| Wednesday, 23rd May 2018, 2:11 pm

തുരുത്തി സമരക്കാരെ ജാതീയമായി അധിക്ഷേപിച്ച് ബസ് ജീവനക്കാര്‍

ജിതിന്‍ ടി പി

ണ്ണൂരില്‍ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് ധര്‍ണ്ണ നടത്തിയ സമരക്കാര്‍ക്കുനേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ അസഭ്യവര്‍ഷം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന സമരത്തിന് എത്തിയവരെയാണ് കണ്ണൂരില്‍ സര്‍വീസ് നടത്തുന്ന മാധവി ബസ് ജീവനക്കാര്‍ തെറിവിളിച്ചത്.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന തുരുത്തി നിവാസികള്‍ ഇന്നലെയായിരുന്നു കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. കളക്ടറേറ്റ് മാര്‍ച്ചില്‍ എല്ലാ രാഷ്ട്രീയ സംഘടനകളുടേയും, ദളിത് സംഘടനകളുടേയും, പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകരുടേയും പിന്തുണ സമരസമിതി ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ നടന്ന ധര്‍ണ്ണയില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു ബസ് ജീവനക്കാരന്റെ സമരക്കാര്‍ക്കുനേരെയുള്ള ജാതീയപരമായ അധിക്ഷേപം. ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രകോപിതരായ ദളിതു സംഘടന പ്രവര്‍ത്തകര്‍ ബസിനെ പിന്തുടരുകയും ജീവനക്കാരന്റെ പെരുമാറ്റത്തെ ചോദ്യംചെയ്യുകയും ചെയ്തു.

മാധവി ബസ്

തുടര്‍ന്ന് നേരിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകന്‍ രൂപേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“വി.എം സുധീരന്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. സമരപ്രവര്‍ത്തകര്‍ ഈ സമയം റോഡിനരികിലായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മാധവി എന്ന ബസ് അതുവഴി കടന്നുവരുന്നത്. റോഡില്‍ നില്‍ക്കുകയായിരുന്ന സമരസമിതി പ്രവര്‍ത്തകരോട് മാറിനില്‍ക്കെടാ പൊലയന്റെ മക്കളെ എന്ന് ആക്രോശിക്കുകയായിരുന്നു. ഇത് കേട്ട് സമരക്കാര്‍ ആ ബസിനെ പിന്തുടരുകയും ചെയ്തു. ജീവനക്കാരന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാര്‍ പൊലീസുകാരോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷനിലേക്ക് സമരക്കാര്‍ മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു.”

ALSO READ:  കീഴാറ്റൂര്‍ സമരത്തെ ഏറ്റെടുത്ത കേരളം തുരുത്തിയിലെ ദളിത് സമരത്തെ കാണാതെ പോകുന്നത് എന്തുകൊണ്ട്

അതേസമയം സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ ശ്രീജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍

“എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു പരാതി നല്‍കിയാല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമേ കേസെടുക്കാന്‍ പാടൊള്ളൂ എന്നാണ് സുപ്രീംകോടതി ഉത്തരവ്. അതുകൊണ്ട് തന്നെ പരാതി ഞങ്ങള്‍ ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍തന്നെ കേസെടുക്കും.”- ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം മാധവി ബസിനെതിരെ നേരത്തെയും പരാതികളുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസം ആദ്യം തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാധവി ബസിലെ രണ്ട് ജീവനക്കാരെ തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തിരുന്നു.

