| Wednesday, 10th October 2012, 12:30 am

ബസ് നിരക്കുവര്‍ധന തീരുമാനമായില്ല; ഉടമകള്‍ സമരത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ഉടനെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പണിമുടക്കാന്‍ ബസ്സുടകളുടെ ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്.[]

എന്നാല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ചര്‍ച്ചയാകാമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിട്ടുണ്ട്.

ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകളുടെ സംയുക്തസമിതി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി നിരക്കുവര്‍ധന ശുപാര്‍ശ ചെയ്തു.

നിരക്കു വര്‍ധനക്കെതിരെ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി വേണമെന്ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല ഉപസമിതി ബസുടമകളോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ബസ്‌സര്‍വീസുകള്‍ ഭീമമായ നഷ്ടത്തിലാണെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു.

നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ സമരത്തീയതി പ്രഖ്യാപിക്കുമെന്ന് ബസ്സ് ഭാരവാഹികള്‍ അറിയിച്ചു. യാത്രാനിരക്കില്‍ 12.81 ശതമാനം വര്‍ധന ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സുകളുടെ മിനിമം നിരക്ക് അഞ്ചു രൂപയില്‍ നിന്ന് ആറായും കിലോമീറ്ററിന് 55 പൈസയില്‍ നിന്ന് 58 പൈസയായും വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് ബസുടമകള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more