വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; ദുര്‍മന്ത്രവാദ സംഘം അറസ്റ്റില്‍
Kerala News
വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; ദുര്‍മന്ത്രവാദ സംഘം അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 7:54 am

കാസര്‍ഗോഡ്: പൂച്ചക്കാട് സ്വദേശി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി (55)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് പ്രതികള്‍ അബ്ദുല്‍ ഗഫൂറിനെ കൊലപ്പെടുത്തിയത്.

സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് കൈവശപ്പെടുത്തിയ 596 പവന്‍ സ്വര്‍ണം തിരിച്ചു ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

ടി.എം. ഉബൈസ്, പങ്കാളി കെ.എച്ച്. ഷമീന, പൂച്ചക്കാട് സ്വദേശി പി.എം. അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും നാലാം പ്രതിക്കെതിരെ തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

2023 ഏപ്രില്‍ 14നാണ് ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ ബന്ധുക്കളില്‍ നിന്ന് ഉള്‍പ്പെടെ വാങ്ങിയ സ്വര്‍ണം കാണാതായതോടെയാണ് സംശയം ഉണ്ടായത്.

കര്‍മം ചെയ്യുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടാകരുതെന്ന പ്രതികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മേല്‍പ്പറമ്പിലെ ബന്ധുവീട്ടിലേക്ക് ഗഫൂര്‍ മാറ്റിയിരുന്നു. ദുര്‍മന്ത്രവാദത്തിനായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും പ്രതികള്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയ പ്രതികള്‍ ചുമരില്‍ തലയിടിപ്പിച്ചതിന് ശേഷമാണ് ഗഫൂറിന്റെ മരണം സ്ഥിരീകരിച്ചത്.

മരണത്തില്‍ സംശയം തോന്നിയ ഗഫൂറിന്റെ മകന്‍ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗഫൂറിന്റെ മൃതദേഹം കബറില്‍ നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും തലയില്‍ പരിക്ക് കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതികളില്‍ നിന്ന് 29 പവന്‍ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ചാണ് ഗഫൂറിന്റെ മരണത്തില്‍ അന്വേഷണം നടത്തിയത്. കര്‍മസമിതി രൂപീകരിച്ച് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് അന്വേഷണം പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഖ്യപ്രതിയായ ഷമീന ഹണിട്രാപ് കേസിലും പ്രതിയാണെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍.

Content Highlight: Businessman Abdul Ghafoor’s death murder; The witchcraft gang was arrested