| Thursday, 6th October 2022, 8:23 am

വടക്കാഞ്ചേരി ബസ് അപകടം; മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍, അപകട കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വടക്കാഞ്ചേരിയിലെ ദാരുണ അപകടത്തിന് കാരണം സ്‌കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമെന്ന് ദൃക്‌സാക്ഷികള്‍. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.

അതേസമയം, അപകടത്തില്‍ ഒമ്പത് മരണമാണ് സംഭവിച്ചത്. മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളാണ്. മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരും, ഒരു അധ്യാപകനുമാണ് മരണപ്പെട്ട മറ്റുള്ളവര്‍. എഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ വെച്ച് രാത്രി 11.30നാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നവരെ പുറത്തെടുക്കാന്‍ ഉള്ള ശ്രമം ദുഷ്‌കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

ചിലര്‍ക്ക് അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാര്‍ പലരും റോഡില്‍ തെറിച്ചുവീണ നിലയിലായിരുന്നു. എല്‍ന ജോസ്, ക്രിസ്‌വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവല്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വിഷ്ണുവാണ് മരിച്ച അധ്യപകന്‍. ദീപു, അനൂപ്, രോഹിത് എന്നിവരാണ് മരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍.

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ യാത്രയുടെ വിവരം ബന്ധപ്പെട്ട അധികാരികളെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്നാണ് വിവരം.

യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. 92 കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

50 ഓളം പേരാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. പരിക്കേറ്റ നാല്‍പതോളം പേര്‍ നെന്മാറ അവിറ്റിസ്, പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍ ക്രസന്റ് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

Content Highlight: Bus Accident on Vadakkancherry National highway; 9 died

Latest Stories

We use cookies to give you the best possible experience. Learn more