല്‍ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി പറയുന്നതും കേള്‍ക്കാം.

അതിനു തൊട്ടു മുമ്പുള്ള ദിവസം വന്‍ ജനാവലിയ്ക്കുമുന്നില്‍ നില്‍ക്കുന്ന ബോബിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആര്‍ക്കും തിരിച്ചറിയാനാവാതെ നടക്കുന്നതിന്റെ ഒരു സുഖം ഒന്നറിയാനുള്ള കൗതുകം കൊണ്ടാണ് താനിങ്ങനെ ചെയ്തതെന്നും തനിക്കുപോലും തിരിച്ചറിയാത്ത രീതിയില്‍ വേഷം മാറിയിട്ടും ആള്‍ക്കാര്‍ തന്നെ തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് ആള്‍ക്കാര്‍ തന്നെ അത്രമാത്രം സ്‌നേഹിക്കുന്നതുകൊണ്ടാണെന്നും അതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും ബോബി പ്രതികരിച്ചു.

Content Highlights: Businessman Bobby Chemmanoor came to see Thrissur Pooram in a different look

We use cookies to give you the best possible experience. Learn more