| Saturday, 25th December 2021, 11:40 am

ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം; വിജ്ഞാപനമിറക്കി തമിഴ്‌നാട് ഗതാഗത വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബസ് യാത്രക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അധികാരം നല്‍കി തമിഴ്‌നാട് ഗതാഗത വകുപ്പ്.

ബസില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് യാത്ര ചെയ്യുന്ന സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന യാത്രക്കാരെ ഇറക്കി വിടാനുള്ള അധികാരം നല്‍കിയത്.

1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 28, 38 എന്നിവയുമായി ബന്ധപ്പെട്ട് 1989ലെ തമിഴ്നാട് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഡ്രാഫ്റ്റ് ഗസറ്റ് വിജ്ഞാപനം വ്യാഴാഴ്ച ഗതാഗത വകുപ്പ് പുറത്തിറക്കി. കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ വ്യവസ്ഥയുണ്ടായിരുന്നില്ലെന്നും മോട്ടോര്‍ വാഹന വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് യാത്രക്കാരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഡ്രൈവറുടെയും കണ്ടക്ടറുടെയും അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന ഗതാഗത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ ഭേദഗതി മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്നവരെ ഒഴിപ്പിക്കാന്‍ ഡ്രൈവറേയും കണ്ടക്ടറേയും അനുവദിക്കും. ബസിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഉത്തരവാദിത്തമാണ്, അദ്ദേഹം പറഞ്ഞു.

എന്നാല്‍, സ്ത്രീ യാത്രക്കാരെ ചോദ്യം ചെയ്യാനോ സ്പര്‍ശിക്കാനോ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ കയറാനോ ഇറങ്ങാനോ സഹായിക്കുന്നതിന്റെ പേരില്‍ ബസ് ജീവനക്കാര്‍ ശാരീരത്തില്‍ തൊടാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഡ്രൈവറോ കണ്ടക്ടറോ സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തില്‍ പെരുമാറരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bus conductors now free to kick out unruly passengers

We use cookies to give you the best possible experience. Learn more