|

അന്തര്‍സംസ്ഥാന സ്വകാര്യ ബസില്‍ യാത്രക്കാര്‍ ബസ് ജീവനക്കാരുടെ അക്രമത്തിനിരയായി; കേടായ ബസിനു പകരം സംവിധാനം ഒരുക്കാത്തതു ചോദ്യം ചെയ്തത് പ്രകോപനം; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട അന്തര്‍സംസ്ഥാന സ്വകാര്യ ബസില്‍ അര്‍ധരാത്രി യാത്രക്കാര്‍ക്കുനേരെ ബസ് ജീവനക്കാരുടെ അക്രമം. യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

‘സുരേഷ് കല്ലട’ ബസില്‍ യാത്ര ചെയ്തവരാണ് അക്രമത്തിന് ഇരയായത്. വഴിയില്‍ കേടായ ബസിനു പകരം സംവിധാനം ഒരുക്കാന്‍ വൈകിയതു ചോദ്യംചെയ്തവര്‍ക്കാണു മര്‍ദനമേറ്റത്.

ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണു സംഭവം പുറത്തുവന്നത്. തിരുവനന്തപുരത്തു നിന്നു രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടായി. അര്‍ധരാത്രി വഴിയിലായിപ്പോയ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി.

തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറുകയായിരുന്നു. പലവട്ടം മുഖത്തടിയേറ്റതോടെ യുവാക്കള്‍ പ്രത്യാക്രമണത്തിനു ശ്രമിച്ചു. തുടര്‍ന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിനു പുറത്തേക്കു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ക്കാണാം.

വിവരമറിഞ്ഞ് രാത്രിയെത്തിയ പൊലീസ് സംഘം അവശരായ യുവാക്കളെക്കണ്ട് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.