രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണക്കേടായി മാറി; ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി
Kerala News
രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണക്കേടായി മാറി; ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 1:18 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു.

”10 വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരും,” മന്ത്രി പറഞ്ഞു.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്.

മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.


Content Highlights: Bus fare Hike