| Friday, 24th April 2020, 11:53 am

'ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സര്‍വീസ് നടത്താനാവില്ല'; ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യമുമായി ബസ് ഉടമകള്‍; ഗതാഗത വകുപ്പിന് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍. ഇത്തരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ പറഞ്ഞു. എന്നാല്‍ ചാര്‍ജ് വര്‍ധന ഗതാഗത വകുപ്പിന് മാത്രമായി തീരുമാനിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടിലാണ് ബസുടമകള്‍. തൊണ്ണൂറ് ശതമാനം ഉടമകളും ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരമൊരു തീരുമാനത്തില്‍ നിന്നും ഉടമകള്‍ പിന്‍മാറണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആകെയുള്ള 12000 ത്തിലേറെ വരുന്ന ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ട് ഒരു മാസം കഴിഞ്ഞു. കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നാലേ ഇന്‍ഷൂറന്‍സിലും നികുതിയിലും ഇളവ് ലഭിക്കൂവെന്നതും സ്‌റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.

കേരളത്തില്‍ ഗ്രീന്‍ സോണുകളില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടേയും ബസ് ഓടിക്കാനുള്ള ആലോചന നടന്നിരുന്നു. ഒരു സീറ്റില്‍ ഒരാള്‍ എന്ന സാധ്യതയായിരുന്നു സര്‍ക്കാര്‍ പരിശോധിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുതെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകള്‍ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഓടുന്ന 12600 ബസുകളില്‍ 12000 ബസുകളും സ്‌റ്റോപ്പേജിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more