കോഴിക്കോട്: സ്വന്തം ജീവന്‍പോലും നോക്കാതെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചാണ് തൂണേരിയില്‍ ഇന്നലെ നടന്ന ബസ്സപകടത്തില്‍ ഡ്രൈവര്‍ രഞ്ജിത്ത് യാത്രയായത്. ഇന്നലെയാണ് തൂണേരിയില്‍ നാടിനെ കണ്ണീരിലാഴ്ത്തിയ വാഹനാപകടം നടന്നത്.
തൊട്ടില്‍പാലത്ത് നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ബസ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. ബസ് സാധാരണ വേഗതയില്‍ ആയിരുന്നു രഞ്ജിത്ത് ഓടിച്ചു കൊണ്ടിരുന്നത്. ഏകദേശം തൂണേരിയില്‍ എത്താറായപ്പോളാണ് ബസ്സിന് ബ്രേക്ക് സംവിധാനം തകരാറിലായി എന്ന് രഞ്ജിത്തിന് മനസ്സിലായത്. പിന്നീട് ബ്രേക്ക് പിടിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. ഉടന്‍തന്നെ ബസ്സിലുഉള്ളവരോട് ബസിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാവരും ബസ്സില്‍ മുറുകെ പിടിച്ചിരിക്കണമെന്നും രഞ്ജിത് വിളിച്ചുപറഞ്ഞു.
എന്നാല്‍ പലതവണ ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. പിന്നീട് സമീപത്തെ ഒരു കടയ്ക്ക് നേര്‍ക്ക് ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുന്നോട്ട് നീങ്ങിയ വാഹനം മുന്നില്‍ രണ്ട് ഓട്ടോറിക്ഷകള്‍ കണ്ടതോടെ വെട്ടിച്ചു മാറ്റി മറ്റൊരു കടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുകള്‍ഭാഗം ബസിന്റെ ഡ്രൈവറുടെ നേര്‍ക്കുള്ള ഭാഗത്തേക്ക് പതിച്ചപ്പോള്‍ രഞ്ജിത്തിന് സാരമായ പരിക്കു പറ്റി. തുടര്‍ന്ന് രഞ്ജിത്തിനെയും നിസ്സാര പരിക്കു പറ്റിയ മറ്റു നാലുപേരെയും സമീപത്തുള്ള ചൊക്ലി ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ വഴിയില്‍ വച്ച് രഞ്ജിത്തിന് മരണത്തിനു കീഴടങ്ങുകയായിരുന്നു.
സ്വന്തം ജീവന്‍ കളഞ്ഞും യാത്രക്കാരെ രക്ഷിച്ച രഞ്ജിത്തിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ജനങ്ങള്‍. ദാമോദരന്‍ രാധാ ദമ്പതികളുടെ മൂത്ത മകനാണ് 26കാരനായ രഞ്ജിത്ത്.