ഓവര്‍ സ്പീഡ് അടക്കമുള്ള വിഷയങ്ങളില്‍ ബസിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് ടൗണ്‍ എസ്.ഐ ശ്രീജിത്തും സമ്മതിക്കുന്നു. അതേസമയം പൊതു ഇടങ്ങളില്‍ ജീവല്‍പ്രശ്‌നങ്ങളുന്നയിച്ച് ആളുകള്‍ സമരം ചെയ്യുമ്പോള്‍ കേരള സമൂഹത്തിനിഷ്ടപ്പെടുന്നില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇന്നലത്തെ നടന്ന സംഭം വിരല്‍ചൂണ്ടുന്നതെന്ന് രൂപേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ALSO READ:  മാനവികതയ്ക്ക് ചെറുകുളത്തൂര്‍ എന്ന ഗ്രാമം പ്രതിരോധം തീര്‍ക്കുമ്പോള്‍…

അമ്പതിലധികം ദളിത് കുടുംബങ്ങളാണ് തുരുത്തി കോളനിയില്‍ വസിക്കുന്നത്. ഒരു മുന്നറിയിപ്പ് നോട്ടീസ് പോലും നല്‍കാതെയാണ് തുരുത്തി കോളനിയില്‍ ദേശീയപാതാ വികസനം നടപ്പില്‍ വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത് എന്നാണ് ആക്ഷേപം. ദേശീയപാതാ അതോറിറ്റി വെബ്‌സൈറ്റില്‍ നിന്ന് മാത്രമാണ് നിവാസികള്‍ വികസനം സംബന്ധിച്ച ആദ്യവിവിവരം അറിയുന്നതത്രെ.

ഈ നടപടികള്‍ക്കെതിരെയാണ് പാപ്പിനിശ്ശേരി തുരുത്തി എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശനിവാസികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സമരസമിതി ഒരു വികസനത്തിനും എതിരല്ലെന്നും, ഒന്നോ രണ്ടോ അലൈന്മെന്റുകളിലായി ദേശീയപാതാ വികസനത്തിന് പുനര്‍നിര്‍ണ്ണയം നടത്തണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരക്കാര്‍ പറയുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു മാസക്കാലമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ദളിത് കോളനിയായ തുരുത്തിയിലെ ജനങ്ങള്‍ സമരം ആരംഭിച്ചിട്ട്. മറ്റു മാര്‍ഗങ്ങളുണ്ടായിട്ടും പ്രദേശത്തെ സവര്‍ണ്ണ-രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് അതോറിറ്റി പ്രവര്‍ത്തിക്കുന്നതാണ് ഈ ജനതയെ സമരത്തിലേക്കെത്തിച്ചത്. കേരളത്തിലെ കീഴാറ്റൂരടക്കമുള്ള ഭൂ സമരങ്ങള്‍ ഏറ്റെടുത്ത മുഖ്യധാര മാധ്യമങ്ങളും ഈ സമരത്തെ അവഗണിക്കുകയാണ്. ചില മാധ്യമങ്ങള്‍ മാത്രമാണ് സമരത്തെ അഡ്രസ് ചെയ്യാന്‍ തയ്യാറായിട്ടുള്ളത്.

ALSO READ: തൊഴിലാളികളെ മുതലാളിമാര്‍ക്ക് വില്‍ക്കുന്ന പുതിയ തൊഴില്‍നിയമം

29 ദളിത് കുടുംബങ്ങളും മൂന്നു ഒ.ബി.സി കുടുംബങ്ങളുമടങ്ങുന്നതാണ് തുരുത്തി കോളനി. ഇതിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാത വികസനത്തിനായി മൂന്ന് അലൈന്‍മെന്റുകള്‍ വന്നതില്‍ ഒന്നും രണ്ടും ആരെയും പ്രതികൂലമായി ബാധിക്കാത്തതും വളവുകളില്ലാത്തതുമായിരുന്നു. പക്ഷെ മുഴുവന്‍ കുടുംബങ്ങളെയും കുടിയിറക്കുന്ന രീതിയില്‍ മൂന്നാമത്തെ അലൈന്‍മെന്റുമായാണ് അധികാരികള്‍ മുന്നോട്ടു പോകുന്നത്. ദളിത് കുടുംബങ്ങള്‍ കുടിയറക്കപ്പെടുന്നതിനോടൊപ്പം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണ് തുരുത്തിയിലൂടെയുള്ള ഈ ദേശീയപാത വികസനം.

മെയ് 9ന് സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇരുപതോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മെയ് 22ന് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more