| Friday, 9th June 2023, 4:40 pm

ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണം; സെപ്തംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്ന ആള്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്.

ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ 3,57,730 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്താകെ 694 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേല്‍ ഭാഗത്താണ് പുതുതായി രണ്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗതമന്ത്രി പറഞ്ഞു.

80,743 കുറ്റകൃത്യങ്ങളാണ് കെല്‍ട്രോണ്‍ പരിശോധിച്ച് തന്നതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ 10,457 പേര്‍ക്ക് നോട്ടീസ് അയച്ചെന്നും മന്ത്രി പറഞ്ഞു. 19,790 കുറ്റകൃത്യങ്ങള്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ 6,153 പേര്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മുന്‍ സീറ്റില്‍ ഡ്രൈവരെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 7,896 പേരെ കണ്ടെത്തി. 56 വി.ഐ.പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

കേരളത്തില്‍ പ്രതിദിനം റോഡ് അപകടങ്ങളില്‍ 12 പേര്‍ മരിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനകം 28 പേരാണ് മരിച്ചത്. പ്രതിദിനം റോഡപകട മരണങ്ങള്‍ കുറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. റോഡ് അപകട മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി.

അഞ്ചാം തീയതി എട്ട് പേരും, ആറിന് അഞ്ച് പേരും, ഏഴിന് ഒമ്പത് പേരും, എട്ടിന് ആറ് പേരുമാണ് റോഡപകടങ്ങളില്‍ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കെല്‍ട്രോണിനോട് സ്റ്റാഫിന്റെ എണ്ണം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാഹനമിടിച്ച് നശിച്ച ക്യാമറകള്‍ പുനസ്ഥാപിക്കാന്‍ ഉന്നതാധികാര കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: bus driver needs seat belt, new rule from transport department
We use cookies to give you the best possible experience. Learn more