കോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനും സി.ഐ.ടി.യു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ തൊഴിലാളികള്‍ക്ക് വിജയം. കോട്ടയം ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയിലാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കച്ചത്.
ചര്‍ച്ചയില്‍ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷനാക്കുമെന്നും, എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കുമെന്നുമുള്ള ധാരണയിലെത്തി. വരുമാനം കുറഞ്ഞ ബസുകളിലും വരുമാനം കൂടിയ ബസുകളിലും തൊഴിലാളികള്‍ മാറി മാറി ജോലി ചെയ്യുമെന്നതും ഉറപ്പാക്കിയിട്ടുണ്ട്.
ഇന്നലെയും ഇന്നുമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. രാവിലെ തന്നെ മര്‍ദിച്ച സി.പി.ഐ.എം നേതാവ് കെ.ആര്‍.അജയ്യന്‍ ചര്‍ച്ചയിലുണ്ടായതിനാല്‍ രാജ് മോഹന്‍ ഇറങ്ങിപ്പോയിരുന്നു. പിന്നീട് ആരോപണ വിധേയനായ അജയ്യനെ ഒഴിവാക്കി ചര്‍ച്ച നടത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തയ്യാറായതിനെ തുടര്‍ന്ന് രാജ് മോഹന്‍ വൈകിട്ട് നടന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
സ്വകാര്യബസ് ഉടമകളുടെ സംഘടനയുടെയും സി.ഐ.ടിയുവിന്റെയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്‌മോഹന്‍ സി.ഐ.ടി.യു അംഗങ്ങളായ തൊഴിലാളികള്‍ക്ക് 895 രൂപയും ബി.എം.എസ് യൂണിയന്‍കാരായ തൊഴിലാളികള്‍ക്ക് 1075 രൂപയും വേതനം നല്‍കുന്നുവെന്നതായിരുന്നു സി.ഐ.ടി.യുവിന്റെ പരാതി. രാജ് മോഹന്‍ രണ്ട് തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബസില്‍ കൊടികുത്തി സി.ഐ.ടി.യു സമരം തുടങ്ങിയത്.