ബസ്ചാര്‍ജ് വര്‍ദ്ധിച്ചു, മിനിമം 7 രൂപ
Daily News
ബസ്ചാര്‍ജ് വര്‍ദ്ധിച്ചു, മിനിമം 7 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th May 2014, 12:39 pm

[] തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ചേര്‍ന്ന മന്ത്രിസഭ സംസ്ഥാനത്തെ ബസ്ചാര്‍ജ് വര്‍ദ്ധിച്ചു. ഓര്‍ഡിനറി ബസ് ചാര്‍ജ് 6 രൂപയില്‍ നിന്നും 7 രൂപയും ഫാസ്റ്റ് പാസഞ്ചറിന് മിനിമം രണ്ട് രൂപയുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലാണ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ചാര്‍ജ് വര്‍ധന. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാനുള്ള ശുപാര്‍ശ നേരത്തെ തന്നെ വന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നീട്ടിവെക്കുകയായിരുന്നു.

പുതിയ ചാര്‍ജ് പ്രകാരം സൂപ്പര്‍ എക്‌സ്പ്രസ്സുകളുടേത് 17ല്‍ നിന്ന് 20 രൂപയും സൂപ്പര്‍ ഡിലക്‌സുകളുടേത് 25ല്‍ നിന്ന് 30 രൂപയായും ഹൈടെക് എ.സി., വോള്‍വോ ബസ്സുകളുടേത് 35ല്‍ നിന്ന് 40 രൂപയായായും ഉയരും.

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഡീസല്‍ നിരവധി തവണ കൂടിയിനാല്‍ നിരക്കുവര്‍ധന വേണമെന്ന് കെ.എസ്.ആര്‍.ടി.സിയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ജസ്റ്റിസ് രാമചന്ദ്രന്‍ ബസ് ലോബിയുടെ ഒത്താശക്കാരനാണെന്ന് പലകോണുകളില്‍ നിന്നും ആക്ഷേപമുണ്ട്. ബസ് ഉടമകള്‍ക്ക് വേണ്ടി കോടതികളില്‍ വാദിച്ചിരുന്ന വക്കീലായിരുന്നു രാമചന്ദ്രന്‍.

എന്നാല്‍ ചാര്‍ജ് വര്‍ദ്ധനവ് പോര എന്ന വാദവുമായി ഇതിനകം ബസ്സുടമകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചാര്‍ജ് ഇനിയും വര്‍ദ്ധിപ്പിക്കണമെന്നാണ് ബസിസുടമകളുടെ ആവശ്യം.