| Sunday, 30th September 2012, 8:26 am

ബസ് യാത്രാ നിരക്ക് മിനിമം ആറ് രൂപയാക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് ആറ് രൂപയാക്കാന്‍ ശുപാര്‍ശ. നിരക്ക് നിര്‍ണയ സമിതിയാണ് പുതിയ ശുപാര്‍ശ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയത്. പുതിയ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്കും വര്‍ധിക്കുമെന്നാണ് സൂചന. നിര്‍ദിഷ്ട നിരക്കിന്റെ 25 ശതമാനം വര്‍ധനയാണ് വിദ്യാര്‍ഥി കണ്‍സഷനില്‍ നിര്‍ദേശിച്ചിട്ടുള്ളത്.[]

ഫാസ്റ്റ്പാസഞ്ചര്‍, എക്‌സ്പ്രസ് ബസ്സുകളുടെ കിലോമീറ്റര്‍ നിരക്കിലും  വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകളില്‍ കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 58 പൈസയായും ഫാസ്റ്റ് പാസഞ്ചറില്‍ കിലോമീറ്റര്‍ നിരക്ക് 57 ല്‍ നിന്ന് 60 പൈസയായും സൂപ്പര്‍ ഫാസ്റ്റുകളില്‍ 60ല്‍ നിന്ന് 65 ആയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. എക്‌സ്പ്രസ് ബസ്സുകളില്‍ കിലോമീറ്റര്‍ നിരക്ക് 65ല്‍ നിന്ന് 70 പൈസയായി വര്‍ധിപ്പിക്കാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

ഇക്കാര്യത്തില്‍ ജസ്റ്റിസ് എന്‍.രാമചന്ദ്രന്‍ അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം ബസ്സുടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വാദം കേട്ടിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വിജയാനന്ദ്, നാറ്റ്പാക് പ്രതിനിധി ഇളങ്കോവന്‍, കേരള സര്‍വകലാശാല ഇക്കണോമിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. ബി.എ. പ്രകാശ് എന്നിവരടങ്ങുന്ന സമിതി ശനിയാഴ്ച വീണ്ടും യോഗം ചേര്‍ന്നാണ് വര്‍ധനയ്ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ നിരക്കു വര്‍ധനവിനുശേഷം ബസ്‌സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവില്‍ 10 ശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി സമിതി വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് നിരക്കുയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.

ഓട്ടോറിക്ഷ, ടാക്‌സി എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അത് പരിഗണിച്ചില്ല. അടുത്തയാഴ്ച ഇതിനായി വീണ്ടും യോഗം ചേരാനാണ് തീരുമാനം. ഓട്ടോ നിരക്ക് 12 രൂപയില്‍ നിന്ന് 15 രൂപയാക്കണമെന്നും ടാക്‌സിനിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

We use cookies to give you the best possible experience. Learn more