| Friday, 15th May 2020, 5:48 pm

ലോക്ഡൗണിന് ശേഷം ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്; നിരക്ക് കൂട്ടിയാലും 42 കോടി കണ്ടെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. കൊവിഡ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ട സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താന്‍ നിരക്ക് കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്.

നിലവിലുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണം, അല്ലെങ്കില്‍ ഇരട്ടിയാക്കണം എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. സാമൂഹിക അകലം പാലിച്ച് സ്വകാര്യ ബസുകള്‍ക്കൂടി നിരത്തിലിറങ്ങണമെങ്കില്‍ നിരക്ക് ഇരട്ടിയാക്കണമെന്നാണ് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തിയത്.

ഓര്‍ഡിനറയില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം. ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നാണ് ശുപാര്‍ശ.

പിന്നീട് പത്ത് രൂപ 20 ആയും 12 രൂപ 24 ആയും 13 രൂപ 26 ആയും ഉയര്‍ത്താം.

ബസുകളില്‍ 50 ശതമാനം ആളുകളേ പാടുള്ളു എന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണം.

ലോക്ഡൗണിന് ശേഷം സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചാല്‍ ജില്ലക്കുള്ളില്‍ ഓര്‍ഡിനറി മാത്രം മതിയെന്നാണ് തീരുമാനം.

ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാല്‍ പോലും മാസം 42 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കെ.സ്.ആര്‍.ടി.സി വ്യക്തമാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more