| Tuesday, 22nd August 2017, 10:17 am

ബുര്‍ഖ ധരിച്ച് കാമുകനൊപ്പം ഒളിച്ചോടി അമുസ്‌ലിം യുവതി: ദല്‍ഹി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുര്‍ഖ ധരിച്ച് കാമുകനൊപ്പം ഒളിച്ചോടാനുള്ള യുവതിയുടെ ശ്രമം ദല്‍ഹി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലുണ്ടാക്കിയത് സുരക്ഷാ പ്രശ്‌നങ്ങള്‍. ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയുടെ ബോര്‍ഡിങ് കാര്‍ഡ് പരിശോധിച്ച സുരക്ഷാ ജീവനക്കാരന്‍ അമുസ്‌ലിം പേര് ശ്രദ്ധിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ആഗസ്റ്റ് 15നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പേരും രൂപവും മാച്ചുചെയ്യുന്നില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാരന്‍ എയര്‍പോര്‍ട്ട് അധികൃതരെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇതോടെ സ്വാതന്ത്ര്യദിനത്തില്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ദല്‍ഹി പൊലീസ് എയര്‍പോര്‍ട്ടിലെത്തി യുവതിയെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഇതോടെയാണ് ഒളിച്ചോട്ടകഥ പുറത്തറിയുന്നത്. വിവാഹബന്ധം യുവതിയുടെ മാതാവ് എതിര്‍ത്തതോടെയാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്.


Also Read: സി.പി.ഐ.എം നേതാവിന്റെ മകനെ വീട്ടില്‍ കയറി ആക്രമിച്ചു: പിന്നില്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ട സംഘമെന്ന് പരാതി


ബാങ്കോക്കിലേക്ക് തിരിക്കുകയായിരുന്നു ഇവര്‍. യുവതിയെ പിന്തുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിയ അമ്മയെ കബളിപ്പിക്കാനായിരുന്നു ഇവര്‍ ബുര്‍ഖയുടെ സഹായം തേടിയത്.

യുവതി എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുമ്പ് മാതാവ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞായിരുന്നു പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് പൊലീസ് എയര്‍പോര്‍ട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ സമയത്താണ് ബുര്‍ഖ ധരിച്ച യുവതിയെ പിടികൂടുന്നത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയ്ക്ക് 19 വയസായെന്ന കാര്യം ബോധ്യമായി. ഇതേത്തുടര്‍ന്ന് യുവതിയെ കാമുകനൊപ്പം ബാങ്കോക്കിലേക്ക് പോകാന്‍ പൊലീസ് അനുവദിച്ചു.

We use cookies to give you the best possible experience. Learn more