|

ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; മിനിമം ചാര്‍ജ് എട്ടു രൂപയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം യാത്രനിരക്കില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടായി ഉയരും.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം.

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണനയിലുള്ളതിനാല്‍ അന്തിമതീരുമാനം സര്‍ക്കാര്‍ കൈകൊള്ളും.

മിനിമം നിരക്ക് പത്തുരൂപയായയും, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു ബസ്സുടമകള്‍ ആവശ്യപ്പെട്ടത്.

ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബറില്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. 2014 ല്‍ ആണ് അവസാനമായി യാത്രാനിരക്ക് വര്‍ധിപ്പിച്ചത്.

എന്നാല്‍ ജീവനക്കാരുടെ ശമ്പളവര്‍ധനയും, ഇന്‍ഷുറന്‍സ് ബാധ്യതയും കൂടിയതിനാല്‍ നിരക്ക് ഉയര്‍ത്തണമെന്ന് ബസ്സുടമകള്‍ കമ്മീഷനെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Latest Stories

Video Stories