തൃശ്ശൂര്‍: സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്.
ബസ് ഉടമകളുടെ പ്രധാനാവശ്യമായ നിരക്ക് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വീണ്ടും യോഗം ചേര്‍ന്ന് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിലും ബസ് ഉടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില കുത്തനെ ഉയരുന്നതിനിടയില്‍ലാണ് നിരക്ക് വര്‍ധന വേണമെന്നാണ് ബസുടമകള്‍ ആവശ്യമുന്നയിച്ചത്.