കോഴിക്കോട്: ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്ന് ബസ് പുറപ്പെട്ടു. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക.
പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ഗാന്ധി എം.പി മുൻകൈ എടുത്തിട്ടാണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബുധാനഴ്ച്ച ബസ് കേരളത്തിലെത്തിച്ചേരും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. സ്വന്തമായി വാഹന സൗകര്യം ഒരുക്കാൻ കഴിയാത്തവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആല്‍വാര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാന്‍ 500 ബസ്സുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഏര്‍പ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുവാദം നല്‍കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു.