ബേണ്‍: സ്വിറ്റ്‌സര്‍ലാന്റില്‍ പൊതു ഇടങ്ങളില്‍ ബുര്‍ഖാ ഉപയോഗിക്കുന്നത് നിരോധിച്ചു. നിരോധനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ബുര്‍ഖാ നിരോധനം പ്രാബല്യത്തില്‍ വന്നതോടെ പൊതു ഇടങ്ങളില്‍ മുഖം ബുര്‍ഖ കൊണ്ട് മറയ്ക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തുമെന്നാണ് ഉത്തരവ്.
മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖയും നിഖാബും ഉള്‍പ്പെടെ പൊതുസ്ഥലത്ത് ഒരു തരത്തിലുള്ള മുഖാവരണവും ധരിക്കാന്‍ പാടില്ലെന്നാണ് നിയമത്തില്‍ പറയുന്നത്.
2021 മുതല്‍ തന്നെ ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖാവരണം നിരോധിക്കണമെന്ന ആവശ്യം നിലനിന്നിരുന്നു. പിന്നാലെയാണ് നിരോധനം നടപ്പിലാക്കാനായി അഭിപ്രായ വോട്ടെടുപ്പുകള്‍ നടന്നത്. നിരോധനം നടപ്പിലാക്കാനുള്ള റഫറണ്ടത്തില്‍ 51.2 ശതമാനം സ്വിറ്റ്‌സര്‍ലാന്റ് ജനത അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. പിന്നീടാണ് നിയമം പ്രബല്യത്തില്‍ വരുന്നത്.
വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് രാജ്യത്ത് മുഖാവരണം നിരോധിക്കുന്നതിനുള്ള നിര്‍ദേശം കൊണ്ടുവരുന്നത്. തീവ്രവാദം നിര്‍ത്തണമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു നിര്‍ദേശം. എന്നാല്‍ സ്വിസ് സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു.
സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന സര്‍ക്കാര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ 30 ശതമാനം സ്ത്രീകള്‍ മാത്രമേ ബുര്‍ഖ ധരിക്കുന്നുള്ളൂ. 8.6 ദശലക്ഷം ജനസംഖ്യയുള്ള സ്വിറ്റ്‌സര്‍ലാന്റിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം മുസ്‌ലിങ്ങളും ഭൂരിഭാഗവും തുര്‍ക്കി, ബോസ്‌നിയ, കൊസാവോ എന്നിവിടങ്ങളിലുള്ളവരുമാണ്.
അതേസമയം ബുര്‍ഖ നിരോധനത്തെ മുസ്‌ലിം വിഭാഗവും ആംനസ്റ്റി ഇന്റര്‍നാഷണലും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ലംഘിക്കുന്ന നയമാണ് ബുര്‍ഖ നിരോധനമെന്നുമാണ് സംഘടനകള്‍ പറയുന്നത്.
Content Highlight: Burqa ban in effect in Switzerland; Penalty for breaking the law