അമിത ടോള്‍ പിരിവ്; പാലക്കാട്- തൃശൂര്‍ റൂട്ടിലോടുന്ന ബസുകള്‍ ഇന്ന് പണിമുടക്കും
Kerala News
അമിത ടോള്‍ പിരിവ്; പാലക്കാട്- തൃശൂര്‍ റൂട്ടിലോടുന്ന ബസുകള്‍ ഇന്ന് പണിമുടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 7:11 am

തൃശൂര്‍: പാലക്കാട്- തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം.

10,540 രൂപയാണ് 50 ട്രിപ്പുകള്‍ക്ക് ടോള്‍ കടക്കാന്‍ സ്വകാര്യ ബസുകള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30,000ത്തിലധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകള്‍ പറയുന്നത്.

150 ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. അതേസമയം, ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉണ്ടായിരുന്നു.

ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകള്‍ പ്രതിഷേധിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്.

വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

ചൊവാഴ്ച രാവിലെയാണ് സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കുന്നത്.

Content Highlights: Buses on Palakkad-Thrissur route will go on strike today