| Wednesday, 7th November 2012, 4:00 pm

മിനിമം ബസ് ചാര്‍ജ് ആറ് രൂപ; വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ 1 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിച്ചു. പുതിയ ബസ് നിരക്ക് പ്രകാരം കുറഞ്ഞ ബസ് ചാര്‍ജ് ആറ് രൂപയാകും.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് 1 രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ നിരക്കുകള്‍ ഇങ്ങനെയാണ്, സൂപ്പര്‍ ഫാസ്റ്റ് മിനിമം ചാര്‍ജ്- 12, ഫാസ്റ്റ് പാസഞ്ചര്‍-8, സൂപ്പര്‍ എക്‌സ്പ്രസ്സ്-17, സൂപ്പര്‍ ഡിലക്‌സ്-25, ലക്ഷ്വറി വോള്‍വോ-35. കിലോമീറ്ററിന് 55 പൈസയില്‍ നിന്ന് 58 പൈസയാക്കി ഉയര്‍ത്തി.

യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ബസ് നിരത്തിലിറക്കാതെ സമരം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരും സമരസമിതിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. []

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും നിരക്ക് വര്‍ധന ചര്‍ച്ച ചെയ്തിരുന്നെങ്കിലും അന്ന് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. നിലവില്‍ അഞ്ച് രൂപയാണ് മിനിമം ബസ് ചാര്‍ജ്.

ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. മിനിമം ചാര്‍ജ് ഏഴ് രൂപയും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നുമായിരുന്നു ബസ്സുടമകളുടെ ആവശ്യം.

ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് സെപ്റ്റംബര്‍ 19 ന് ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പ്രത്യേക ഉപസമിതിയേയും നിയോഗിച്ചിരുന്നു.

We use cookies to give you the best possible experience. Learn more