| Wednesday, 19th June 2024, 10:39 am

മണിപ്പൂരിൽ സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ച ബസ് കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് കത്തിച്ച് ജനക്കൂട്ടം. തിങ്കളാഴ്ച രാത്രി മണിപ്പൂരിലെ മലയോര ജില്ലയായ കാങ്‌പോക്പിയിലാണ് സംഭവം.

ബസ് തടഞ്ഞ് സൈനികരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് തീവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. രണ്ടായിരത്തോളം ആളുകള്‍ ചേര്‍ന്ന് റോഡ് തടഞ്ഞതിനാല്‍ പൊലീസിന് സംഭവ സ്ഥലത്തെത്തി അക്രമം തടയാന്‍ സാധിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സി.ആര്‍.പി.എഫ് സംഘം സഞ്ചരിച്ച ബസ് മെയ്തയ് വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ ബസ് കത്തിച്ചത്. മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ വ്യാപിച്ചതോടെ സംസ്ഥാനത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസാണ് കത്തിച്ചത്. കഴിഞ്ഞയാഴ്ച മെയ്തയ് വിഭാഗത്തിലെ ആളുകള്‍ രണ്ട് ട്രക്കുകള്‍ക്ക് തീവെച്ചതിന്റെ പ്രതികാര നടപടിയായാണ് ആക്രമണമെന്നും ആരോപണം ഉയരുന്നുണ്ട്.

അതിനിടെ, മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുക്കി-മെയ്‌തേയ് വിഭാഗങ്ങളുമായി സംയുക്ത ചര്‍ച്ച നടത്തുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ആദ്യമായാണ് മണിപ്പൂര്‍ വിഷയത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നേരിട്ട് ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. മണിപ്പൂര്‍ കലാപത്തില്‍ മൗനം പാലിച്ച ബി.ജെ.പി സര്‍ക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി സംസ്ഥാനത്ത് നേരിടേണ്ടി വന്നിരുന്നു. മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിടിച്ചെടുത്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ പ്രതികരണം.

ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയുമായി അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു. ഇരുവരും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

Content  Highlight: bus carrying CRPF jawans was set on fire in Manipur

We use cookies to give you the best possible experience. Learn more